Connect with us

Video Stories

അനുഗ്രഹങ്ങളെ അവഗണിക്കുമ്പോള്‍

Published

on

ടി.എച്ച് ദാരിമി

അനുഗ്രഹങ്ങള്‍ ഔദാര്യങ്ങളാണ്. ഒരുപക്ഷേ അര്‍ഹതപോലുമില്ലാതെ ലഭിക്കുന്ന വെറും ദാനങ്ങള്‍. അതുകൊണ്ടുതന്നെ അവ ലഭിക്കുമ്പോള്‍ ആവശ്യപ്പെട്ടില്ലെങ്കിലും വേണ്ടതില്ല എന്നു സാഹചര്യങ്ങള്‍ പറയുന്നുണ്ടെങ്കില്‍പോലും അവക്കുള്ള ഒരു നന്ദിയുടെ ബാധ്യത അവ ലഭിക്കുന്നവനില്‍വന്നുചേരും. അതു നിറവേറ്റുന്നത് ഓരോരുത്തരുടെയും മാന്യതയുടെ അളവുകോല്‍ അനുസരിച്ചായിരിക്കും. എന്നാല്‍ അവ നിന്ദാപൂര്‍വ്വംഅവഗണിക്കുന്നതും ആ അവഗണനപ്രകടമാകുംവിധം പെരുമാറുന്നതുമെല്ലാം ദായകനെ ചൊടിപ്പിക്കുകതന്നെ ചെയ്യും. ദായകന്‍ അതിനെ തുടര്‍ന്ന് കോപിച്ചേക്കും. ചിലപ്പോള്‍ അതിനു പ്രതികാരവും ചെയ്‌തേക്കും. ആ പ്രതികാരം കടുത്തതായിരിക്കും. കാരണം അവഗണിച്ചവന്റെ മനസ്സിലെ നിരയായിവെച്ച ന്യായീകരണങ്ങളെയെല്ലാം കടന്ന് അവന്റെ മനസ്സിന്റെ കാമ്പിനെ അതിനു സ്പര്‍ശിക്കാന്‍ കഴിയണമല്ലോ. അപ്പോഴാണ് അവന് തിരിച്ചറിവ് ലഭിക്കുക.

അത്തരമൊരു സംഭവം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആന്‍ ആ സംഭവത്തിന്റെ അവസാന ഭാഗം സബഅ് അധ്യായം 16, 17 വചനങ്ങളില്‍ ഇങ്ങനെ പറയുന്നു: ‘എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ നാം അവരുടെ നേരെ തിരിച്ചുവിട്ടു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്കു പകരം കയ്പുള്ള കായ്കനികളും കാറ്റാടിമരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ടു തോട്ടങ്ങളെ നാം അവര്‍ക്കു നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് പ്രതിഫലമായി അവര്‍ക്കു നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?’ (34: 16,17). പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ സങ്കടങ്ങളും ആശങ്കകളും അനുഭവിച്ച് വിറച്ചുനില്‍ക്കുന്ന പുതിയ കാലത്തിനു പഠിക്കാനുള്ള വലിയ പാഠമാണ് ഈ സൂക്തത്തിന്റെ ഉള്ളടക്കം.

അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന യമനിലെ സബഅ് എന്ന ഷീബാ നഗരമാണ് സംഭവത്തിന്റെ പശ്ചാത്തലം. അവിടം ഹിംയറുകള്‍ക്കുശേഷം ഖഹ്ത്വാനികളായിരുന്നു ഭരണം നടത്തിയിരുന്നത്. ഖഹ്ത്വാനിന്റെ പൗത്രനായിരുന്നു സബഅ്. അദ്ദേഹത്തിന്റെ കാലത്തായിരുന്നു അവരുടെ കുടുംബം വലിയ ആഭിചാത്യങ്ങള്‍ നേടിയത്. അങ്ങനെ അവരുടെ നാട് ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കൃഷിയായിരുന്നു ജീവിതമാര്‍ഗം. പക്ഷെ, വെള്ളം യഥേഷ്ടം തങ്ങിനില്‍ക്കുന്ന പ്രകൃതിയല്ലായിരുന്നു സബഇന്റേത്. നാടിന് അതിരിടുന്ന രണ്ടു പര്‍വതങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഉപയോഗിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. അത്സ്ഥായിയായ ജല പരിഹാരമല്ലായിരുന്നു. അതിനാല്‍ കാര്‍ഷിക വൃത്തിയില്‍ വേണ്ടത്ര വിജയിക്കാന്‍ ആ ജനക്കു കഴിഞ്ഞില്ല. അതിനിടെ ഏതോചിന്തയില്‍ അവര്‍ ആകൃഷ്ടരാവുകയും മലകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലത്തെ അണകെട്ടി തടഞ്ഞുനിര്‍ത്തി ജലസേചനം കാര്യക്ഷമമാക്കാം എന്നാലോചിക്കുകയും ചെയ്തു. അങ്ങനെ അവര്‍ വലിയ അണ നിര്‍മ്മിച്ചു. മഅ്‌രിബ് എന്ന സ്ഥലത്തായിരുന്നു അത്. നൂറ്റി അന്‍പതോളം അടി ഉയരത്തില്‍ ഏതാണ്ട് എണ്ണൂറോളം അടി നീളത്തിലുള്ള അണക്കെട്ടായിരുന്നു അത് എന്നാണ് പ്രബലമായ ചരിത്രാനുമാനം. പതിനാറു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ജലസേചനം നടത്താന്‍ മതിയാകുന്നതായിരുന്നു സംഭരണി. അതോടെ കൃഷി മെച്ചപ്പെട്ടു. വളരെ വൈകാതെ അവര്‍ അതുവഴിതന്നെ ധനികരായി. ധനികരായതും അവര്‍ തങ്ങളുടെ ഐശ്വര്യം വന്ന വഴിമറന്നു. അവര്‍ അതിനെ അവഗണിച്ചു. അതിന്റെ ഫലമായി അണക്കെട്ട് തകരുകയും അവരുടെ നാട് പഴയപടിയായിത്തീരുകയും ചെയ്തു. ഡാമിന്റെ തകര്‍ച്ചയുടെ കാരണമായി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ രണ്ട് അഭിപ്രായങ്ങള്‍ കാണാം.

അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി ചെയ്യുന്നതില്‍ വന്ന വീഴ്ചയായിരുന്നു അതിന്റെ കാരണമെന്നാണ് ഒരഭിപ്രായം. വേണ്ടവിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍വന്ന വീഴ്ചയായിരുന്നു അതിനു കാരണമെന്നാണ് രണ്ടാം അഭിപ്രായം. സത്യത്തില്‍ ഇതു രണ്ടും ഒന്നുതന്നെയാണ്. നാട്ടിലെ പ്രളയത്തെകുറിച്ചുള്ള അഭിപ്രായങ്ങളും അങ്ങനെ തന്നെയാണല്ലോ. പലരും പലകാരണങ്ങള്‍ പറയുന്നു. യഥാര്‍ഥ കാരണത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍തന്നെയാണ് ഓരോരുത്തരും പറയുന്നത്. മറ്റുള്ളവര്‍ പറയുന്നതിനെ വകവെച്ചുകൊടുക്കാനുള്ള മനസ്സില്ലാത്തതിനാല്‍ ഓരോരുത്തരും താന്‍ പറഞ്ഞത് മുറുകെ പിടിച്ചുനില്‍ക്കുന്നു എന്നു മാത്രം. മഅ്‌രിബ് അണക്കെട്ടിന്റെ തകര്‍ച്ചയെകുറിച്ചുള്ള അഭിപ്രായങ്ങളെ ഉദാഹരണമായി കാണാം. ആ ജനത നന്ദി കാണിക്കാത്തതിനാലായിരുന്നു അവര്‍ക്കു വിപത്ത് വന്നത്.

നന്ദി കാണിക്കേണ്ടതാണെങ്കിലോ ഏറ്റവും പ്രധാനമായി അണക്കെട്ടിനെ സമയാസമയങ്ങളില്‍ പരിചരിച്ചുകൊണ്ടായിരിക്കേണ്ടിയിരുന്നു. തങ്ങളുടെ ഐശ്വര്യങ്ങള്‍ വന്നുകയറിയ വഴിയായിരുന്നു അത്. അതിനെ ആ കാഴ്ചപ്പാടോടെ ബഹുമാനപൂര്‍വം പരിഗണിക്കുന്നുവെങ്കില്‍ ഈ നന്ദികേടും തദ്വാരാതകര്‍ച്ചയും സംഭവിക്കില്ലായിരുന്നു എന്നു ചുരുക്കം. നമ്മുടെ കേരളീയവര്‍ത്തമാന കാലത്തിന്റെ വര്‍ത്തമാനങ്ങളിലുംഏറ്റവും ചിന്തനീയമായതുകൊണ്ടാണ് ഈ കഥ ഇവിടെ ഉദ്ധരിച്ചത്.
ആയുഷ്‌കാലത്തിനു വേണ്ടി അല്ലാഹു ഒരുക്കിത്തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നാം അധിവസിക്കുന്ന ഭൂമി. നമ്മുടെ മനോമുകുരങ്ങളില്‍തെളിയുന്ന എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ സഹായകമാകുംവിധത്തില്‍ ഇതിനെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു. നമുക്കു കൃഷിചെയ്ത് വിളവെടുക്കാനും വീടുവെച്ച് താമസിക്കാനും സൈ്വരവിഹാരം നടത്താനുമെല്ലാം ഉപയുക്തമായ വിധത്തില്‍ അതിനെ അവന്‍ സംവിധാനിച്ചിരിക്കുന്നു.

ചൂടില്‍ കരിഞ്ഞുപോകാതെ തണുപ്പില്‍ തണുത്തുറഞ്ഞുപോകാതെ പിടിച്ചുനില്‍ക്കാന്‍ അതിലെ കാലാവസ്ഥയെ അവന്‍ ക്രമീകരിച്ചിരിക്കുന്നു. ഇതിനെല്ലാം നന്ദി കാണിക്കാന്‍ ബാധ്യസ്ഥരാണ് എന്നതാണ് വസ്തുത. ഈ നന്ദി പ്രകടിപ്പിക്കണ്ടത് വെറും പ്രാര്‍ഥനകൊണ്ടും സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ടും മാത്രമല്ല, മറിച്ച് അവയെല്ലാം അടങ്ങുന്ന മാനസികാവസ്ഥയോടെ അതിനെ പരിപാലിച്ചുകൊണ്ടാണ്. പരിപാലിക്കേണ്ടതിന്റെ ന്യായം അവ ഓരോന്നിനെയും മറ്റൊന്നുമായി ഘടിപ്പിച്ചുവെച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ ഒന്നിനെ ശ്രദ്ധിക്കാതിരുന്നാല്‍ അതു നഷ്ടമാകുന്നു എന്നതല്ല ഫലം. മറിച്ച് ഒന്നിനെ അവഗണിക്കുന്നതോടെ അത് മറ്റുള്ളതിനെയെല്ലാം ബാധിക്കുകയും ഭൂമിയുടെ താളംതന്നെ തെറ്റുകയും ചെയ്യുന്നു എന്നതാണ്. ഇത്ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അതിനുദാഹരണമാണ് നമ്മുടെ നാടു കണ്ട പ്രളയങ്ങള്‍. ജനങ്ങള്‍ തങ്ങളുടെ ആര്‍ത്തിക്കും സ്വാര്‍ഥതക്കുംവേണ്ടി പ്രകൃതിയിലെ മരങ്ങള്‍ വെട്ടിമുറിച്ചുകളഞ്ഞു. ഇതുവഴി അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവുകൂടി. മനുഷ്യര്‍ ശ്വസിക്കുന്ന വാതകം കെട്ടിക്കിടക്കാതിരിക്കാനായി അല്ലാഹു ഏര്‍പ്പെടുത്തിയ സംവിധാനമാണ് അതിനെ സസ്യങ്ങളുടെ ശ്വസനവായുവാക്കി എന്നത്. കാര്‍ബണിനെ അബ്‌സോര്‍ബ് ചെയ്യാനുള്ള ഈ സിങ്കുകള്‍ നശിക്കുന്നതോടെ കാര്‍ബണ്‍ സാന്നിധ്യം വര്‍ധിക്കും. അതോടൊപ്പം അമിതമായ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം മീഥൈന്‍ തുടങ്ങിയ വിഷവാതകങ്ങളുടെയുംകീടനാശിനികളുടെ ഉപയോഗം നൈട്രിക് ഓക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെയും അളവു കൂട്ടുന്നതോടെ ഭൂമിയുടെ താപനില താളംതെറ്റും. അത് ധ്രുവ പ്രദേശങ്ങളില്‍ മഞ്ഞുരുക്കമുണ്ടാക്കും. കടല്‍ ജലനിരപ്പ് ഉയരും. മഴ പ്രവചനാതീതമാകും. ഭൂമിയുടെ ജല സംഭരണശേഷി നഷ്ടപ്പെടുത്തും. ഉരുള്‍പൊട്ടല്‍ തുടങ്ങിയവ ഉണ്ടാകും. ഈ ദുര്‍നിമിത്തങ്ങളുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു.

നന്ദിപൂര്‍വം ഈ ഭൂമിയെ പരിപാലിക്കാനുള്ളഉത്തരവാദിത്വത്തില്‍ വിഘ്‌നം സംഭവിക്കുന്നതിനാലാണ് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നത്എന്നുചുരുക്കം. ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ എല്ലാവരും പറയുന്ന കാരണങ്ങള്‍ എല്ലാം ചേര്‍ന്നതു തന്നെയാണ് യഥാര്‍ഥ കാരണം എന്നതുവ്യക്തമാകും. അത് അല്ലാഹു അല്‍ റൂം അധ്യായത്തിന്റെ നാല്‍പത്തിയൊന്നാം വചനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മനുഷ്യന്റെ കരങ്ങള്‍ ചെയ്യുന്ന തിന്‍മകള്‍ കാരണമായി കടലിലും കരയിലും നാശം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഈ വിധം അനുസ്മരിച്ചുകൊണ്ട് നന്ദി ചെയ്യാന്‍ ഏറ്റവും ആദ്യമായി ഈമാന്‍ മനസ്സിലുറപ്പിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അനുഗ്രഹങ്ങളെ വെറുമൊരുഅല്‍ഭുതമായി മാത്രം കാണുന്ന സാഹചര്യമുണ്ടാകും. അത് ഒരുതരം മാനസിക സ്തംഭനത്തിനു മാത്രമായിരിക്കും വഴിവെക്കുക. മനസ്സ് കുത്തിത്തുറന്ന് അതിന്റെ ആഴങ്ങളിലേക്ക് തുളച്ചുകടക്കാന്‍ വിശ്വാസത്തെ ബലപ്പെടുത്തുക തന്നെയാണ്‌വഴി. അതിനുശേഷം പിന്നെ വേണ്ടത് ശക്തവും വ്യക്തവുമായ ഉദ്‌ബോധനങ്ങളാണ്. ഈമാനുള്ളവര്‍ക്ക് ഉദ്‌ബോധനങ്ങള്‍ ഉപകാരപ്പെടുംഎന്ന് വിശുദ്ധ ഖുര്‍ആന്‍തന്നെ പറയുന്നുണ്ട്.

ഈ രണ്ടിന്റെയും കാര്യത്തില്‍ വീഴ്ച വന്ന പല സമൂഹങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. നൂഹ് നബിയുടെ സുമേരിയന്‍ ജനത മുതല്‍ ആദ്, തമൂദ് തുടങ്ങി പല ജനതകളും തങ്ങളുടെ നന്ദികേടിനും നിന്ദക്കും കനത്ത വില നല്‍കേണ്ടിവന്നവരാണ്. എല്ലാ വീഴ്ചയും വരുത്തി നാശത്തിന്റെയും ദുരന്തത്തിന്റെയും തൊട്ടുമുമ്പിലെത്തിയതും അവരില്‍ പലരും വീണ്ടുവിചാരത്തിന് തയ്യാറാകുക പോലുമുണ്ടായി. പക്ഷെ, അപ്പോഴേക്കും എല്ലാ അവസരവും കഴിഞ്ഞിരുന്നു. ഭൂമിയെ കീഴ്‌മേല്‍ മറിച്ചിട്ട് അല്ലാഹു മറ്റൊരു ജനതയുടെ പരീക്ഷണം ആരംഭിച്ചു എന്നായിരുന്നു അവയുടെയൊക്കെ അവസാന രംഗങ്ങള്‍. മുഹമ്മദ് നബിയുടെ ശേഷം അത്തരം ഒരു ഉന്‍മൂലനാശം വരില്ല എന്നുണ്ട്. കാരണം അന്ത്യനാള്‍ എന്ന ഏറ്റവും അവസാന ദുരന്തം അവര്‍ക്കുള്ളതാണല്ലോ. എന്നിരുന്നാലും ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു, ഈ ദുരന്തങ്ങളുണ്ടാക്കുന്ന മഹാസങ്കടക്കയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending