Video Stories
ജീവന്‍ നഷ്ടമായ ലൈഫ് ഭവന പദ്ധതി
പി.കെ ഷറഫുദ്ദീന്‍
ഭവനരഹിതരില്ലാത്ത കേരളം എന്ന പ്രഖ്യാപനത്തോടെ ഇടതുസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഭവന സ്വപ്‌നം നെയ്ത ലക്ഷങ്ങളാണ് നിരാശയിലേക്ക് നീങ്ങുന്നത്. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം, ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട്, ഭൂരഹിതര്‍ക്ക് ഭവനസമുച്ചയം എന്നീ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് ലൈഫ് മിഷന്‍ പ്രവേശിച്ചിരിക്കയാണ്. 2017ല്‍ ആരംഭിച്ച ലൈഫ് മിഷന്‍ വന്‍ വിജയമെന്നും ചരിത്രപരമെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രേഖകളും കണക്കുകളും ഈ അവകാശവാദത്തെ പൊളിക്കുന്നു. ഒരു പാര്‍പ്പിട നിര്‍മ്മാണ പദ്ധതിക്കപ്പുറം സമഗ്ര വികസന പദ്ധതി (LIVELIHOOD INCLUSION AND FINANCIAL EMPOWERMENT) എന്ന പേരില്‍ അവതരിപ്പിച്ച ലൈഫിന് പ്രാഥമിക ലക്ഷ്യം കൈവരിക്കാന്‍ പോലും സാധിച്ചിട്ടില്ല.
സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഭവനനിര്‍മ്മാണത്തിന് ശേഷിയില്ലാത്ത അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കാപ്പെട്ടിരുന്നത്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് ഉറപ്പാക്കുക എന്നതായിരുന്നു ലൈഫ് മിഷന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. എന്നാല്‍ അര്‍ഹതയുള്ള പരമാവധി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിന്പകരം വിചിത്രമായ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചരുക്കുന്നതിനാണ് മിഷന്‍ ശ്രമിച്ചത്. ഇതിനായി സങ്കീര്‍ണ്ണമായ മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു സ്വന്തമായ റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ലൈഫ് പദ്ധതിക്ക് അര്‍ഹതയുള്ളു എന്ന നിബന്ധന.
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗത്തിന് വീട് ഉണ്ടെങ്കില്‍ ആ കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റൊരു കുടുംബത്തിനും ആനുകൂല്യം ലഭിക്കില്ല. വാടക വീടുകളിലും ഷെഡ്ഡുകളിലൂം താമസിക്കുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായിരുന്നു. ഇത് പരിഗണിക്കാതെയാണ് ലൈഫ് മിഷന്‍ മാര്‍ഗരേഖ തയ്യാറാക്കിയത്. തന്മൂലം സര്‍വെഘട്ടത്തില്‍ തന്നെ നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഇക്കാരണത്താല്‍ ലിസ്റ്റിന് പുറത്തായി. പിന്നീട് നിര്‍വഹണഘട്ടത്തില്‍ മാത്രം സ്വന്തമായ റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ 31,393 കുടുംബങ്ങള്‍ പുറത്താക്കപ്പെടുകയുണ്ടായി. ഇവരത്രയും പിന്നീട് സ്വന്തമായി റേഷന്‍ കാര്‍ഡ് ലഭ്യമാക്കിയെങ്കിലും ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. തുടര്‍ന്ന് 99,963 കുടുംബങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2018 ഏപ്രിലില്‍ പുറത്തിറക്കിയ ഗുണഭോക്താക്കള്‍ക്കുള്ള കൈപുസ്തകത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത് 2,50,000 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കും എന്നാണ്. ഇതാണ് 99,963ലേക്ക് ചുരുങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ അര്‍ഹത നേടിയത്. 14107 പേര്‍. കൊല്ലം 9485, പത്തനംതിട്ട 2018, കോട്ടയം 4440, ആലപ്പുഴ 10627, ഇടുക്കി 12177, എറണാകുളം 5754, തൃശൂര്‍ 5445, പാലക്കാട് 13180, മലപ്പുറം 6249, കോഴിക്കോട് 5046, വയനാട് 4544, കണ്ണൂര്‍ 2436, കാസര്‍കോട് 4455 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 30,359 കുടുംബങ്ങളുടെ വീടിന്റെ പ്രവൃത്തിയാണ് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചത്. ലൈഫ് പ്രകാരം അഞ്ച് വര്‍ഷംകൊണ്ട് 99,963 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് മാത്രമാണ് വീട് ലഭിക്കുക. ഈ കണക്കുകള്‍ നിരത്തിയാണ് സര്‍ക്കാര്‍ പദ്ധതിയെ പെരുപ്പിച്ച് കാണിക്കുന്നത്.
എന്നാല്‍ ലൈഫ് പദ്ധതിക്ക് തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ഭവനനിര്‍മ്മാണത്തിന് സഹായം ലഭിച്ച കുടുംബങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ് ലൈഫ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് വ്യക്തമാവുക. ലൈഫ് പദ്ധതി ആരംഭിക്കുന്നത് 2017ലാണ്. അതിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം (2015-16) കൊണ്ട് മാത്രം കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതി പ്രകാരം 92424 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിട്ടുണ്ട്. 2011-12 മുതല്‍ 2015-16 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ 4,14,552 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിട്ടുണ്ട്. ഇതില്‍ 71,710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12,938 കുടുംബങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും 12,815 കുടുംബങ്ങള്‍ക്ക് കോര്‍പറേഷനുകളും സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കി വീട് നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്.
ഇന്ദിരാആവാസ് യോജന പദ്ധതി പ്രകാരം 2,74,616 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. പട്ടിക ജാതി വികസന വകുപ്പ് മുഖേന 24,887 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ വകുപ്പ് മുഖേന 17,588 കുടുംബങ്ങള്‍ക്കും ഭവനപദ്ധതി ആനുകൂല്യം ലഭിച്ചു. ലൈഫ് പദ്ധതി പ്രാവര്‍ത്തികമായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഭവനപദ്ധതി നടപ്പാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വകുപ്പുകളുടെ പദ്ധതികളും മരവിച്ച സ്ഥിതിയിലാണ്. വകുപ്പുകള്‍ പദ്ധതി നടപ്പാക്കുകയാണെങ്കിലും ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമാണ് ആനുകൂല്യം നല്‍കേണ്ടത് എന്നും നിര്‍ദ്ദേശമുണ്ട്. തന്മൂലം നാല് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കുകയും പകരം കൊണ്ട്‌വന്ന ലൈഫ് അതിന്റെ നാലിലൊന്ന് പേര്‍ക്ക് മാത്രം സഹായം ലഭിക്കുന്നതിലേക്ക് പരിമിതപ്പെടുകയും ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കെല്ലാം അതത് വകുപ്പുകള്‍ മുഖേന ഓരോ വര്‍ഷവും ഭവനസഹായം ലഭിച്ചിരുന്നതാണ്. ലൈഫിന്റെ പേരില്‍ ഇവ നിലയ്ക്കുകയും ലൈഫ് ഗുണഭോക്തൃ പട്ടിക ഇവര്‍ക്ക് നിര്‍ബന്ധമാക്കുകയും ചെയ്തതോടെ ദുര്‍ബല വിഭാഗത്തിലെ അര്‍ഹരായ ആയിരങ്ങള്‍ക്കാണ് സഹായം തടയപ്പെടുന്നത്. വകുപ്പിന്റെ പക്കല്‍ ഇതിനാവശ്യമായ ഫണ്ട് നീക്കിയിരിപ്പുണ്ട്. അര്‍ഹരായവര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കാതെ സഹായം അനുവദിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഒന്നാം ഘട്ടമായി ഏറ്റെടുത്ത പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം എന്നത് തദ്ദേശസ്ഥാപനങ്ങള്‍ വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് നടപ്പാക്കിവരുന്ന പദ്ധതിക്ക് സമാനമാണ്. ഇത് പ്രകരാം 54,351 വീടുകളുടെ പ്രവൃത്തി നടത്തിയിട്ടുണ്ട്. ഒരു ലക്ഷവും താഴെയും തുക ചെലവഴിക്കുന്ന ഈ വീടുകളെയും ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നത്.
ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം ഒരുക്കുക എന്നതാണ് ലൈഫ് മിഷന്റെ അന്തിമഘട്ട പ്രവര്‍ത്തനം. ലൈഫ് സര്‍വെയില്‍ 3,37,416 കുടുംബങ്ങളെയാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയത്. ഇവരുടെ രേഖകള്‍ പരിശോധിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമി ഇല്ല എന്നും കുടുംബസ്വത്ത് ഓഹരി ചെയ്താല്‍ ഭൂമി ലഭിക്കില്ല എന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഗുണഭോക്താക്കള്‍. രേഖകള്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശിച്ചതോടെ തങ്ങളുടെ ഭവന സ്വപ്‌നം പൂവണിഞ്ഞു എന്ന പ്രതീക്ഷയിലാണിവര്‍.
എന്നാല്‍ 3.37 ലക്ഷം ഗുണഭോക്താക്കളില്‍ വെറും 217 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവില്‍ നിര്‍മ്മിച്ച ഈ #ാറ്റില്‍ 150 കുടുംബങ്ങള്‍ താമസമാരംഭിക്കുകയുണ്ടായി. ഇതിന്പുറമെ മറ്റൊരു ഭവനസമുച്ചയത്തിന്റെയും നിര്‍മ്മാണം സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ ആരംഭിച്ചത് മുതല്‍ ഭവനസമുച്ചയ നിര്‍മ്മാണത്തിന് ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ 156.51 ഏക്കര്‍ ഭൂമി മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ പരമാവധി 7500 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭവനസമുച്ചയം മാത്രമാണ് നിര്‍മ്മിക്കാന്‍ സാധിക്കുക എന്ന് ലൈഫ് മിഷന്‍ തന്നെ വിവരവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വിവരം മറച്ചുവെച്ചാണ് 3.37 ലക്ഷം ഗുണഭോക്താക്കളോട് രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ളത്. ലിസ്റ്റ് അന്തിമമാക്കി ഭൂമി കണ്ടെത്തി നല്‍കുന്നതിനുള്ള ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി ലക്ഷ്യത്തില്‍ നിന്നും പിന്മാറുന്നതിനാവും ലൈഫ് മിഷന്‍ ശ്രമിക്കുക.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളില്‍ ഉള്‍പ്പെട്ടതാണ് ഭവനനിര്‍മ്മാണം. ഇതിനായി അപേക്ഷ സ്വീകരിച്ച് ഗ്രാമസഭ ചേര്‍ന്നാണ് മുന്‍ഗണന ക്രമം നിശ്ചയിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഭവനപദ്ധതികള്‍ക്കും വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഗുണഭോക്താക്കളെ പരിഗണിച്ചിരുന്നത് ഗ്രാമസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ ഗ്രാമസഭയെയും പ്രാദേശിക ഭരണകൂടങ്ങളെയും അപ്രസക്തമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഭവനപദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഗ്രാമസഭകളില്‍നിന്നും പ്രാദേശിക സര്‍ക്കാറുകളില്‍നിന്നും എടുത്തുമാറ്റി അവ സംസ്ഥാന തലത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് മിഷന്‍ ചെയ്തത്. 2017 അവസാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ലൈഫ് മിഷന്‍ നേരിട്ട് പ്രത്യേക സര്‍വെ നടത്തിയത്.
വിചിത്രമായ മാനദണ്ഡങ്ങള്‍മൂലം അര്‍ഹരായവരില്‍ ഭൂരിഭാഗവും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതിനാല്‍ മിഷന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയെങ്കിലും തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച അപ്പീലുകളിലും കാര്യമായ തീരുമാനമുണ്ടായില്ല. ലൈഫ് മിഷന്‍ അംഗീകരിച്ച ഈ ലിസ്റ്റിലും നിര്‍വഹണ ഘട്ടത്തില്‍ വ്യാപകമായ വെട്ടിച്ചുരുക്കല്‍ നടക്കുകയുണ്ടായി. മിഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടികള്‍.
പ്രത്യേക മിഷന്‍ രൂപീകരിക്കാതെയാണ് മുന്‍ സര്‍ക്കാറുകളുടെ കാലഘട്ടങ്ങളില്‍ ഭവനപദ്ധതി നടപ്പാക്കിയിരുന്നത്. അതിനാല്‍ തന്നെ ഗുണഭോക്താവിന് അനുവദിക്കുന്ന തുക മാത്രമെ ഈ ഇനത്തില്‍ ചെലവ് വന്നിരുന്നുള്ളു. എന്നാല്‍ ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് 5,52,22,772 രൂപയാണ്. വീട് നിര്‍മ്മാണത്തിനും ഭൂമി കണ്ടെത്തുന്നതിനുമല്ലാതെയുള്ള ചെലവാണിത്. 138 വീടുകളുടെ നിര്‍മ്മാണത്തിന് സമാനമായ തുകയാണ് മിഷന്‍ പ്രവര്‍ത്തനത്തിന് മാത്രമായി ചെലവഴിച്ചിട്ടുള്ളത്.
പരസ്യം ഇനത്തില്‍ 33,63,074 രൂപ, ജീവനക്കാരുടെ ശമ്പളത്തിന് 3,54,91,639 രൂപ, പരിശീലനത്തിന് 3,00,128 രൂപ, ഓഫീസ് ചെലവുകള്‍ക്കായി 1,45,27,876 രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഇത്രയും തുക മുടക്കി മിഷന്‍ പ്രവര്‍ത്തിക്കാതെ തന്നെ മുന്‍കാലത്ത് ഇതിന്റ നാലിരട്ടിയിലേറെ പേര്‍ക്ക് വീട് ലഭിച്ചിരുന്നു എന്ന് വ്യക്തമാകുന്നിടത്താണ് മിഷന്‍ പ്രവര്‍ത്തനത്തിലെ ധൂര്‍ത്ത് പ്രകടമാവുക. പ്രാദേശിക വിഭവ സമാഹരണവും ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലുള്ള വിഭവ സമാഹരണവുമെല്ലാം ലക്ഷ്യമിട്ടെങ്കിലും ഈ രീതിയില്‍ ഒരു രൂപപോലും സമാഹരിക്കാന്‍ ലൈഫ് മിഷന് സാധിച്ചിട്ടില്ല.
പരസ്യം നല്‍കലും പരീശീലനവും അവലോകനവും മാത്രമായി മിഷന്റെ പ്രവര്‍ത്തനം ചുരുങ്ങി. ലൈഫ് പദ്ധതി പ്രകാരം ഒരു വീട് നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 80,000 രൂപ തദ്ദേശ സ്ഥാപനങ്ങളും 2,20000 രൂപ ഹഡ്‌കോ വായ്പയുമാണ്. വായ്പാ തുക തദ്ദേശ സ്ഥാപനങ്ങളാണ് തിരിച്ചടക്കേണ്ടത്.
ഏറെ കൊട്ടിഘോഷിച്ച് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച നാല് മിഷനുകളില്‍ പ്രധാനമാണ് ലൈഫ് മിഷന്‍. അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ വീടും തീരെ പാവപ്പെട്ടവര്‍ക്ക് ജീവിതോപാധിയും ലഭ്യമാക്കുന്ന പദ്ധതി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈ ലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും പദ്ധതിക്ക് സാധിക്കുന്നില്ല എന്നാണ് മൂന്നാം വര്‍ഷത്തിലെത്തിയപ്പോഴുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala21 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

