Features
കലാപങ്ങള്‍ ഉണ്ടാക്കുന്നവര്‍
2023ലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാളി ഹിന്ദുക്കളും തദ്ദേശീയരും തമ്മിലുള്ള ശത്രുത പതിയെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്ക് ദൃഢപ്പെടുത്താമെന്ന് ഭരണകക്ഷി കരുതുന്നു. നിരപരാധികളുടെ ജീവനും
സ്വത്തുമാണ് ഇതുവഴി അപകടത്തിലാവുന്നത്.
ഷംസീര്‍ കേളോത്ത്
ഇന്ത്യയില്‍ കലാപങ്ങള്‍ യാദൃച്ഛികമായി ഉണ്ടാകുന്നതല്ല, മറിച്ച് കാലേക്കൂട്ടിയുള്ള തീരുമാനപ്രകാരം ആലോചിച്ചുറച്ച് ചിലര്‍ നടപ്പാക്കുന്നതാണ്. 1961 മുതല്‍ ഉത്തര്‍പ്രദേശിലെ മീറത്ത് പട്ടണത്തിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപങ്ങളെ പഠനവിധേയമാക്കിയ സാമൂഹ്യശാസ്ത്രജ്ഞന്‍ പോള്‍ ബ്രാസ് ഇങ്ങനെയൊരു നിരീക്ഷണം തെളിവുകള്‍ സഹിതം മുന്നോട്ട്‌വെക്കുന്നുണ്ട്. സ്ഥാപനവത്കരിക്കപ്പെട്ട കലാപ സംവിധാനം എന്നാണ് ഞൊടിയിടയില്‍ കലാപം സൃഷ്ടിക്കാനുള്ള വ്യവസ്ഥയെ അദ്ദേഹം തന്റെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ഈ സാമൂഹ്യ സംവിധാനത്തെ ഉപയോഗിച്ചാണ് സംഘ്പരിവാരം മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു കലാപത്തിന്‌ശേഷം മറ്റൊരു കലാപം സൃഷ്ടിക്കപ്പെടേണ്ട നാള്‍വരെ ഈ സംവിധാനത്തെ നിലനിര്‍ത്താനും ആവശ്യമുള്ളപ്പോള്‍ ആക്ടിവേറ്റ് ചെയ്യാനുമുള്ള മികവ് കലാപകാരികള്‍ക്കുണ്ടെന്നും ബ്രാസ് വാദിച്ചു. പൊതുവെ തെരഞ്ഞെടുപ്പോടനുബന്ധിച്ചാണ് ഇത്തരം കലാപ മെഷീന്‍ ആക്ടിവേറ്റ് ചെയ്യപ്പെടാറുള്ളത്. ആധുനിക ഇന്ത്യയുടെ ചരിത്രം ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ആയിരക്കണക്കിന് ചെറുതും വലുതുമായ കലാപങ്ങളുടേത്കൂടിയാണ്, അതില്‍ എരിഞ്ഞൊടുങ്ങിയ പതിനായിരക്കണക്കിന് ജീവിതങ്ങളുടേത്കൂടിയാണ്. ന്യൂനപക്ഷങ്ങളാദി ജനവിഭാഗങ്ങളുടെ വ്യക്തിപരവും സാമുദായികവുമായ അസ്തിത്വത്തെ അംഗീകരിച്ച ഭരണഘടനയാണ് രാജ്യത്തുള്ളത്. മൗലികാവകാശങ്ങളുടെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കലാപങ്ങളിലൂടെ റദ്ദ് ചെയ്യുന്നതും മരവിപ്പിച്ചുനിര്‍ത്തുന്നതും ഈ അവകാശങ്ങളെയാണ്. ഇന്ത്യയെന്ന ആധുനിക ദേശരാഷ്ട്രത്തിന്റെ നിയമവാഴ്ചയെ തന്നെയാണ് കലാപങ്ങള്‍ അട്ടിമറിക്കുന്നത്.
ത്രിപുരയിലെ തീക്കനല്‍
പതിവ് കലാപ കേന്ദ്രങ്ങളുടെ പട്ടികയില്‍ ത്രിപുരയെന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്തെ പൊതുവെ ആരും ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ഇന്ന് വര്‍ഗീയ കലാപനാടുകളുടെ ഭൂപടത്തില്‍ ത്രിപുരയും ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മുസ്‌ലിംകള്‍ക്കെതിരെ വലിയ തോതിലുള്ള അതിക്രമങ്ങളാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. സംഘ്പരിവാര്‍ സംഘടനകളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ത്രിപുരയില്‍ മുസ്‌ലിംകള്‍ ന്യൂനാല്‍ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ ഒന്‍പത് ശതമാനം മാത്രമാണവര്‍. ത്രിപുരയിലെ സാമൂഹ്യ സംഘര്‍ഷങ്ങള്‍ ബംഗാളി ഹിന്ദുക്കളും ആദിവാസി വിഭാഗങ്ങളും തമ്മിലായിരുന്നു നടന്നിരുന്നത്. മുസ്‌ലിംകള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വളരെ കുറവായിരുന്നു. ഇക്കഴിഞ്ഞ മാസം ത്രിപുരയിലരങ്ങേറിയ കലാപം അതിനൊരു അപവാദമാണ്. നിരവധി പള്ളികളാണ് ഈയിടെ നടന്ന കലാപത്തില്‍ അക്രമിക്കപ്പെട്ടത്. സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ അതിക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ റാലികളാണ് ത്രിപുരയില്‍ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലേക്ക് നീങ്ങിയത്. ദിവസങ്ങളിടവിട്ട് നിരവധി റാലികളാണ് നടന്നത്. വിദ്വേഷം ജനിപ്പിക്കുന്ന കാമ്പയിന്‍ മുസ്‌ലിംകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്നിരുന്നു. ഒക്ടോബര്‍ 21 ന് ഗോമതി ജില്ലയിലും ധര്‍മ്മനഗറിലും അഗര്‍ത്തലയിലുമൊക്കെ ഹിന്ദുസംഘടനകളുടെ പ്രകടനങ്ങള്‍ നടന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റാലികളെ തുടര്‍ന്നുണ്ടായി. ഒക്ടോബര്‍ 26ന് വടക്കന്‍ ത്രിപുരയിലെ പാനിസാഗര്‍ എന്ന പ്രദേശത്ത് നടന്ന റാലിയേ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. ത്രിപുരയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവിടെ കലാപമരണങ്ങേറുകയാണെന്ന പ്രചാരണം തെറ്റാണെന്നുമാണ് ത്രിപുര സര്‍ക്കാറിന്റെ പരിഹാസ്യമായ വാദം. പള്ളി അക്രമിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. അതുപോലും തിരിച്ചറിയാതെയാണ് അപഹാസ്യമായ വാദം ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. 2023ലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ഹിന്ദു-മുസ്‌ലിം കലാപത്തിലൂടെ ഹിന്ദു ഏകീകരണം സാധ്യമാക്കാമെന്നും അതിലൂടെ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്നുമുള്ള കണക്കുകൂട്ടലാണ് കലാപത്തിന് പിന്നിലുള്ളതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. ഇടതുപക്ഷം ഏറെക്കുറേ അപ്രത്യക്ഷമായ ത്രിപുരയിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രംഗപ്രവേശത്തില്‍ അസ്വസ്ഥരായ സംഘ്പരിവാരം തങ്ങളുടെ ഹിന്ദുത്വ വോട്ട് ബാങ്ക് ശക്തിപ്പെടുത്താനായി നടത്തിയ ശ്രമമായിരുന്നു കലാപശ്രമങ്ങളെന്നും പറയപ്പെടുന്നു. ബംഗാളി ഹിന്ദുക്കളും തദ്ദേശീയരും തമ്മിലുള്ള ശത്രുത പതിയെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്ക് ദൃഢപ്പെടുത്താമെന്ന് ഭരണകക്ഷി കരുതുന്നു. നിരപരാധികളുടെ ജീവനും സ്വത്തുമാണ് ഇതുവഴി അപകടത്തിലാവുന്നത്.
ദക്ഷിണേഷ്യയിലെ മതന്യൂനപക്ഷങ്ങള്‍
ബംഗ്ലാദേശിലെയോ പാക്കിസ്താനിലെയോ ഹിന്ദു ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യമല്ല സംഘ്പരിവാരത്തിനുള്ളത്. അയല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുക എന്നതാണ് താല്‍പ്പര്യം. ദക്ഷിണേഷ്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അതത് രാജ്യങ്ങളാണ്, അയല്‍ രാജ്യങ്ങളല്ല. മറ്റൊരു രാജ്യത്തെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി അയല്‍ രാജ്യങ്ങള്‍ (പലപ്പോഴും ശത്രുരാജ്യങ്ങള്‍) ശബ്ദിക്കുന്നത് ആ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കാനേ സാധ്യതയുള്ളൂ. ഇന്ത്യയിലെ മുസ്‌ലിംകളുടെ അവകാശങ്ങളെപ്പറ്റി ആകുലപ്പെട്ട പാക്കിസ്താനോട് ഇന്ത്യന്‍ മുസ്‌ലിം നേതാക്കള്‍ അമ്പതുകളില്‍ സ്വീകരിച്ച നിലപാട് ഇവിടുത്തെ മുസ്‌ലിംകളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം നിങ്ങള്‍ പാക്കിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ മതി എന്നായിരുന്നു. ത്രിപുരയിലെ വര്‍ഗീയ കലാപത്തിന് ദക്ഷിണേഷ്യന്‍ സ്വത്വ പ്രശ്‌നത്തിന്റെ പരിപ്രേക്ഷ്യം നല്‍കുന്നവര്‍ കലാപകാരികളുടെ ആഖ്യാനത്തെ അംഗീകരിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. ഈ ഉപഭൂഖണ്ഡത്തിലാകെ നടക്കുന്ന ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങളുടെ പ്രതിഫലനമാണ് കലാപങ്ങളെന്ന് സാമാന്യവത്കരിച്ച് ഇരയാക്കപ്പെടുന്നവര്‍ അതിനര്‍ഹരാണെന്ന് പറയാതെ പറയുകയാണ് ചിലര്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ രാഷ്ട്രീയ വിഭജനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്ക് ദേശാന്തര രാഷ്ട്രീയ താല്‍പര്യങ്ങളേക്കാള്‍ ആഭ്യന്തര രാഷ്ട്രീയ താല്‍പര്യങ്ങളാണ് കാരണമെന്ന് ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാവും.
ദേശരാഷ്ട്രങ്ങളുടെ കടമയാണ് അവരുടെ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംസ്‌ക്കാരത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമൊരുക്കേണ്ട ബാധ്യത ഇവിടുത്തെ സര്‍ക്കാറിനുള്ളത് പോലെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയുറപ്പാക്കേണ്ടതും ഇരകള്‍ക്ക് നീതി നടപ്പാക്കേണ്ടതും അവിടുത്തെ സര്‍ക്കാറിന്റെ ബാധ്യതയാണ്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിനോട് അവിടുത്തെ ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ ചെയ്ത ക്രൂരതയ്ക്ക് ഇന്ത്യയിലെ ന്യൂനപക്ഷത്തോട് പക തീര്‍ക്കുന്നവരും ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ അതിക്രമങ്ങള്‍ക്ക് പാകിസ്താനിലെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരും ഇരയുടെ താല്‍പര്യങ്ങളെയല്ല സ്വന്തം താല്‍പര്യങ്ങളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പീഡിത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതിയുറപ്പാക്കുകയാണ് സര്‍ക്കാരുകളുടെ ലക്ഷ്യമെങ്കില്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ അത് ആദ്യം നടപ്പാക്കുകയാണ് വേണ്ടത്. രാജ്യത്തെ കോടാനുകോടി മനുഷ്യര്‍ക്ക് അന്തസോടെയുള്ള ജീവിതം പ്രദാനം ചെയ്യുന്നതിന്പകരം പൗരത്വ നിയമത്തില്‍ ശ്രദ്ധയൂന്നി നാട്ടുകാരെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് രാഷ്ട്രീയ ലാഭം ലാക്കാക്കിയാണ്. എത്രയേറെ പൗരത്വാവകാശ പോരാളികളാണ് രാജ്യത്ത് കൊല ചെയ്യപ്പെട്ടത്. ഇന്ത്യയും പാക്കിസ്താനും രണ്ടു രാജ്യങ്ങളിലും നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ വീറോടെ ലോക വേദികളില്‍ അവതരിപ്പിക്കാറുണ്ട്. പരസ്പരം പഴിചാരാറുണ്ട്. പക്ഷേ, സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എത്രത്തോളം നീതിയുറപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാറുണ്ടെന്ന ചോദ്യം അവിടെ ബാക്കിയാവുന്നു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
Features
ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും
സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.
പി.കെ മുഹമ്മദലി
കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .
ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.
ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.
സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.
ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.
തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.
പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.
കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.
പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.
1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.
1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.
സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.
34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.
മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

