Connect with us

kerala

കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത്- എഡിറ്റോറിയല്‍

കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത്- എഡിറ്റോറിയല്‍

Published

on

 

കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സ്വച്ഛാന്തരീക്ഷം സര്‍വരാലും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. നാട്ടുരാജാക്കന്മാരുടെ തമ്മിലടിയും ജാതിവെറിയും കാരണം സ്വാമിവിവേകാന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കിലും സംസ്‌കാര സമ്പന്നതയിലും അവയുടെ ആദാനപ്രദാനങ്ങളിലും അതില്‍നിന്നെല്ലാം കാതങ്ങള്‍ മുന്നേറിയ അനുഭവമാണ് കൊച്ചുകേരളത്തിനിന്നുള്ളത്. രാജ്യത്ത് മറ്റെങ്ങുമില്ലാത്ത രീതിയിലുള്ള സാമുദായിക സൗഹാര്‍ദത്തിന് കേരളം സാക്ഷ്യംവഹിക്കുന്നത് നൂറ്റാണ്ടുകള്‍നീണ്ട നമ്മുടെ മഹാന്മാരായ നവോത്ഥാന നേതാക്കളുടെയും പണ്ഡിതന്മാരുടെയും അശ്രാന്തശ്രമഫലമായിരുന്നു. അതിലേക്ക് വിഷം കലക്കിവേണം തങ്ങളുടെ സാമ്പത്തിക ഭരണാധികാരം പിടിക്കാനെന്നുറച്ച് തക്കം പാര്‍ത്തിരിക്കുന്ന ചിലര്‍ സംസ്ഥാനത്ത് സകലവിധ കുടിലതകളും പയറ്റിത്തുടങ്ങിയിട്ട് കാലം കുറച്ചായി. അതിനെയെല്ലാം നിഷ്‌കരുണം ചവറ്റുകൊട്ടയിലെറിഞ്ഞ പാരമ്പര്യമാണ് മലയാളിക്കിന്നുമുള്ളത്. ഇതിന് കോട്ടംതട്ടിക്കുമാറുള്ള പ്രസ്താവന അഭിവന്ദ്യനായ ഒരു മതമേലധ്യക്ഷനില്‍നിന്നുണ്ടായിരിക്കുന്നു എന്നത് കേരളത്തിന് ഇപ്പോള്‍ ലജ്ജാവഹമായിരിക്കുകയാണ്.

സെപ്തംബര്‍ 9ന്് പാലാ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എട്ടു നോമ്പുതിരുനാളിനോടനുബന്ധിച്ച് ചര്‍ച്ചിനകത്ത് നടത്തിയ പ്രസംഗമാണ് ഇതിന് കാരണമായിരിക്കുന്നത്. ‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, നമ്മുടെ കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയവിവാഹങ്ങളല്ല, മറിച്ച് നശിപ്പിക്കലാണ്. യുദ്ധ തന്ത്രമാണ്. ഈ ലൗ ജിഹാദിനെയാണ് എതിര്‍ക്കുന്നത്. രണ്ടാമത് നര്‍ക്കോട്ടിക് ജിഹാദാണ്. അമുസ്്‌ലിംകളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെയാണ് നര്‍ക്കോട്ടിക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദ് എന്നു സാധാരണ നമ്മള്‍ പറയുന്നത്. തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്ന ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീംപാര്‍ലറുകള്‍, മധുര പാനീയകടകള്‍, ഹോട്ടലുകള്‍ മുതലായവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ലിസ്റ്റ് ഇവിടംകൊണ്ട് തീരുന്നില്ല. കലാസാംസ്‌കാരിക രംഗങ്ങളിലെ അന്യമത വിദ്വേഷങ്ങള്‍, മറ്റു മതങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകള്‍, പ്രത്യേക ഭക്ഷണം, ഹലാല്‍ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങള്‍, മാര്‍ക്കറ്റ് വിലയേക്കാള്‍ പതിന്മടങ്ങ് വില നല്‍കിക്കൊണ്ടുള്ള ഭൂമിയിടപാടുകള്‍, സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, ആയുധക്കടകള്‍ ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്..’പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെപോകുന്നു.

കേരളത്തില്‍ അടുത്ത കാലത്തായി ലഹരി ഉപയോഗം പോലുള്ള വന്‍തിന്മകള്‍ അധികരിച്ചുവരുന്നുവെന്നത് ആരും മറച്ചുവെക്കുന്നതോ മറയ്‌ക്കേണ്ടതോ ആയ വിഷയമല്ല. സ്വര്‍ണം, കള്ളപ്പണക്കടത്ത്, ലഹരിവസ്തുക്കളുടെ കച്ചവടം, ഉപയോഗം, ലൈംഗികാതിക്രമങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവ രേഖകള്‍ സഹിതം ആര്‍ക്കുമറിയാവുന്ന വസ്തുതകള്‍ മാത്രമാണ്. എല്ലാ വിഭാഗത്തില്‍പെട്ടവരുടെ പേരുകളും ഈ കേസുകളിലെ പ്രതിപ്പട്ടികയില്‍ കാണാനാകും. ഇതിനെതിരെ നടപടികള്‍ കര്‍ശനമാക്കുകയും ഇവയെ അടിമുടി പിഴുതുകളയുകയും ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ വേണ്ടവിധം നിര്‍വഹിക്കുന്നില്ലെന്നത് പരക്കെയുള്ള പരാതിയാണ്. ഏതെങ്കിലും സംഘടനകളോ മത-സാമുദായിക നേതൃത്വങ്ങളോ രാഷ്ട്രീയ കക്ഷികളോ മാത്രം വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നവുമല്ല അത്. അവര്‍ ഇവ പ്രോല്‍സാഹിപ്പിക്കുന്നുവെന്നുപറയുന്നത് അതിലേറെ മഠയത്തരവുമാകും. നാളെയുടെ ഭാഗധേയം പേറേണ്ട യുവത്വമാണ് ഇതിനിരയാകുന്നതെന്നത് നമ്മെയാകെ അലോസരപ്പെടുത്തുന്നു. ഏതു മാതാപിതാക്കള്‍ക്കാണ് സ്വന്തം കുട്ടികള്‍ മയക്കുമരുന്നിനും ലൈംഗികാഭാസങ്ങള്‍ക്കും ഇരയാകുന്നതില്‍ സന്തോഷം കണ്ടെത്താനാകുക. ഈ പശ്ചാത്തലത്തില്‍ മതമേധാവികള്‍ക്കും അതിന്റെ അനുയായികളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നത് മറക്കാനാകില്ല. കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്ക് ഇക്കാര്യത്തില്‍ നിര്‍വഹിക്കാനാകും.

ഇങ്ങനെയൊക്കെയായിരുന്നു അഭിവന്ദ്യബിഷപ്പിന്റെ സ്ഥാനത്തിരുന്നുകൊണ്ട് പാലാബിഷപ്പ് പ്രസ്താവിച്ചിരുന്നതെങ്കില്‍ അതിനെ ക്രിസ്തീയ വിശ്വാസികളുള്‍പ്പെടെയുള്ള സകലമാനജനങ്ങളും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയും ബിഷപ്പിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന സഭയ്ക്കും സര്‍വാത്മനാസഹകരണം വാഗ്ദാനംചെയ്യുകയും ചെയ്യുമായിരുന്നു. എന്നാല്‍ പലതും കാലേക്കൂട്ടി ആലോചിച്ചുറപ്പിച്ചുതന്നെയാണ് ബിഷപ്പ് പ്രസംഗിക്കാനെത്തിയത്. പ്രസംഗത്തില്‍ പലയിടത്തും ‘അമുസ്്‌ലിംകള്‍’ എന്ന് ബിഷപ്പ് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ മറുവശത്ത് മുസ്‌ലിംകളാണ് എന്ന് പകല്‍പോലെ വ്യക്തം. പ്രസംഗത്തിലെ മറ്റു വാചകങ്ങളെല്ലാം ബിഷപ്പിന്റെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാക്കുന്നു. ഇതിനെല്ലാം എന്തു തെളിവുകളാണ് തന്റെ വശം ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതുമില്ല.

2000 അവസാനകാലത്ത് കേരളത്തില്‍ വിവാദത്തിലിരുന്ന ഒരു സംജ്ഞയാണ് ലൗ ജിഹാദ്്. അതിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഹൈക്കോടതിയുത്തരവുപ്രകാരം കേരള പൊലീസും ഹാദിയാ-ഷെഫിന്‍ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ലോക്‌സഭയില്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. പെണ്‍കുട്ടികളെ മതം മാറ്റാനായി പ്രണയിക്കുന്നുവെന്നത് കെട്ടുകഥയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്നാണ് ബോധ്യമായത്. പിന്നെ മയക്കുമരുന്നുപാര്‍ട്ടികളിലും മറ്റും പിടിയിലായ പ്രതികള്‍ മുസ്്‌ലിംകള്‍ മാത്രമല്ല, ഹിന്ദു, ക്രിസ്തീയ സമുദായത്തില്‍നിന്നുള്ളവരും ഉണ്ടായിരുന്നിട്ടും അത് മറച്ചുവെച്ച് ബി.ജെ.പിയുടെ ടി.വി ചാനലാണ്, സകലപണിയും നടത്തിയിട്ടും കേരളത്തില്‍ ക്ലച്ച്പിടിക്കാത്ത ബി.ജെ.പിക്കുവേണ്ടി ‘ഡ്രഗ് ജിഹാദു’ണ്ടെന്ന് കാടടച്ചുവെടിവെച്ചത്. കേരളമെന്ന സ്വച്ഛസുന്ദര തടാകത്തില്‍ വര്‍ഗീയ വിഷം കലക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢനീക്കമാണിതിന് പിന്നിലുള്ളതെന്ന്് മാര്‍ത്തോമ്മ സഭാധിപന്‍ മാര്‍ കൂറിലോസിനെപോലുള്ള ക്രിസ്തീയ നേതൃത്വവും കഥാകൃത്ത് സക്കറിയയെ പോലുള്ള മഹാഭൂരിപക്ഷം വിശ്വാസികളും തിരിച്ചറിഞ്ഞത് ആശ്വാസകരമാണ്. തിരിച്ചറിഞ്ഞിട്ടും അതിനെതിരെ നടപടിയെടുക്കാതെ താല്‍ക്കാലിക നേട്ടത്തിനായി സൃഗാലതന്ത്രം പയറ്റുന്നതാകട്ടെ കേരള സര്‍ക്കാരും സി.പി.എമ്മും. വടക്കേ ഇന്ത്യയെപോലെ കേരളത്തെയും തങ്ങളുടെ വര്‍ഗീയക്കെണിയില്‍ വീഴ്ത്താമെന്ന വ്യാമോഹത്തിന് അരുനിന്നുകൊടുക്കലാകരുത് സ്റ്റാന്‍സ്വാമിമാരുടെയും കഴിഞ്ഞദിവസം പോലും സംഘ്പരിവാറിനാല്‍ ആക്രമിക്കപ്പെട്ടതുമായ ഒരു സമുദായം. അതെ, ഈ ശാദ്വലതീരത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കരുത്. തീ പിടിപ്പിക്കാന്‍ എളുപ്പമായേക്കുമെങ്കിലും അതണയ്ക്കാന്‍ പ്രയാസമാണെന്ന് നാടിന് മാതൃകയാകേണ്ടവര്‍ തിരിച്ചറിയണം. ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് പൊറുക്കേണമേ’ എന്നേ പറയുന്നുള്ളൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending