കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സ്വച്ഛാന്തരീക്ഷം സര്‍വരാലും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. നാട്ടുരാജാക്കന്മാരുടെ തമ്മിലടിയും ജാതിവെറിയും കാരണം സ്വാമിവിവേകാന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കിലും സംസ്‌കാര സമ്പന്നതയിലും അവയുടെ ആദാനപ്രദാനങ്ങളിലും അതില്‍നിന്നെല്ലാം കാതങ്ങള്‍ മുന്നേറിയ അനുഭവമാണ് കൊച്ചുകേരളത്തിനിന്നുള്ളത്. രാജ്യത്ത് മറ്റെങ്ങുമില്ലാത്ത രീതിയിലുള്ള സാമുദായിക സൗഹാര്‍ദത്തിന് കേരളം സാക്ഷ്യംവഹിക്കുന്നത് നൂറ്റാണ്ടുകള്‍നീണ്ട നമ്മുടെ മഹാന്മാരായ നവോത്ഥാന നേതാക്കളുടെയും പണ്ഡിതന്മാരുടെയും അശ്രാന്തശ്രമഫലമായിരുന്നു. അതിലേക്ക് വിഷം കലക്കിവേണം തങ്ങളുടെ സാമ്പത്തിക ഭരണാധികാരം പിടിക്കാനെന്നുറച്ച് തക്കം പാര്‍ത്തിരിക്കുന്ന ചിലര്‍ സംസ്ഥാനത്ത് സകലവിധ കുടിലതകളും പയറ്റിത്തുടങ്ങിയിട്ട് കാലം കുറച്ചായി. അതിനെയെല്ലാം നിഷ്‌കരുണം ചവറ്റുകൊട്ടയിലെറിഞ്ഞ പാരമ്പര്യമാണ് മലയാളിക്കിന്നുമുള്ളത്. ഇതിന് കോട്ടംതട്ടിക്കുമാറുള്ള പ്രസ്താവന അഭിവന്ദ്യനായ ഒരു മതമേലധ്യക്ഷനില്‍നിന്നുണ്ടായിരിക്കുന്നു എന്നത് കേരളത്തിന് ഇപ്പോള്‍ ലജ്ജാവഹമായിരിക്കുകയാണ്.

സെപ്തംബര്‍ 9ന്് പാലാ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എട്ടു നോമ്പുതിരുനാളിനോടനുബന്ധിച്ച് ചര്‍ച്ചിനകത്ത് നടത്തിയ പ്രസംഗമാണ് ഇതിന് കാരണമായിരിക്കുന്നത്. ‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, നമ്മുടെ കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയവിവാഹങ്ങളല്ല, മറിച്ച് നശിപ്പിക്കലാണ്. യുദ്ധ തന്ത്രമാണ്. ഈ ലൗ ജിഹാദിനെയാണ് എതിര്‍ക്കുന്നത്. രണ്ടാമത് നര്‍ക്കോട്ടിക് ജിഹാദാണ്. അമുസ്്‌ലിംകളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെയാണ് നര്‍ക്കോട്ടിക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദ് എന്നു സാധാരണ നമ്മള്‍ പറയുന്നത്. തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്ന ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീംപാര്‍ലറുകള്‍, മധുര പാനീയകടകള്‍, ഹോട്ടലുകള്‍ മുതലായവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ലിസ്റ്റ് ഇവിടംകൊണ്ട് തീരുന്നില്ല. കലാസാംസ്‌കാരിക രംഗങ്ങളിലെ അന്യമത വിദ്വേഷങ്ങള്‍, മറ്റു മതങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകള്‍, പ്രത്യേക ഭക്ഷണം, ഹലാല്‍ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങള്‍, മാര്‍ക്കറ്റ് വിലയേക്കാള്‍ പതിന്മടങ്ങ് വില നല്‍കിക്കൊണ്ടുള്ള ഭൂമിയിടപാടുകള്‍, സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, ആയുധക്കടകള്‍ ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്..’പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെപോകുന്നു.

കേരളത്തില്‍ അടുത്ത കാലത്തായി ലഹരി ഉപയോഗം പോലുള്ള വന്‍തിന്മകള്‍ അധികരിച്ചുവരുന്നുവെന്നത് ആരും മറച്ചുവെക്കുന്നതോ മറയ്‌ക്കേണ്ടതോ ആയ വിഷയമല്ല. സ്വര്‍ണം, കള്ളപ്പണക്കടത്ത്, ലഹരിവസ്തുക്കളുടെ കച്ചവടം, ഉപയോഗം, ലൈംഗികാതിക്രമങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവ രേഖകള്‍ സഹിതം ആര്‍ക്കുമറിയാവുന്ന വസ്തുതകള്‍ മാത്രമാണ്. എല്ലാ വിഭാഗത്തില്‍പെട്ടവരുടെ പേരുകളും ഈ കേസുകളിലെ പ്രതിപ്പട്ടികയില്‍ കാണാനാകും. ഇതിനെതിരെ നടപടികള്‍ കര്‍ശനമാക്കുകയും ഇവയെ അടിമുടി പിഴുതുകളയുകയും ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ വേണ്ടവിധം നിര്‍വഹിക്കുന്നില്ലെന്നത് പരക്കെയുള്ള പരാതിയാണ്. ഏതെങ്കിലും സംഘടനകളോ മത-സാമുദായിക നേതൃത്വങ്ങളോ രാഷ്ട്രീയ കക്ഷികളോ മാത്രം വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നവുമല്ല അത്. അവര്‍ ഇവ പ്രോല്‍സാഹിപ്പിക്കുന്നുവെന്നുപറയുന്നത് അതിലേറെ മഠയത്തരവുമാകും. നാളെയുടെ ഭാഗധേയം പേറേണ്ട യുവത്വമാണ് ഇതിനിരയാകുന്നതെന്നത് നമ്മെയാകെ അലോസരപ്പെടുത്തുന്നു. ഏതു മാതാപിതാക്കള്‍ക്കാണ് സ്വന്തം കുട്ടികള്‍ മയക്കുമരുന്നിനും ലൈംഗികാഭാസങ്ങള്‍ക്കും ഇരയാകുന്നതില്‍ സന്തോഷം കണ്ടെത്താനാകുക. ഈ പശ്ചാത്തലത്തില്‍ മതമേധാവികള്‍ക്കും അതിന്റെ അനുയായികളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നത് മറക്കാനാകില്ല. കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്ക് ഇക്കാര്യത്തില്‍ നിര്‍വഹിക്കാനാകും.

ഇങ്ങനെയൊക്കെയായിരുന്നു അഭിവന്ദ്യബിഷപ്പിന്റെ സ്ഥാനത്തിരുന്നുകൊണ്ട് പാലാബിഷപ്പ് പ്രസ്താവിച്ചിരുന്നതെങ്കില്‍ അതിനെ ക്രിസ്തീയ വിശ്വാസികളുള്‍പ്പെടെയുള്ള സകലമാനജനങ്ങളും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയും ബിഷപ്പിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന സഭയ്ക്കും സര്‍വാത്മനാസഹകരണം വാഗ്ദാനംചെയ്യുകയും ചെയ്യുമായിരുന്നു. എന്നാല്‍ പലതും കാലേക്കൂട്ടി ആലോചിച്ചുറപ്പിച്ചുതന്നെയാണ് ബിഷപ്പ് പ്രസംഗിക്കാനെത്തിയത്. പ്രസംഗത്തില്‍ പലയിടത്തും ‘അമുസ്്‌ലിംകള്‍’ എന്ന് ബിഷപ്പ് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ മറുവശത്ത് മുസ്‌ലിംകളാണ് എന്ന് പകല്‍പോലെ വ്യക്തം. പ്രസംഗത്തിലെ മറ്റു വാചകങ്ങളെല്ലാം ബിഷപ്പിന്റെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാക്കുന്നു. ഇതിനെല്ലാം എന്തു തെളിവുകളാണ് തന്റെ വശം ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതുമില്ല.

2000 അവസാനകാലത്ത് കേരളത്തില്‍ വിവാദത്തിലിരുന്ന ഒരു സംജ്ഞയാണ് ലൗ ജിഹാദ്്. അതിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഹൈക്കോടതിയുത്തരവുപ്രകാരം കേരള പൊലീസും ഹാദിയാ-ഷെഫിന്‍ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ലോക്‌സഭയില്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. പെണ്‍കുട്ടികളെ മതം മാറ്റാനായി പ്രണയിക്കുന്നുവെന്നത് കെട്ടുകഥയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്നാണ് ബോധ്യമായത്. പിന്നെ മയക്കുമരുന്നുപാര്‍ട്ടികളിലും മറ്റും പിടിയിലായ പ്രതികള്‍ മുസ്്‌ലിംകള്‍ മാത്രമല്ല, ഹിന്ദു, ക്രിസ്തീയ സമുദായത്തില്‍നിന്നുള്ളവരും ഉണ്ടായിരുന്നിട്ടും അത് മറച്ചുവെച്ച് ബി.ജെ.പിയുടെ ടി.വി ചാനലാണ്, സകലപണിയും നടത്തിയിട്ടും കേരളത്തില്‍ ക്ലച്ച്പിടിക്കാത്ത ബി.ജെ.പിക്കുവേണ്ടി ‘ഡ്രഗ് ജിഹാദു’ണ്ടെന്ന് കാടടച്ചുവെടിവെച്ചത്. കേരളമെന്ന സ്വച്ഛസുന്ദര തടാകത്തില്‍ വര്‍ഗീയ വിഷം കലക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢനീക്കമാണിതിന് പിന്നിലുള്ളതെന്ന്് മാര്‍ത്തോമ്മ സഭാധിപന്‍ മാര്‍ കൂറിലോസിനെപോലുള്ള ക്രിസ്തീയ നേതൃത്വവും കഥാകൃത്ത് സക്കറിയയെ പോലുള്ള മഹാഭൂരിപക്ഷം വിശ്വാസികളും തിരിച്ചറിഞ്ഞത് ആശ്വാസകരമാണ്. തിരിച്ചറിഞ്ഞിട്ടും അതിനെതിരെ നടപടിയെടുക്കാതെ താല്‍ക്കാലിക നേട്ടത്തിനായി സൃഗാലതന്ത്രം പയറ്റുന്നതാകട്ടെ കേരള സര്‍ക്കാരും സി.പി.എമ്മും. വടക്കേ ഇന്ത്യയെപോലെ കേരളത്തെയും തങ്ങളുടെ വര്‍ഗീയക്കെണിയില്‍ വീഴ്ത്താമെന്ന വ്യാമോഹത്തിന് അരുനിന്നുകൊടുക്കലാകരുത് സ്റ്റാന്‍സ്വാമിമാരുടെയും കഴിഞ്ഞദിവസം പോലും സംഘ്പരിവാറിനാല്‍ ആക്രമിക്കപ്പെട്ടതുമായ ഒരു സമുദായം. അതെ, ഈ ശാദ്വലതീരത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കരുത്. തീ പിടിപ്പിക്കാന്‍ എളുപ്പമായേക്കുമെങ്കിലും അതണയ്ക്കാന്‍ പ്രയാസമാണെന്ന് നാടിന് മാതൃകയാകേണ്ടവര്‍ തിരിച്ചറിയണം. ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് പൊറുക്കേണമേ’ എന്നേ പറയുന്നുള്ളൂ.