Connect with us

Video Stories

ജീവന്‍ നഷ്ടമായ ലൈഫ് ഭവന പദ്ധതി

Published

on

പി.കെ ഷറഫുദ്ദീന്‍

ഭവനരഹിതരില്ലാത്ത കേരളം എന്ന പ്രഖ്യാപനത്തോടെ ഇടതുസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഭവന സ്വപ്‌നം നെയ്ത ലക്ഷങ്ങളാണ് നിരാശയിലേക്ക് നീങ്ങുന്നത്. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം, ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട്, ഭൂരഹിതര്‍ക്ക് ഭവനസമുച്ചയം എന്നീ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് ലൈഫ് മിഷന്‍ പ്രവേശിച്ചിരിക്കയാണ്. 2017ല്‍ ആരംഭിച്ച ലൈഫ് മിഷന്‍ വന്‍ വിജയമെന്നും ചരിത്രപരമെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രേഖകളും കണക്കുകളും ഈ അവകാശവാദത്തെ പൊളിക്കുന്നു. ഒരു പാര്‍പ്പിട നിര്‍മ്മാണ പദ്ധതിക്കപ്പുറം സമഗ്ര വികസന പദ്ധതി (LIVELIHOOD INCLUSION AND FINANCIAL EMPOWERMENT) എന്ന പേരില്‍ അവതരിപ്പിച്ച ലൈഫിന് പ്രാഥമിക ലക്ഷ്യം കൈവരിക്കാന്‍ പോലും സാധിച്ചിട്ടില്ല.

സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഭവനനിര്‍മ്മാണത്തിന് ശേഷിയില്ലാത്ത അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കാപ്പെട്ടിരുന്നത്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് ഉറപ്പാക്കുക എന്നതായിരുന്നു ലൈഫ് മിഷന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. എന്നാല്‍ അര്‍ഹതയുള്ള പരമാവധി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിന്പകരം വിചിത്രമായ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചരുക്കുന്നതിനാണ് മിഷന്‍ ശ്രമിച്ചത്. ഇതിനായി സങ്കീര്‍ണ്ണമായ മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു സ്വന്തമായ റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ലൈഫ് പദ്ധതിക്ക് അര്‍ഹതയുള്ളു എന്ന നിബന്ധന.

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗത്തിന് വീട് ഉണ്ടെങ്കില്‍ ആ കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റൊരു കുടുംബത്തിനും ആനുകൂല്യം ലഭിക്കില്ല. വാടക വീടുകളിലും ഷെഡ്ഡുകളിലൂം താമസിക്കുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായിരുന്നു. ഇത് പരിഗണിക്കാതെയാണ് ലൈഫ് മിഷന്‍ മാര്‍ഗരേഖ തയ്യാറാക്കിയത്. തന്മൂലം സര്‍വെഘട്ടത്തില്‍ തന്നെ നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഇക്കാരണത്താല്‍ ലിസ്റ്റിന് പുറത്തായി. പിന്നീട് നിര്‍വഹണഘട്ടത്തില്‍ മാത്രം സ്വന്തമായ റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ 31,393 കുടുംബങ്ങള്‍ പുറത്താക്കപ്പെടുകയുണ്ടായി. ഇവരത്രയും പിന്നീട് സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭ്യമാക്കിയെങ്കിലും ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. തുടര്‍ന്ന് 99,963 കുടുംബങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2018 ഏപ്രിലില്‍ പുറത്തിറക്കിയ ഗുണഭോക്താക്കള്‍ക്കുള്ള കൈപുസ്തകത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത് 2,50,000 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കും എന്നാണ്. ഇതാണ് 99,963ലേക്ക് ചുരുങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ അര്‍ഹത നേടിയത്. 14107 പേര്‍. കൊല്ലം 9485, പത്തനംതിട്ട 2018, കോട്ടയം 4440, ആലപ്പുഴ 10627, ഇടുക്കി 12177, എറണാകുളം 5754, തൃശൂര്‍ 5445, പാലക്കാട് 13180, മലപ്പുറം 6249, കോഴിക്കോട് 5046, വയനാട് 4544, കണ്ണൂര്‍ 2436, കാസര്‍കോട് 4455 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 30,359 കുടുംബങ്ങളുടെ വീടിന്റെ പ്രവൃത്തിയാണ് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചത്. ലൈഫ് പ്രകാരം അഞ്ച് വര്‍ഷംകൊണ്ട് 99,963 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് മാത്രമാണ് വീട് ലഭിക്കുക. ഈ കണക്കുകള്‍ നിരത്തിയാണ് സര്‍ക്കാര്‍ പദ്ധതിയെ പെരുപ്പിച്ച് കാണിക്കുന്നത്.

എന്നാല്‍ ലൈഫ് പദ്ധതിക്ക് തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ഭവനനിര്‍മ്മാണത്തിന് സഹായം ലഭിച്ച കുടുംബങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ് ലൈഫ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് വ്യക്തമാവുക. ലൈഫ് പദ്ധതി ആരംഭിക്കുന്നത് 2017ലാണ്. അതിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം (2015-16) കൊണ്ട് മാത്രം കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതി പ്രകാരം 92424 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിട്ടുണ്ട്. 2011-12 മുതല്‍ 2015-16 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ 4,14,552 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിട്ടുണ്ട്. ഇതില്‍ 71,710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12,938 കുടുംബങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും 12,815 കുടുംബങ്ങള്‍ക്ക് കോര്‍പറേഷനുകളും സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കി വീട് നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്.

ഇന്ദിരാആവാസ് യോജന പദ്ധതി പ്രകാരം 2,74,616 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. പട്ടിക ജാതി വികസന വകുപ്പ് മുഖേന 24,887 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ വകുപ്പ് മുഖേന 17,588 കുടുംബങ്ങള്‍ക്കും ഭവനപദ്ധതി ആനുകൂല്യം ലഭിച്ചു. ലൈഫ് പദ്ധതി പ്രാവര്‍ത്തികമായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഭവനപദ്ധതി നടപ്പാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വകുപ്പുകളുടെ പദ്ധതികളും മരവിച്ച സ്ഥിതിയിലാണ്. വകുപ്പുകള്‍ പദ്ധതി നടപ്പാക്കുകയാണെങ്കിലും ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമാണ് ആനുകൂല്യം നല്‍കേണ്ടത് എന്നും നിര്‍ദ്ദേശമുണ്ട്. തന്മൂലം നാല് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കുകയും പകരം കൊണ്ട്‌വന്ന ലൈഫ് അതിന്റെ നാലിലൊന്ന് പേര്‍ക്ക് മാത്രം സഹായം ലഭിക്കുന്നതിലേക്ക് പരിമിതപ്പെടുകയും ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കെല്ലാം അതത് വകുപ്പുകള്‍ മുഖേന ഓരോ വര്‍ഷവും ഭവനസഹായം ലഭിച്ചിരുന്നതാണ്. ലൈഫിന്റെ പേരില്‍ ഇവ നിലയ്ക്കുകയും ലൈഫ് ഗുണഭോക്തൃ പട്ടിക ഇവര്‍ക്ക് നിര്‍ബന്ധമാക്കുകയും ചെയ്തതോടെ ദുര്‍ബല വിഭാഗത്തിലെ അര്‍ഹരായ ആയിരങ്ങള്‍ക്കാണ് സഹായം തടയപ്പെടുന്നത്. വകുപ്പിന്റെ പക്കല്‍ ഇതിനാവശ്യമായ ഫണ്ട് നീക്കിയിരിപ്പുണ്ട്. അര്‍ഹരായവര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കാതെ സഹായം അനുവദിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഒന്നാം ഘട്ടമായി ഏറ്റെടുത്ത പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം എന്നത് തദ്ദേശസ്ഥാപനങ്ങള്‍ വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് നടപ്പാക്കിവരുന്ന പദ്ധതിക്ക് സമാനമാണ്. ഇത് പ്രകരാം 54,351 വീടുകളുടെ പ്രവൃത്തി നടത്തിയിട്ടുണ്ട്. ഒരു ലക്ഷവും താഴെയും തുക ചെലവഴിക്കുന്ന ഈ വീടുകളെയും ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നത്.

ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം ഒരുക്കുക എന്നതാണ് ലൈഫ് മിഷന്റെ അന്തിമഘട്ട പ്രവര്‍ത്തനം. ലൈഫ് സര്‍വെയില്‍ 3,37,416 കുടുംബങ്ങളെയാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയത്. ഇവരുടെ രേഖകള്‍ പരിശോധിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമി ഇല്ല എന്നും കുടുംബസ്വത്ത് ഓഹരി ചെയ്താല്‍ ഭൂമി ലഭിക്കില്ല എന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഗുണഭോക്താക്കള്‍. രേഖകള്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശിച്ചതോടെ തങ്ങളുടെ ഭവന സ്വപ്‌നം പൂവണിഞ്ഞു എന്ന പ്രതീക്ഷയിലാണിവര്‍.

എന്നാല്‍ 3.37 ലക്ഷം ഗുണഭോക്താക്കളില്‍ വെറും 217 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവില്‍ നിര്‍മ്മിച്ച ഈ #ാറ്റില്‍ 150 കുടുംബങ്ങള്‍ താമസമാരംഭിക്കുകയുണ്ടായി. ഇതിന്പുറമെ മറ്റൊരു ഭവനസമുച്ചയത്തിന്റെയും നിര്‍മ്മാണം സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ ആരംഭിച്ചത് മുതല്‍ ഭവനസമുച്ചയ നിര്‍മ്മാണത്തിന് ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ 156.51 ഏക്കര്‍ ഭൂമി മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ പരമാവധി 7500 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭവനസമുച്ചയം മാത്രമാണ് നിര്‍മ്മിക്കാന്‍ സാധിക്കുക എന്ന് ലൈഫ് മിഷന്‍ തന്നെ വിവരവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വിവരം മറച്ചുവെച്ചാണ് 3.37 ലക്ഷം ഗുണഭോക്താക്കളോട് രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ളത്. ലിസ്റ്റ് അന്തിമമാക്കി ഭൂമി കണ്ടെത്തി നല്‍കുന്നതിനുള്ള ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി ലക്ഷ്യത്തില്‍ നിന്നും പിന്മാറുന്നതിനാവും ലൈഫ് മിഷന്‍ ശ്രമിക്കുക.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളില്‍ ഉള്‍പ്പെട്ടതാണ് ഭവനനിര്‍മ്മാണം. ഇതിനായി അപേക്ഷ സ്വീകരിച്ച് ഗ്രാമസഭ ചേര്‍ന്നാണ് മുന്‍ഗണന ക്രമം നിശ്ചയിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഭവനപദ്ധതികള്‍ക്കും വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഗുണഭോക്താക്കളെ പരിഗണിച്ചിരുന്നത് ഗ്രാമസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ ഗ്രാമസഭയെയും പ്രാദേശിക ഭരണകൂടങ്ങളെയും അപ്രസക്തമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഭവനപദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഗ്രാമസഭകളില്‍നിന്നും പ്രാദേശിക സര്‍ക്കാറുകളില്‍നിന്നും എടുത്തുമാറ്റി അവ സംസ്ഥാന തലത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് മിഷന്‍ ചെയ്തത്. 2017 അവസാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ലൈഫ് മിഷന്‍ നേരിട്ട് പ്രത്യേക സര്‍വെ നടത്തിയത്.

വിചിത്രമായ മാനദണ്ഡങ്ങള്‍മൂലം അര്‍ഹരായവരില്‍ ഭൂരിഭാഗവും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതിനാല്‍ മിഷന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയെങ്കിലും തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച അപ്പീലുകളിലും കാര്യമായ തീരുമാനമുണ്ടായില്ല. ലൈഫ് മിഷന്‍ അംഗീകരിച്ച ഈ ലിസ്റ്റിലും നിര്‍വഹണ ഘട്ടത്തില്‍ വ്യാപകമായ വെട്ടിച്ചുരുക്കല്‍ നടക്കുകയുണ്ടായി. മിഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടികള്‍.

പ്രത്യേക മിഷന്‍ രൂപീകരിക്കാതെയാണ് മുന്‍ സര്‍ക്കാറുകളുടെ കാലഘട്ടങ്ങളില്‍ ഭവനപദ്ധതി നടപ്പാക്കിയിരുന്നത്. അതിനാല്‍ തന്നെ ഗുണഭോക്താവിന് അനുവദിക്കുന്ന തുക മാത്രമെ ഈ ഇനത്തില്‍ ചെലവ് വന്നിരുന്നുള്ളു. എന്നാല്‍ ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് 5,52,22,772 രൂപയാണ്. വീട് നിര്‍മ്മാണത്തിനും ഭൂമി കണ്ടെത്തുന്നതിനുമല്ലാതെയുള്ള ചെലവാണിത്. 138 വീടുകളുടെ നിര്‍മ്മാണത്തിന് സമാനമായ തുകയാണ് മിഷന്‍ പ്രവര്‍ത്തനത്തിന് മാത്രമായി ചെലവഴിച്ചിട്ടുള്ളത്.

പരസ്യം ഇനത്തില്‍ 33,63,074 രൂപ, ജീവനക്കാരുടെ ശമ്പളത്തിന് 3,54,91,639 രൂപ, പരിശീലനത്തിന് 3,00,128 രൂപ, ഓഫീസ് ചെലവുകള്‍ക്കായി 1,45,27,876 രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഇത്രയും തുക മുടക്കി മിഷന്‍ പ്രവര്‍ത്തിക്കാതെ തന്നെ മുന്‍കാലത്ത് ഇതിന്റ നാലിരട്ടിയിലേറെ പേര്‍ക്ക് വീട് ലഭിച്ചിരുന്നു എന്ന് വ്യക്തമാകുന്നിടത്താണ് മിഷന്‍ പ്രവര്‍ത്തനത്തിലെ ധൂര്‍ത്ത് പ്രകടമാവുക. പ്രാദേശിക വിഭവ സമാഹരണവും ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലുള്ള വിഭവ സമാഹരണവുമെല്ലാം ലക്ഷ്യമിട്ടെങ്കിലും ഈ രീതിയില്‍ ഒരു രൂപപോലും സമാഹരിക്കാന്‍ ലൈഫ് മിഷന് സാധിച്ചിട്ടില്ല.

പരസ്യം നല്‍കലും പരീശീലനവും അവലോകനവും മാത്രമായി മിഷന്റെ പ്രവര്‍ത്തനം ചുരുങ്ങി. ലൈഫ് പദ്ധതി പ്രകാരം ഒരു വീട് നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 80,000 രൂപ തദ്ദേശ സ്ഥാപനങ്ങളും 2,20000 രൂപ ഹഡ്‌കോ വായ്പയുമാണ്. വായ്പാ തുക തദ്ദേശ സ്ഥാപനങ്ങളാണ് തിരിച്ചടക്കേണ്ടത്.
ഏറെ കൊട്ടിഘോഷിച്ച് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച നാല് മിഷനുകളില്‍ പ്രധാനമാണ് ലൈഫ് മിഷന്‍. അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ വീടും തീരെ പാവപ്പെട്ടവര്‍ക്ക് ജീവിതോപാധിയും ലഭ്യമാക്കുന്ന പദ്ധതി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈ ലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും പദ്ധതിക്ക് സാധിക്കുന്നില്ല എന്നാണ് മൂന്നാം വര്‍ഷത്തിലെത്തിയപ്പോഴുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending