columns
അകത്തളം കഴുകിയെടുക്കാം- ടി.എച്ച് ദാരിമി
ഇപ്പോള്‍ നാം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളിലേക്കിറങ്ങുകയാണ്. ഈ പൂക്കാലം അനുഭവിക്കാനും ആസ്വദിക്കാനും മനസ്സിനും ശരീരത്തിനും അത് ഊര്‍ജ്ജമായി മാറാനും പരിപൂര്‍ണ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്. അപ്പോള്‍ ഈ വരുന്ന റമസാന്‍ വേറിട്ട അനുഭവമായി മാറും.
ടി.എച്ച് ദാരിമി
പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാന്‍ വേണ്ട അവസാന ഒരുക്കങ്ങളില്‍ പ്രധാനമാണ് തൗബ എന്ന പശ്ചാതാപം. മനസ്സില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ എടുത്തൊഴിവാക്കുകയും ആത്മാവിനെ കഴുകിയെടുക്കുകയും ചെയ്യുകയാണ് തൗബ. ഓരോ പാപങ്ങളും ഓരോ കറുത്ത പുള്ളിയായി മനോ പ്രതലത്തില്‍ അടയാളപ്പെടുത്തുമെന്ന് നബി (സ) വിവരിച്ചിട്ടുണ്ട്. ഈ പുള്ളികള്‍ തൗബയിലൂടെ മായുന്നു. ഇനിയും സന്നിവേശിപ്പിക്കാനിരിക്കുന്ന നന്മകളെ സ്വീകരിക്കാനും സംരക്ഷിച്ചു നിര്‍ത്താനും ഇത് അനിവാര്യമാണ്. തൗബയെന്ന ശബ്ദത്തിന് മടക്കം എന്നാണര്‍ത്ഥം. ഉടമയായ അല്ലാഹുവിലേക്ക് അടിമയുടെ ഹൃദയം ഖേദത്തോടെ മടങ്ങുന്ന ആത്മീയമായ അവസ്ഥയാണത്. പാപങ്ങള്‍ ഓരോന്ന് ചെയ്യുമ്പോഴും ഹൃദയം കൊണ്ട് അവനില്‍ നിന്ന് അകന്ന് പോവുകയാണല്ലോ. ആ അകലങ്ങളില്‍ നിന്നുള്ള മടക്കമാണ് തൗബ. വിജയത്തിലേക്കുള്ള ആദ്യപടിയും ആത്മീയതയുടെ ഘട്ടങ്ങളില്‍ പ്രഥമവുമാണ് തൗബ. തൗബ ചെയ്ത് ശുദ്ധരായവരെ അല്ലാഹുവിന് പെരുത്തിഷ്ടമാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
തൗബ വിനയത്തിന്റെ അടയാളമാണ്. പശ്ചാത്തപിക്കാത്തവന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ അംശമുണ്ടെന്നുറപ്പാണ്. അണുത്തൂക്കം ഖിബ്റുള്ളിലുള്ളവന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കില്ല. അല്ലാഹു സംപ്രീതനാവാത്ത ഒരാള്‍ക്കും അവന്റെ പരമമായ ഔദാര്യങ്ങളൊന്നും ലഭിക്കില്ല. സ്വര്ഗമടക്കം ഒന്നും. അടിമ ചോദിച്ചാല്‍ ഒരു അളവുമില്ലാതെ പൊറുത്തുതരാന്‍ അല്ലാഹു തയ്യാറാണ്. അവന് പറയുന്നു: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും. (42:5) പക്ഷേ, അടിമ അത് ചോദിക്കണമെന്നു മാത്രം. അഥവാ ചോദിക്കാന്‍ മാത്രം അവന് വിനയാന്വിതനായിരിക്കണം. ചോദിക്കാന്‍ തയ്യാറായാല്‍ തന്നെ അതൊരു വിധേയത്വമാണ്. കാരണം പൊറുക്കലിനെ ചോദിക്കുന്നു എന്നു പറയുമ്പോള്‍ അടിമ തന്റെ ഉടമയോട് കുറ്റസമ്മതം നടത്തുന്നു എന്ന അര്‍ഥം അതിലടങ്ങിയിട്ടുണ്ടല്ലോ. ഈ വിനയവും വിധേയത്വവും അവന് അത്ര ഇഷ്ടമായതിനാല്‍ ഏറെ പ്രതിഫലവും നല്കുന്നു. അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന് നിങ്ങളുടെ തിന്മകള് മായിച്ചുകളയുകയും താഴ്ഭാഗത്തുകൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച. (66:8).
തൗബ സ്വീകരിക്കുക എന്നത് അല്ലാഹുവിന്റെ മഹാ കാര്യണ്യവും ഔദാര്യവുമാണ്. കാരണം അല്ലാഹു പൊറുക്കുന്നത് പാപങ്ങളെയാണ്. പാപങ്ങള്‍ എന്നത് ഒരാള്‍ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ അല്ല. തെറ്റാണ് എന്നും ഇത് ചെയ്യുന്നത് അല്ലാഹുവിന് സമ്മതമില്ലാത്ത കാര്യമാണ് എന്നുമെല്ലാമുള്ള വ്യക്തമായ അറിവും ബോധ്യവും ഉണ്ടായിട്ടും അതിനെ ഒന്നും പരിഗണിക്കാതെ ചെയ്യുന്നവയാണ് പാപങ്ങള്‍. അപ്പോള്‍ ഓരോ പാപങ്ങള്‍ ചെയ്യുമ്പോഴും സത്യത്തില്‍ അടിമ ഉടമയായ അല്ലാഹുവിനെ ധിക്കരിക്കുകയും അവഗണിക്കുകയുമാണ്. ഇങ്ങനെ ധിക്കാരപരമായി ചെയ്തിട്ടും അല്ലാഹു അത് മറക്കാനും പൊറുക്കാനും തയ്യാറാകുമ്പോള്‍ അത് എത്ര വലിയ ഔദാര്യമാണ്!. അപ്രകാരം തന്നെ തൗബ സത്യവിശ്വാസിയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്. അതുകൊണ്ടു തന്ന ഒരു തിന്മ ചെയ്തു എന്നു കരുതി ഒരാളെ പാടെ ഉപേക്ഷിക്കുകയും നരകാവകാശിയായി മുദ്രകുത്തുകയും ചെയ്യുന്ന രീതി ഇസ്ലാമിലില്ല. ഏറ്റവും വലിയ കാരുണ്യവാനും സൃഷ്ടികളോട് അങ്ങേയറ്റം കൃപയുള്ളവനുമായ അല്ലാഹു എല്ലാ തെറ്റുകളും പൊറുത്തു തരുമെന്ന് നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിഷ്കളങ്കമായ പ്രായശ്ചിത്വത്തിനുമുന്നില് ഏതു തെറ്റും പൊറുപ്പിക്കാവുന്നതാണ്. ദോഷങ്ങളില്‍ നിന്ന് തൗബ ചെയ്ത് മടങ്ങിയവന് തീരെ തെറ്റുചെയ്യാത്തവനെ പോലെയാണെന്ന് തിരുനബിയുടെ അധ്യാപനമുണ്ട്. തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ച് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (2: 222)
ഖുദ്സിയായ ഹദീസില്‍ ഇങ്ങിനെ കാണാം, എന്റെ ദാസന്മാര് രാത്രിയിലും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാനെല്ലാ തെറ്റുകളും പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (മുസ്ലിം) ഇവിടെയെല്ലാം കാരുണ്യത്തിന്റെ വിശാലത നാം അനുഭവിക്കുന്നു.
ഒരു ദിവസം ഇശാ നമസ്കാരാനന്തരം പള്ളിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ ഒരു സ്ത്രീ അബൂ ഹുറൈറ(റ)യുടെ വീട്ടുവാതില്ക്കല് നില്ക്കുന്നു. സലാം നേര്‍ന്ന് നേരെ അദ്ദേഹം മുറിയില്‍ കടന്നു വാതിലടച്ചു സുന്നത്തു നമസ്കരിക്കാന്‍ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വാതിലില്‍ മുട്ടി. അദ്ദേഹം വാതില്‍ തുറന്നു എന്തുവേണമെന്നന്വേഷിച്ചു. അവര്‍ പറഞ്ഞു: ഞാന്‍ താങ്കളോട് ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ്. ഞാന്‍ അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്തിരുന്നു. പ്രസവിച്ചപ്പോള്‍ ശിശുവിനെ കൊന്നുകളഞ്ഞു. എന്റെ ഈ മഹാപാപങ്ങള്‍ പൊറുക്കപ്പെടാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നാണ് ഇപ്പോഴെനിക്കറിയേണ്ടത്. അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല. അതു കേട്ട് വലിയ വ്യസനത്തോടെ നെടുവീര്‍പ്പിട്ട് ആ സ്ത്രീ തിരിച്ചുനടന്നു. അവര്‍ തന്റെ ദുര്‍ഗതിയില്‍ വിലപിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് സുബ്ഹ് നമസ്കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ അദ്ദേഹം രാത്രിയില്‍ ഉണ്ടായ സംഭവം നബി (സ) യോട് പറഞ്ഞു. അവിടുന്നു പറഞ്ഞു: ‘ഓ അബൂഹുറൈറ, താങ്കള്‍ വളരെ അബദ്ധമായ മറുപടിയാണല്ലോ കൊടുത്തത്. ഖുര്‍ആനിലെ ഈ സൂക്തം താങ്കള്‍ വായിച്ചിട്ടില്ലേ? അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്ഥിക്കാത്തവരുമാണവര്. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന് അതിന്റെ പാപ ഫലം അനുഭവിക്കുകതന്നെ ചെയ്യും. പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള് അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ് (25:68-70). പ്രവാചകന്റെ ഈ മറുപടി കേട്ട അബൂഹുറൈറ ആ സ്ത്രീയെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങി. ഇശാ നേരത്താണ് അവരെ കണ്ടെത്താന്‍ കഴിഞ്ഞത്. അവരുടെ ചോദ്യത്തിന് ദൈവിക ദൗത്യത്തിന്റെ ആസ്ഥാനത്തുനിന്നു ലഭിച്ച ശുഭകരമായ മറുപടി അദ്ദേഹം അറിയിച്ചു. അതുകേട്ടപാടെ അവര്‍ സുജൂദില്‍ വീണുകൊണ്ടു പറഞ്ഞുതുടങ്ങി: എനിക്ക് പാപമോചനത്തിന്റെ കവാടം തുറന്നുതന്ന പരിശുദ്ധനായ അല്ലാഹുവിന് ശുക്ര്!. പിന്നീടവര്‍ കുറ്റങ്ങളില്‍നിന്നു പശ്ചാത്തപിച്ചു. തന്റെ ഒരു ദാസിയെ അവളുടെ കുട്ടിയോടൊപ്പം മോചിപ്പിക്കുകയും ചെയ്തു. (ഇബ്നു ഖുദാമയുടെ അത്തവ്വാബീനില് നിന്ന്)
ഇങ്ങനെയൊക്കെ പ്രോത്സാഹനങ്ങള്‍ പ്രമാണങ്ങള്‍ നല്‍കുന്നുണ്ട് എങ്കിലും തൗബയെ ബാധ്യതയായി എടുക്കുന്നതില്‍ നവസമുദായത്തിന് ചില ആലസ്യങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് താന്‍ തെറ്റു ചെയ്തതായി തോന്നുകയാ അതില്‍ വേദനിക്കുകയോ ചെയ്യുന്നില്ല എന്നതാണ് അവയിലൊന്ന്. അല്ലാഹുവിന്റെ നയനിയമങ്ങള്‍ ലംഘിക്കുന്നതാണല്ലോ പാപങ്ങള്‍. അവ ലംഘിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ കുറിച്ച് വേണ്ടവിധത്തിലുള്ള വിശ്വാസമില്ലാത്തതും സ്വന്തം തെറ്റുകള്‍ സമ്മതിച്ചു കൊടുക്കാന്‍ മാത്രമുള്ള വിനയ നിഷ്കളങ്കത ഇല്ലാത്തതുമെല്ലാമാണ് ഇതിനു കാരണം. അതുകൊണ്ടാണ് ഇങ്ങനെ കരുതുന്നവരെ അഹങ്കാരികള്‍ എന്ന് വിളിക്കുന്നത്. മറ്റു ചിലര്‍ തൗബയെ ചെറിയ വാചകത്തില്‍ ഒതുക്കുന്നു. പാപം പോലെ തൗബയും അത്ര ലാഘവമാണവര്‍ക്ക്. യഥാര്‍ഥത്തില്‍ തൗബയെന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനമാണ്. യജമാനനായ അല്ലാഹുവിനെ മനസ്സിലാക്കുമ്പോള്‍ മാത്രം അടിമയുടെ ഖല്ബില് വിരിയുന്ന സങ്കടം നിറഞ്ഞ ജാള്യതയാണത്. കാരുണ്യക്കടലായ നാഥന്റെ വിധി വിലക്കുകളെ പരിഗണിക്കാതെ, തന്റെ ദേഹമോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിലെ വേദന നിറഞ്ഞ പശ്ചാത്താപം. തൗബയെന്നാല്‍ ഖേദമാണെന്ന് തിരുനബി (സ) പറഞ്ഞത് അതുകൊണ്ടാണ്.
തൗബ സ്വീകരിക്കപ്പെടണമെങ്കില്‍ നാല് നിബന്ധനകളുണ്ട്. ഒന്ന്, ആഴത്തിലുള്ള സങ്കടം. രണ്ട്, ഇനിയൊരിക്കല്പോലും പാപം ചെയ്യില്ലെന്ന പ്രതിജ്ഞ. മൂന്ന്, ശിഷ്ടകാലം തെറ്റില്ലാതെ ജീവിക്കല്‍. നാല്, ബാധ്യതകളെല്ലാം പൂര്‍ത്തിയായി നിര്‍വഹിക്കല്‍. സൃഷ്ടികളുമായി സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയ ബാധ്യതകളോ ഇടപാടുകളോ ഉണ്ടെങ്കില്‍ അവരുടെ തൃപ്തിയില്ലാതെ പരലോകം രക്ഷപ്പെടില്ലെന്ന് ചുരുക്കം. ഇവയിലേക്ക് വരുന്നതിനുമുന്നെ മൂന്ന് കാര്യങ്ങള്‍ അതിന്റെ ആമുഖങ്ങളായിരിക്കണമെന്ന് ഇമാം ഗസ്സാലി (റ) പറയുന്നുണ്ട്. തെറ്റുകളുടെ ഗൗരവം ഓര്‍ക്കുക, ശിക്ഷയുടെ കാഠിന്യം ആലോചിക്കുക, നമ്മുടെ ബലഹീനതയെ കുറിച്ച് ബോധവാനാവുക എന്നിവയാണവ. ഇങ്ങനെ പ്രത്യേക ഒരുക്കത്തോടും മനശ്രദ്ധയോടും തന്നെ ചെയ്യേണ്ട ഗൗരവമായ കാര്യമാണ് തൗബ.
മറ്റൊരു ആലസ്യം ചിലര്‍ക്ക് തൗബ ചെയ്യുന്നതൊക്കെ കുറച്ചു കൂടി പ്രായമായതിനു ശേഷം മാത്രം വേണ്ട കാര്യമാണ് എന്ന ചിന്തയില്‍ നിന്നുണ്ടാവുന്നതാണ്. വീണ്ടും പാപങ്ങളിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ തൗബ ചെയ്യാന്‍ മടിക്കുന്ന ആളുകളോടായി ഇമാം ഗസ്സാലി (റ) പറയുന്നു: അത് പിശാചിന്റെ കുതന്ത്രമാണ്. ഭാവിയില്‍ തെറ്റുചെയ്യുമെന്ന ഉറപ്പ് ആരാണ് നല്‍കിയത്? ഏത് നിമിഷവും മരണപ്പെടാനുള്ള സാധ്യതയില്ലേ. അന്ത്യനിമിഷങ്ങളില്‍ തൗബയോടെ മരണപ്പെടാനും സാധ്യതയില്ലേ. അതിനാല്‍ ദുശ്ചിന്തകള്‍ കാരണം തൗബ മാറ്റിവെക്കരുത്, അല്ലാഹു കാരുണ്യവാനാണ്, കൃപാലുവാണ്, തൗബ ചെയ്യുന്നവരെ പെരുത്തിഷ്ടമുള്ളവനാണ്.
ഇപ്പോള്‍ നാം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളിലേക്കിറങ്ങുകയാണ്. ഈ പൂക്കാലം അനുഭവിക്കാനും ആസ്വദിക്കാനും മനസ്സിനും ശരീരത്തിനും അത് ഊര്‍ജ്ജമായി മാറാനും പരിപൂര്‍ണ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്. അപ്പോള്‍ ഈ വരുന്ന റമസാന്‍ വേറിട്ട അനുഭവമായി മാറും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

