ഷംസീര്‍ കേളോത്ത്

ഇന്ത്യയില്‍ കലാപങ്ങള്‍ യാദൃച്ഛികമായി ഉണ്ടാകുന്നതല്ല, മറിച്ച് കാലേക്കൂട്ടിയുള്ള തീരുമാനപ്രകാരം ആലോചിച്ചുറച്ച് ചിലര്‍ നടപ്പാക്കുന്നതാണ്. 1961 മുതല്‍ ഉത്തര്‍പ്രദേശിലെ മീറത്ത് പട്ടണത്തിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപങ്ങളെ പഠനവിധേയമാക്കിയ സാമൂഹ്യശാസ്ത്രജ്ഞന്‍ പോള്‍ ബ്രാസ് ഇങ്ങനെയൊരു നിരീക്ഷണം തെളിവുകള്‍ സഹിതം മുന്നോട്ട്‌വെക്കുന്നുണ്ട്. സ്ഥാപനവത്കരിക്കപ്പെട്ട കലാപ സംവിധാനം എന്നാണ് ഞൊടിയിടയില്‍ കലാപം സൃഷ്ടിക്കാനുള്ള വ്യവസ്ഥയെ അദ്ദേഹം തന്റെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ഈ സാമൂഹ്യ സംവിധാനത്തെ ഉപയോഗിച്ചാണ് സംഘ്പരിവാരം മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു കലാപത്തിന്‌ശേഷം മറ്റൊരു കലാപം സൃഷ്ടിക്കപ്പെടേണ്ട നാള്‍വരെ ഈ സംവിധാനത്തെ നിലനിര്‍ത്താനും ആവശ്യമുള്ളപ്പോള്‍ ആക്ടിവേറ്റ് ചെയ്യാനുമുള്ള മികവ് കലാപകാരികള്‍ക്കുണ്ടെന്നും ബ്രാസ് വാദിച്ചു. പൊതുവെ തെരഞ്ഞെടുപ്പോടനുബന്ധിച്ചാണ് ഇത്തരം കലാപ മെഷീന്‍ ആക്ടിവേറ്റ് ചെയ്യപ്പെടാറുള്ളത്. ആധുനിക ഇന്ത്യയുടെ ചരിത്രം ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ആയിരക്കണക്കിന് ചെറുതും വലുതുമായ കലാപങ്ങളുടേത്കൂടിയാണ്, അതില്‍ എരിഞ്ഞൊടുങ്ങിയ പതിനായിരക്കണക്കിന് ജീവിതങ്ങളുടേത്കൂടിയാണ്. ന്യൂനപക്ഷങ്ങളാദി ജനവിഭാഗങ്ങളുടെ വ്യക്തിപരവും സാമുദായികവുമായ അസ്തിത്വത്തെ അംഗീകരിച്ച ഭരണഘടനയാണ് രാജ്യത്തുള്ളത്. മൗലികാവകാശങ്ങളുടെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കലാപങ്ങളിലൂടെ റദ്ദ് ചെയ്യുന്നതും മരവിപ്പിച്ചുനിര്‍ത്തുന്നതും ഈ അവകാശങ്ങളെയാണ്. ഇന്ത്യയെന്ന ആധുനിക ദേശരാഷ്ട്രത്തിന്റെ നിയമവാഴ്ചയെ തന്നെയാണ് കലാപങ്ങള്‍ അട്ടിമറിക്കുന്നത്.

ത്രിപുരയിലെ തീക്കനല്‍

പതിവ് കലാപ കേന്ദ്രങ്ങളുടെ പട്ടികയില്‍ ത്രിപുരയെന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്തെ പൊതുവെ ആരും ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ഇന്ന് വര്‍ഗീയ കലാപനാടുകളുടെ ഭൂപടത്തില്‍ ത്രിപുരയും ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മുസ്‌ലിംകള്‍ക്കെതിരെ വലിയ തോതിലുള്ള അതിക്രമങ്ങളാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. സംഘ്പരിവാര്‍ സംഘടനകളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ത്രിപുരയില്‍ മുസ്‌ലിംകള്‍ ന്യൂനാല്‍ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ ഒന്‍പത് ശതമാനം മാത്രമാണവര്‍. ത്രിപുരയിലെ സാമൂഹ്യ സംഘര്‍ഷങ്ങള്‍ ബംഗാളി ഹിന്ദുക്കളും ആദിവാസി വിഭാഗങ്ങളും തമ്മിലായിരുന്നു നടന്നിരുന്നത്. മുസ്‌ലിംകള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വളരെ കുറവായിരുന്നു. ഇക്കഴിഞ്ഞ മാസം ത്രിപുരയിലരങ്ങേറിയ കലാപം അതിനൊരു അപവാദമാണ്. നിരവധി പള്ളികളാണ് ഈയിടെ നടന്ന കലാപത്തില്‍ അക്രമിക്കപ്പെട്ടത്. സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ അതിക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ റാലികളാണ് ത്രിപുരയില്‍ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലേക്ക് നീങ്ങിയത്. ദിവസങ്ങളിടവിട്ട് നിരവധി റാലികളാണ് നടന്നത്. വിദ്വേഷം ജനിപ്പിക്കുന്ന കാമ്പയിന്‍ മുസ്‌ലിംകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്നിരുന്നു. ഒക്ടോബര്‍ 21 ന് ഗോമതി ജില്ലയിലും ധര്‍മ്മനഗറിലും അഗര്‍ത്തലയിലുമൊക്കെ ഹിന്ദുസംഘടനകളുടെ പ്രകടനങ്ങള്‍ നടന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റാലികളെ തുടര്‍ന്നുണ്ടായി. ഒക്ടോബര്‍ 26ന് വടക്കന്‍ ത്രിപുരയിലെ പാനിസാഗര്‍ എന്ന പ്രദേശത്ത് നടന്ന റാലിയേ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. ത്രിപുരയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവിടെ കലാപമരണങ്ങേറുകയാണെന്ന പ്രചാരണം തെറ്റാണെന്നുമാണ് ത്രിപുര സര്‍ക്കാറിന്റെ പരിഹാസ്യമായ വാദം. പള്ളി അക്രമിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. അതുപോലും തിരിച്ചറിയാതെയാണ് അപഹാസ്യമായ വാദം ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. 2023ലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ഹിന്ദു-മുസ്‌ലിം കലാപത്തിലൂടെ ഹിന്ദു ഏകീകരണം സാധ്യമാക്കാമെന്നും അതിലൂടെ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്നുമുള്ള കണക്കുകൂട്ടലാണ് കലാപത്തിന് പിന്നിലുള്ളതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. ഇടതുപക്ഷം ഏറെക്കുറേ അപ്രത്യക്ഷമായ ത്രിപുരയിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രംഗപ്രവേശത്തില്‍ അസ്വസ്ഥരായ സംഘ്പരിവാരം തങ്ങളുടെ ഹിന്ദുത്വ വോട്ട് ബാങ്ക് ശക്തിപ്പെടുത്താനായി നടത്തിയ ശ്രമമായിരുന്നു കലാപശ്രമങ്ങളെന്നും പറയപ്പെടുന്നു. ബംഗാളി ഹിന്ദുക്കളും തദ്ദേശീയരും തമ്മിലുള്ള ശത്രുത പതിയെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്ക് ദൃഢപ്പെടുത്താമെന്ന് ഭരണകക്ഷി കരുതുന്നു. നിരപരാധികളുടെ ജീവനും സ്വത്തുമാണ് ഇതുവഴി അപകടത്തിലാവുന്നത്.

ദക്ഷിണേഷ്യയിലെ മതന്യൂനപക്ഷങ്ങള്‍

ബംഗ്ലാദേശിലെയോ പാക്കിസ്താനിലെയോ ഹിന്ദു ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യമല്ല സംഘ്പരിവാരത്തിനുള്ളത്. അയല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുക എന്നതാണ് താല്‍പ്പര്യം. ദക്ഷിണേഷ്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അതത് രാജ്യങ്ങളാണ്, അയല്‍ രാജ്യങ്ങളല്ല. മറ്റൊരു രാജ്യത്തെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി അയല്‍ രാജ്യങ്ങള്‍ (പലപ്പോഴും ശത്രുരാജ്യങ്ങള്‍) ശബ്ദിക്കുന്നത് ആ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കാനേ സാധ്യതയുള്ളൂ. ഇന്ത്യയിലെ മുസ്‌ലിംകളുടെ അവകാശങ്ങളെപ്പറ്റി ആകുലപ്പെട്ട പാക്കിസ്താനോട് ഇന്ത്യന്‍ മുസ്‌ലിം നേതാക്കള്‍ അമ്പതുകളില്‍ സ്വീകരിച്ച നിലപാട് ഇവിടുത്തെ മുസ്‌ലിംകളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം നിങ്ങള്‍ പാക്കിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ മതി എന്നായിരുന്നു. ത്രിപുരയിലെ വര്‍ഗീയ കലാപത്തിന് ദക്ഷിണേഷ്യന്‍ സ്വത്വ പ്രശ്‌നത്തിന്റെ പരിപ്രേക്ഷ്യം നല്‍കുന്നവര്‍ കലാപകാരികളുടെ ആഖ്യാനത്തെ അംഗീകരിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. ഈ ഉപഭൂഖണ്ഡത്തിലാകെ നടക്കുന്ന ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങളുടെ പ്രതിഫലനമാണ് കലാപങ്ങളെന്ന് സാമാന്യവത്കരിച്ച് ഇരയാക്കപ്പെടുന്നവര്‍ അതിനര്‍ഹരാണെന്ന് പറയാതെ പറയുകയാണ് ചിലര്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ രാഷ്ട്രീയ വിഭജനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്ക് ദേശാന്തര രാഷ്ട്രീയ താല്‍പര്യങ്ങളേക്കാള്‍ ആഭ്യന്തര രാഷ്ട്രീയ താല്‍പര്യങ്ങളാണ് കാരണമെന്ന് ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാവും.

ദേശരാഷ്ട്രങ്ങളുടെ കടമയാണ് അവരുടെ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംസ്‌ക്കാരത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമൊരുക്കേണ്ട ബാധ്യത ഇവിടുത്തെ സര്‍ക്കാറിനുള്ളത് പോലെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയുറപ്പാക്കേണ്ടതും ഇരകള്‍ക്ക് നീതി നടപ്പാക്കേണ്ടതും അവിടുത്തെ സര്‍ക്കാറിന്റെ ബാധ്യതയാണ്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിനോട് അവിടുത്തെ ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ ചെയ്ത ക്രൂരതയ്ക്ക് ഇന്ത്യയിലെ ന്യൂനപക്ഷത്തോട് പക തീര്‍ക്കുന്നവരും ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ അതിക്രമങ്ങള്‍ക്ക് പാകിസ്താനിലെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരും ഇരയുടെ താല്‍പര്യങ്ങളെയല്ല സ്വന്തം താല്‍പര്യങ്ങളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പീഡിത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതിയുറപ്പാക്കുകയാണ് സര്‍ക്കാരുകളുടെ ലക്ഷ്യമെങ്കില്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ അത് ആദ്യം നടപ്പാക്കുകയാണ് വേണ്ടത്. രാജ്യത്തെ കോടാനുകോടി മനുഷ്യര്‍ക്ക് അന്തസോടെയുള്ള ജീവിതം പ്രദാനം ചെയ്യുന്നതിന്പകരം പൗരത്വ നിയമത്തില്‍ ശ്രദ്ധയൂന്നി നാട്ടുകാരെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് രാഷ്ട്രീയ ലാഭം ലാക്കാക്കിയാണ്. എത്രയേറെ പൗരത്വാവകാശ പോരാളികളാണ് രാജ്യത്ത് കൊല ചെയ്യപ്പെട്ടത്. ഇന്ത്യയും പാക്കിസ്താനും രണ്ടു രാജ്യങ്ങളിലും നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ വീറോടെ ലോക വേദികളില്‍ അവതരിപ്പിക്കാറുണ്ട്. പരസ്പരം പഴിചാരാറുണ്ട്. പക്ഷേ, സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എത്രത്തോളം നീതിയുറപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാറുണ്ടെന്ന ചോദ്യം അവിടെ ബാക്കിയാവുന്നു.