Connect with us

Video Stories

സി.പി.എം കളിക്കുന്ന നെറികെട്ട രാഷ്ട്രീയം

Published

on

മനുഷ്യന് അവസരത്തിനൊത്ത് വ്യത്യസ്ത ഭാവങ്ങളുണ്ടാകാമെങ്കിലും അവയെല്ലാം പ്രകടിപ്പിക്കുന്നത് ഒരേയൊരു മുഖത്തിലൂടെയാണ്. ഇതുപോലെ ഓരോ പ്രത്യയശാസ്ത്രമാണ് ഓരോ സംഘടനയുടെയും മുഖമുദ്ര. അതങ്ങനെതന്നെ ആയിരിക്കുകയുംവേണം. നാഴികയൊന്നിന് നാല്‍പത് നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിനും നാടിനും ശാപമാണ്. അത്തരമൊരു കക്ഷി ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യയിലിന്ന് സി.പി.എം അല്ലാതെ മറ്റൊന്നിന്റെ പേരു പറയാനുണ്ടാകില്ല. അധികാരത്തിലിരിക്കാനായി സ്വന്തം കമ്യൂണിസ്റ്റ്-കേന്ദ്രീകൃത പ്രത്യയശാസ്ത്രത്തെപോലും ഉപേക്ഷിച്ചവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. അവയില്‍ മുഖ്യം 1964ല്‍ രൂപം കൊണ്ട സി.പി.എം തന്നെ. അന്നുതൊട്ട് ഇന്നുവരെയും ഈ പാര്‍ട്ടിയുടെ നിലപാട് വോട്ടിനനുസരിച്ച് തരാതരം പോലെയും ഒന്നിനൊന്ന് പ്രതിലോമകരവുമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടായിരുന്ന കക്ഷി കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ മാത്രമായി അവശേഷിച്ചതിന്റെ കാരണവും മറ്റൊന്ന് തിരയേണ്ടതില്ല. കേരളത്തിലെ അഞ്ചു നിയമസഭാസീറ്റുകളിലേക്ക് ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ വിവിധ തരത്തിലുള്ള ഈ മുഖംമൂടികളെ അഴിച്ചുവീഴ്ത്തിയിരിക്കുന്നത്. ജനങ്ങളുടെ പുരോഗതിക്ക് അടിസ്ഥാനം അവരുടെ ഭൗതിക ജീവിതമാണെന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ അവരുടെ വിശ്വാസപരമായ കാര്യത്തില്‍ എടുത്തിരിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാമുദായികമായി മികച്ച സൗഹാര്‍ദത്തില്‍ കഴിയുന്ന കേരള ജനതയെ വടക്കേ ഇന്ത്യയിലേതിന് തുല്യമായ ജാതി മത കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് ചുരുക്കിക്കെട്ടാനാണ് സി.പി.എം ഇപ്പോള്‍ പരിശ്രമിക്കുന്നത്. അത്യന്തം അപകടകരമായ ഈ പ്രവണതയാകട്ടെ തങ്ങളുടെ അവസാന തുരുത്തും അധികാരവും നിലനിര്‍ത്തുക എന്ന കേവല അജണ്ടയ്ക്കുവേണ്ടിയാണെന്ന് വരുന്നത് ഒരു മതേതര പാര്‍ട്ടിയെയും മലയാളിയെ സംബന്ധിച്ചിടത്തോളവും ലജ്ജാകരമാണെന്ന ്പറയാതെ വയ്യ.
കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലൂടെ ഒഴിവുവന്ന മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സി.പി.എം അതിന്റെ നെറികെട്ട സാമുദായിക രാഷ്ട്രീയം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ സമുദായത്തിലെ വിശ്വാസി സമൂഹത്തെയാകെ ഭീതിയുടെ മുള്‍മുനയിലിട്ടുകൊണ്ട് ഒരുവര്‍ഷത്തിലധികമായി സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന തീക്കളിയുടെ മറ്റൊരു മുഖമാണ് ഇവിടെ അനാവൃതമായിരിക്കുന്നത്. 2018 സെപ്തംബര്‍ 28ന് ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥമുഖം വ്യക്തമാക്കിയത്. ക്ഷേത്രത്തിലേക്ക് വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റ് വനിതകളെ പൊലീസിന്റെ സുരക്ഷയിലും സര്‍ക്കാരിന്റെ ചെല്ലും ചെലവിലും കയറ്റിവിട്ട് വിശ്വാസത്തെ വ്രണപ്പെടുത്തിയ സര്‍ക്കാരും സി.പി.എമ്മും അത് തിരിച്ചടിയായെന്ന് കണ്ടെത്തിയതോടെ വിശ്വാസികളെ കയ്യിലെടുക്കാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ നടത്തുന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും തോറ്റു തുന്നംപാടിയ ഇടതുപക്ഷം തെറ്റ് ഏറ്റുപറഞ്ഞെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ദിവസങ്ങളോളം ചര്‍ച്ച ചെയ്‌തെടുത്ത പുതിയ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും തന്റെ നിലപാടില്‍നിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അഹന്തക്ക് കൈയും കാലും വെച്ചതുപോലെയായിരുന്നു ഇത്. പക്ഷേ തെരഞ്ഞെടുപ്പ് വീണ്ടും അടുത്തഘട്ടത്തില്‍ അതേ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നുവെന്നത് ഓന്തിനെപോലും തോല്‍പിക്കുന്നതായിരിക്കുന്നു. ഹിന്ദുക്കളുടെ അട്ടിപ്പേറ് മറ്റാരും ഏറ്റെടുക്കേണ്ടെന്നാണ് പിണറായിയുടെ പരിഹാസ്യമായ പ്രസ്താവന. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥിയെയാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. താന്‍ വിശ്വാസിയാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് യോജിപ്പില്ലെന്നും പരസ്യമായി ഇടതു സ്ഥാനാര്‍ത്ഥിയെക്കൊണ്ട് പറയിപ്പിച്ചതിലെ കുരുട്ടുബുദ്ധി ആര്‍ക്കും പിടികിട്ടും. വോട്ടര്‍മാരുടെ ഓര്‍മശക്തിയെയും ബുദ്ധിശേഷിയെയും പരിഹസിക്കലാണിത്. സമുദായങ്ങളെ തരാതരംപോലെ കയ്യിലെടുക്കുന്ന സി.പി.എം എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി ജാതി രാഷ്ട്രീയം കളിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്യുന്നത്. വെള്ളാപ്പള്ളിയുടെ പുത്രന്‍ തുഷാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പി മുന്നണിയിലെ ബി.ഡി.ജെ.എസ്സിനെയും വെടക്കാക്കി തനിക്കാക്കാനാണ് മുഖ്യമന്ത്രി കിണഞ്ഞ് പരിശ്രമിക്കുന്നത്. അരൂരില്‍ ബി.ജെ.പി വെച്ചുനീട്ടിയ സീറ്റ് സ്വീകരിക്കാതെ ഇടതുമുന്നണിയുമായി ഒത്തുകളിക്കുന്നതെന്തിനാണ്? ബി.ജെ.പിയുടെ പിന്തുണയും നേടലാണ് ഇതിനുപിന്നില്‍. കോന്നിയില്‍ ബി.ജെ.പിക്ക് വോട്ട് മറിച്ചുനല്‍കുകയും പകരം വട്ടിയൂര്‍ക്കാവില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുമാണത്രെ സി.പി.എം-ബി.ജെ.പി പദ്ധതി. ഇതിനായാണ് ബി.ജെ.പിയുടെ കേരളത്തിലെ തലമുതിര്‍ന്ന നേതാവും മുന്‍ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തഴഞ്ഞ് അപ്രധാനമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബി.ജെ.പി എക്കാലത്തും സ്വീകരിച്ചുവരുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന് ഓശാന പാടുകയാണ് സി.പി.എം ഇതിലൂടെ. ഈ നെറികെട്ട കളി ജനം തിരിച്ചറിഞ്ഞതിന് തെളിവാണ് സമദൂരത്തില്‍നിന്ന് ‘ശരിദൂരം’ നിലപാടിലേക്കുള്ള എന്‍.എസ്.എസ്സിന്റെ ചുവടുമാറ്റം. മഹിതമായ കേരളത്തിന്റെ മതേതര പാരമ്പര്യത്തെ നാലുവോട്ടിനും അധികാരത്തിനുംവേണ്ടി ഒറ്റുകൊടുക്കുന്നത് സി.പി.എം ഗതികേടിന്റെ മകുടോദാഹരണമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ബി.ജെ.പിയുടെ പൂര്‍വ രൂപമായ ജനസംഘവുമായി ചേര്‍ന്ന് വോട്ടുപിടിച്ച 1977 മുതലുള്ള മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പാരമ്പര്യമാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. മൂന്നര വര്‍ഷത്തെ ഭരണംകൊണ്ട് അഴിമതിയും വിലക്കയറ്റവും ജനവിരുദ്ധതയുമല്ലാതെ എടുത്തുപറയാന്‍ യാതൊന്നും ഇല്ലാതെയാണ് ദിനേനയുള്ള കൊലപാതകക്കേസുകളുടെ അന്വേഷണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്. കേരളത്തിലെ പ്രബുദ്ധ ജനതയും അഞ്ച് മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഈ കൊടും ചതി തിരിച്ചറിയാതെ പോകില്ല, തീര്‍ച്ച.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending