Connect with us

Video Stories

കാരുണ്യ പദ്ധതി ആശങ്കയകറ്റണം

Published

on

കേരളത്തിന്റെ സാമൂഹിക ക്ഷേമ ചരിത്രത്തില്‍ തിളങ്ങുന്ന ഏടായി ഇടംപിടിച്ചതും ഏറെ നിരാലംബര്‍ക്ക് തണലേകിയതുമായ, സര്‍ക്കാര്‍ സഹായ പദ്ധതിയാണ് പേരുകൊണ്ടുതന്നെ പ്രശസ്തമായ മലയാളികളുടെ സ്വന്തം കാരുണ്യ പദ്ധതി അഥവാ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ 2011- 2012 ലെ ബജറ്റിലൂടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതി പ്രകാരം എണ്ണമറ്റ പാവപ്പെട്ട രോഗികള്‍ക്കാണ് സര്‍ക്കാര്‍ വഴി ചികില്‍സാ സഹായധനം ലഭിച്ചത്.

അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, തലച്ചോറുമായി ബന്ധപ്പെട്ട രോഗം, പാലിയേറ്റീവ് കെയര്‍ എന്നിവക്കാണ് കാരുണ്യ ഫണ്ടില്‍ നിന്ന് ചികില്‍സാ ചെലവിനനുസരിച്ചുള്ള തുക ലഭിച്ചിരുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും മൂന്നു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള മറ്റുള്ളവര്‍ക്കും ചികില്‍സക്കും ശസ്ത്രക്രിയക്കുമായി രണ്ടു ലക്ഷം രൂപ വരെ ലഭിക്കുന്ന മാതൃകാപദ്ധതി. മാരക രോഗമല്ലാത്ത കിടത്തിചികില്‍സക്കും ഒറ്റതവണ മൂവായിരം രൂപവരെ ലഭിച്ചിരുന്നു. പൊതുജനങ്ങളുടെ പക്കല്‍നിന്ന് പണം ശേഖരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് എത്തിക്കുക എന്ന അതിനൂതന പദ്ധതി ഇന്ത്യക്കുതന്നെ മാതൃകയായ ഒന്നാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയെന്ന കാരണം കൊണ്ട് പദ്ധതിക്കെതിരെ തിരിയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി എട്ടു മാസത്തിനകം 854 കോടിയിലധികം രൂപ ഈയിനത്തില്‍ ആസ്പത്രികള്‍ക്ക് കൊടുത്തുതീര്‍ക്കാനായുണ്ടെന്നാണ് വിവരം. എന്തുകൊണ്ടാണ് പാവപ്പെട്ട മാരക രോഗത്തിനിരയായവരുടെ കാര്യത്തില്‍ ഇത്തരമൊരു അലംഭാവം കാട്ടിയെന്നതിന് സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ തരുന്ന മറുപടികേട്ട് ദു:ഖിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. പാവപ്പെട്ട ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നൊരു പദ്ധതി പൊടുന്നനെ നിര്‍ത്തുന്നതിന് പിന്നില്‍ ഏതു ജനപക്ഷ സര്‍ക്കാരിനാണ് താല്‍പര്യമുണ്ടാകുക.

ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിന്റെ കടയ്ക്കലുള്ള കത്തിവെപ്പാണ് ഇതെന്നു പറയാതെ വയ്യ. സ്വകാര്യ ആസ്പത്രികള്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആസ്പത്രികളെ ശാക്തീകരിക്കുകയും ആര്‍ദ്രം മിഷന്‍ പദ്ധതിയുമാണ് ബദല്‍ മാര്‍ഗമെന്നുമുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവം വയറുവേദനക്ക് മൊട്ടയടിക്കുന്നതു പോലെയാണ്.
അര്‍ബുദവും ഹൃദ്രോഗവും വൃക്കരോഗവും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്‍ക്ക് ചികില്‍സാചെലവ് താങ്ങാവുന്നതിലപ്പുറമായതിനാലാണ് നന്മ ചോരാത്ത വിശാലമനസ്സുകളില്‍നിന്ന് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കപ്പെടുന്നത്.

സര്‍ക്കാരുകള്‍ ശമ്പളത്തിനും മറ്റും റവന്യൂ വരുമാനം കൊണ്ട് ചക്രശ്വാസം വലിക്കുന്ന കാലത്ത് ഇതിനുള്ള ഫണ്ട് കണ്ടെത്തുക സര്‍ക്കാര്‍ ഖജനാവിന് താങ്ങാന്‍ പറ്റുന്നതാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും യു.ഡി.എഫും മുന്‍കയ്യെടുത്ത് പദ്ധതി നടപ്പാക്കിയത്. ഇതിനായി കാരുണ്യ ലോട്ടറി എന്ന പേരില്‍ ലോട്ടറി നറുക്കെടുപ്പും ആരംഭിച്ചു. കാരുണ്യ ലോട്ടറിയുടെ പണം പാവപ്പെട്ട രോഗികള്‍ക്കെത്തുന്നതെന്നതിനാല്‍ ഈ ലോട്ടറി എടുക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് തയ്യാറായത്. പതിനായിരക്കണക്കിന് പേരാണ് ഇതിലൂടെ ആനുകൂല്യം കൈപ്പറ്റിയത്.

ഫയലുകളുടെയും മറ്റും നൂലാമാലകളില്ലാതെ ജില്ലാതല സമിതിയുടെ പരിശോധന മാത്രം കൊണ്ട് ആസ്പത്രികളിലേക്ക് ചികില്‍സാ ചെലവിനനുസരിച്ച് തുക എത്തിക്കുകയായിരുന്നു പദ്ധതി.
എന്നാലിപ്പോള്‍ കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ഫണ്ട് കഴിഞ്ഞെന്നാണ് മന്ത്രിമാരായ തോമസ് ഐസക്കും കെ.കെ ശൈലജയും പറയുന്നത്. ഒരു പ്രത്യേക പദ്ധതിക്കായി തുടങ്ങിയ ലോട്ടറി ഇന്നും നിലനില്‍ക്കെ അതില്‍നിന്നുലഭിച്ച പണം കാണാനില്ലെന്നു പറയുന്നത് ശുദ്ധമായി പറഞ്ഞാല്‍ ഭോഷ്‌കാണ്. ഈ പണം എവിടെപ്പോയി എന്നതിന് മറുപടി പറയേണ്ട ബാധ്യത മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമുണ്ട്.

ലോട്ടറിയുടെ പണം കാരുണ്യ ഫണ്ടിന് മാത്രമായി വിനിയോഗിക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ച് പണം പൊതുഖജനാവിലേക്ക് മറിച്ചുപയോഗിച്ചുവെന്നുവേണം ഇതിലൂടെ മനസ്സിലാക്കാന്‍. പദ്ധതിയുടെ നിലനില്‍പുതന്നെ അനിശ്ചിതത്വത്തിലായതോടെ ഇതു പ്രതീക്ഷിച്ച് ചികില്‍സ നടത്തുന്ന പതിനായിരക്കണക്കിന് രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും മനസ്സില്‍ തീയാണിപ്പോള്‍.

പദ്ധതി നിര്‍ത്തുമെന്നാണ് ആരോഗ്യമന്ത്രി ശൈലജ സൂചിപ്പിക്കുന്നത് എങ്കില്‍ ഒരുവര്‍ഷം കൂടി തുടരുമെന്നാണ് ധനമന്ത്രി തോമസ്‌ഐസക്കിന്റെ വാഗ്ദാനം. പുതുതായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നാണ് ഇതിനു കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതുവരെയും പദ്ധതി തുടരണം. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന കാരുണ്യപദ്ധതി മറ്റൊരു ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ലയിപ്പിക്കുമെന്നു പറയുന്നതിലെ അപ്രായോഗികതയും ചോദ്യം ചെയ്യപ്പെടുകയാണ്.

ഇതിനിടെ പദ്ധതിക്കായി ചെലവഴിച്ച തുകയുടെ കണക്കിനെപ്പറ്റിയും പരാതിയുയര്‍ന്നുവന്നിട്ടുണ്ട്. 48 സ്വകാര്യ ആസ്പത്രികള്‍ക്കായി നല്‍കിയ തുകയുടെ വിനിയോഗം സംബന്ധിച്ച വ്യക്തമായ വിവരം സര്‍ക്കാരിന് ലഭിച്ചിട്ടില്ല എന്നതാണത്. 882.76 കോടിയില്‍ 625 കോടിയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് മാത്രമേ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളുവത്രെ. വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഫണ്ടനുവദിച്ചതെങ്ങനെ എന്നന്വേഷിക്കണം. ആരോഗ്യം, തൊഴില്‍, സാമൂഹിക ക്ഷേമം, പട്ടിക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ പ്രത്യേകം പ്രത്യേകമുള്ള ആനുകൂല്യങ്ങളെല്ലാം സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയിലാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഫലത്തില്‍ മാരകരോഗങ്ങള്‍ക്കുള്ള ചികില്‍സയും ചുവപ്പുനാടയില്‍ കുരുങ്ങും.

തൊഴിലാളിവര്‍ഗ കമ്യൂണിസ്റ്റുകള്‍ ഭരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നത് അവരില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളികൂടിയാണ്. മുന്‍ സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന വിവിധ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ അഞ്ചര ലക്ഷത്തോളം വെട്ടിക്കുറച്ച സര്‍ക്കാരാണിത്. റേഷന്‍ വിതരണം ചരിത്രത്തിലാദ്യമായി അട്ടിമറിച്ചതിനുള്ള ‘ക്രെഡിറ്റും’ ഇടതു സര്‍ക്കാരിനുള്ളതാണ്. ഇതിനിടെ ജനശ്രദ്ധ തിരിച്ചുവിടാനായി സര്‍ക്കാരിനകത്തും പുറത്തും നടത്തുന്ന ചക്കളത്തിപ്പോരുകൊണ്ട് വെറും എട്ടു മാസം കൊണ്ട് എന്തിനിങ്ങനെയൊരു സര്‍ക്കാര്‍ എന്ന തോന്നലിലേക്ക് ജനങ്ങളെ എത്തിച്ചതില്‍ അല്‍ഭുതപ്പെടാനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending