Connect with us

kerala

പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ തനിക്കെന്നും ഊർജ്ജമാണ്, കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നും കൂടെയുണ്ടാവും: എം.കെ മുനീർ

വന്‍ ജനക്കൂട്ടമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും തടിച്ചുകൂടുന്നത്‌

Published

on

കൊടുവള്ളി: മുൻ മുഖ്യമന്ത്രിയും കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ.എം.കെ മുനീറിൻ്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയയോടൊപ്പം പൊതു പ്രവർത്തന രംഗത്തുണ്ടായിരുന്ന കൊടുവള്ളിയിലെ മുതിർന്ന യു.ഡി.എഫ് പ്രവർത്തരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സ്ഥാനാർത്ഥി പര്യടനയാത്ര മണ്ഡലത്തിൻ്റെ ഹൃദയം കവർന്നു. വമ്പിച്ച സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്.

പര്യടനം മുൻസിപ്പാലിറ്റിയിലെ പനക്കോടുള്ള സ്വീകരണ കേന്ദ്രത്തിൽ വെച്ച്  എം.എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്വാമിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാവാട്, ഇരുമോത്ത്, വാവാട് സെൻ്റർ, നെല്ലാങ്കണ്ടി, പാലക്കുറ്റി, ആനപ്പാറ, പട്ടിണിക്കര, കളരാന്തിരി, പോർങ്ങോട്ടൂർ എന്നീ കേന്ദ്രങ്ങളിലൂടെയായി പര്യടനം പൊയിലങ്ങാടിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളും, പൂച്ചെണ്ടുകളും, ഹാരങ്ങൾ അണിയിച്ചും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

വാവാട് വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ സി.എച്ച് മുഹമ്മദ് കോയയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് മുതിർന്ന പ്രവർത്തകർ സ്ഥാനാർത്ഥിയുമായി സംവദിച്ചു. പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ തനിക്കെന്നും ഊർജ്ജമാണെന്നും, കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നും കൂടെയുണ്ടാവുമെന്നും എം.കെ മുനീർ വോട്ടഭ്യർത്ഥിച്ച് സംസാരിക്കവെ പറഞ്ഞു.

ഉദ്ഘാടന സമ്മേളത്തിൽ എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, എ. അരവിന്ദൻ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി, കെ.കെ.എ ഖാദർ,കെ.കെ ജബ്ബാർമാസ്റ്റർ,കെ.പി അബ്ദുൽ മജീദ്, കെ.പി മുഹമ്മദ് സംസാരിച്ചു.

EDUCATION

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; ഈ സൈറ്റുകൾ വഴി ഫലമറിയാം

ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

Published

on

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Continue Reading

kerala

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Published

on

കെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. മേയര്‍ അടക്കം 5 പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

അതേസമയം എഫ്‌ഐആറില്‍ മേയറിനും സംഘത്തിനുമെതിരെ ഗുരുതര പരാമര്‍ശം. ബസിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് പ്രതികളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ പ്രതികള്‍ സ്വാധീനം ഉപയോഗിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറില്‍. ഏറെ വിവാദമായ സംഭവത്തില്‍ മേയറിനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

നേരത്തേ ഗതാഗതം തടസപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎല്‍എയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് തന്നെയാണ് കേസെടുത്തത്.

Continue Reading

kerala

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എസ്എഫ്‌ഐയുടെ അപ്രഖ്യാപിത വിലക്ക്; ക്യാമ്പസില്‍ എത്തിയിട്ട് 3 മാസം; അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്.

Published

on

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എംജി സര്‍വകലാശാല ക്യാമ്പസില്‍ വിലക്ക്. കഴിഞ്ഞ 3 മാസമായി ചെയര്‍മാന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നാലെ ചെയര്‍മാന് മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ആരോപണം. ഈ സംഭവത്തിന് പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്. കോട്ടയത്തു വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവത്തില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ പങ്കെടുക്കാത്തത് ചര്‍ച്ച ആയിരുന്നു.

നാളുകള്‍ക്കു മുമ്പ് ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ചെയര്‍മാന് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഫെബ്രുവരിയില്‍ നടന്ന കലോത്സവത്തില്‍ ചെയര്‍മാന്റെ അസാന്നിധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ തയാറായില്ല.

എംജി സര്‍വകലാശാല ക്യാമ്പസിലും ഹോസ്റ്റലിലും നിലവില്‍ എസ്എഫ്‌ഐക്കാണ് മേല്‍ക്കൈ. എന്നിട്ടും ഇവിടെയെല്ലാം ചെയര്‍മാനെ വിലക്കിയിരിക്കുകയാണ്. കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഇയാളെ പുറത്താക്കി. അതേസമയം തനിക്ക് മര്‍ദ്ദനമേറ്റത് ക്യാമ്പസിന് പുറത്തുവെച്ച് ആയിരുന്നുവെന്നും അതില്‍ എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ആണ് ചെയര്‍മാന്റെ വിശദീകരണം. താന്‍ ഉടന്‍തന്നെ ക്യാമ്പസില്‍ തിരികെ എത്തുമെന്ന് ചെയര്‍മാന്‍ പറയുന്നു.

എന്നാല്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണ് ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും മറ്റു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ക്യാമ്പസിനുള്ളിലെ എസ്എഫ്‌ഐ ചെയര്‍മാന്റെ അസാധ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയാറായിട്ടില്ല.

Continue Reading

Trending