Connect with us

india

രാഹുല്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ല; മറുപടിയുമായി കപില്‍ സിബലും ആസാദും

രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ക്ഷുപിതനായെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്. നേതാക്കള്‍ക്ക് ബിജെപിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ പറഞ്ഞുവെന്ന വാര്‍ത്ത മോദി മീഡിയകളുടെ സൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. വ്യാജ വാര്‍ത്തയെ തള്ളി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തി. നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് രണ്‍ദീപ് സിങ് സുര്‍ജേവാല വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്നും അത്തരത്തിലൊരു വാക്ക് പോലും ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളില്‍ നേതാക്കളും പ്രവര്‍ത്തരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മാധ്യമവാര്‍ത്തയില്‍ തെറ്റിധരിച്ചതായും വിഷയത്തിലെ തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി. ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ നേരില്‍ വിളിച്ചു വിശദീകരിച്ചതായും. അതിനാല്‍, തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്നും കപില്‍ സിബല്‍ തുടര്‍ന്ന് ട്വീറ്റ് ചെയ്തു.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഞങ്ങള്‍ എഴുതിയ കത്ത് വിഷയത്തില്‍ ബിജെപിയുമായി യോജിക്കുന്നുവെന്ന് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നതായി ആസാദ് പ്രതികരിച്ചു. ബിജെപിയുടെ നിര്‍ദേശപ്രകാരം ഈ കത്ത് എഴുതിയതെന്ന പരാമര്‍ശം പോലും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചുവെന്നായിരുന്നു വിവാദ വാര്‍ത്തകള്‍. ഇതിനുപിന്നാലെയാണ് പരസ്യവിമര്‍ശനം ഉയര്‍ത്ത് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ സിബലിന്റെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയാ ഗാന്ധിയെ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല. അതുകൊണ്ട് സോണിയ രാഹുലിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എന്നിട്ട് അദ്ദേഹത്തെ അധ്യക്ഷ പദവിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.  അതേസമയം, മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാന്‍ തിരുമാനമായി. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

Published

on

മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ പ്രകോപിതയായി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫായിസ് സാക്കിര്‍ ഹുസൈന്‍, കൂടെ പ്രവര്‍ത്തിച്ച രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്‍ 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്‍ത്താവും കര്‍ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കുടുംബവഴക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ 17-ന് ഹസീനയുടെ നിര്‍ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന്‍ ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി ഹസീനയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്‍കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.

 

Continue Reading

india

ബിജെപി നേതാവിന്റെ ഭര്‍ത്താവിന്റെ ഫ്‌ലാറ്റില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍

ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്‌മെന്റിലെ 112-ാം നമ്പര്‍ ഫ്‌ലാറ്റിലായിരുന്നു.

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍വാണിഭ വലയങ്ങള്‍ക്കെതിരായ വ്യാപകമായ പരിശോധനകളുടെ ഭാഗമായി വാരാണസിയിലെ സിഗ്ര മേഖലയിലെ രണ്ട് സ്പാ സെന്ററുകളില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവയില്‍ ഒന്നായി പ്രവര്‍ത്തിച്ച സ്പാ, ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്‌മെന്റിലെ 112-ാം നമ്പര്‍ ഫ്‌ലാറ്റിലായിരുന്നു.

ഫ്‌ലാറ്റില്‍ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുള്‍പ്പെടെ ആറ് അംഗങ്ങളടങ്ങിയ പെണ്‍വാണിഭ സംഘത്തെയാണു പൊലീസ് പിടികൂടിയത്. സമീപ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും. ഫ്‌ലാറ്റില്‍ നിന്ന് രജിസ്റ്ററുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഒജിയും പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമേ, മഹ്‌മൂര്‍ഗഞ്ച്, ഭേലുപൂര്‍, കാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്പാ സെന്ററുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.

സംഭവത്തെ തുടര്‍ന്ന് രംഗത്തിറങ്ങിയ ശാലിനി യാദവ്, ആരോപണങ്ങള്‍ നിഷേധിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി. ഫ്‌ലാറ്റ് ഭര്‍ത്താവിന്റെ പേരിലാണെന്നും, രാഷ്ട്രീയ പകപോക്കലുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ശാലിനി ആരോപിച്ചു.

2024 ഏപ്രില്‍ മുതല്‍ താന്‍ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയതാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അരുണ്‍ യാദവ് വിശദീകരിച്ചു. നഗരത്തില്‍ തനിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ടെന്നും, പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

Trending