Video Stories
നയപ്രഖ്യാപനം നിരാശാജനകം
സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചക്ക് പ്രായോഗിക പദ്ധതികളോ പുതിയ പ്രതിസന്ധികള്‍ക്ക് പരിഹാര മര്‍ഗങ്ങളോ നിര്‍ദേശിക്കാത്ത പിണറായി സര്‍ക്കാറിന്റെ പ്രഥമ നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമായി. കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളയായ പരിഷ്കാരങ്ങളെ പഴിചാരിയുള്ള പരാമര്‍ശങ്ങള്‍ ആശ്വാസകരമാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ പോരായ്മകളെ സ്പര്‍ശിച്ചില്ല എന്നത് ഗവര്‍ണറുടെ പ്രഖ്യാപനത്തെ പ്രഹസനമാക്കുന്നതാണ്. വിഴുപ്പലക്കലും വൈദഗ്ധ്യക്കുറവും കാരണം ഭരണകൂടം നിഷ്ക്രിയമായി നോക്കിനില്ക്കുന്ന സാഹചര്യത്തില്‍ പക്ഷംപറ്റിയുള്ള ഈ പ്രഖ്യാപനം ഗവര്‍ണറിലെ വിശ്വാസ്യതക്ക് കോട്ടംതട്ടിയെന്ന് പറയാതെ വയ്യ. കൊടും കുറ്റവാളികളുടെ ജയില്‍ മോചനമടക്കമുള്ള സര്‍ക്കാറിന്റെ പല നിലപാടുകളിലും തിരുത്തും നീരസവും പ്രകടിപ്പിച്ച ഗവര്‍ണര്‍, നയപ്രഖ്യാപനത്തില്‍ കവാത്ത് മറന്ന് നമ്രശിരസ്കനായത് അങ്ങേയറ്റം നാണക്കേടായിപ്പോയി. ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ആവര്‍ത്തനത്തിനപ്പുറം എന്തു മേന്മയാണ് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ അവകാശപ്പെടാനുള്ളത്? തെരഞ്ഞെടുപ്പു കാലത്തെ പഴകിപ്പുളിച്ച വാഗ്ദാനങ്ങളും കേട്ടുമടുത്ത വര്‍ത്തമാനങ്ങളും ഗവര്‍ണര്‍ സദാശിവം സഭയില്‍ തികട്ടുന്നതു കണ്ട് സായൂജ്യമടയുന്നവരല്ല കേരളീയ സമൂഹമെന്ന് സര്‍ക്കാര്‍ മനസിലാക്കേണ്ടിയിരുന്നു. ജലസ്രോതസുകള്‍ വറ്റിവരണ്ടതിലൂടെ ഉടലെടുത്ത രൂക്ഷമായ വരള്‍ച്ചക്കും റേഷന്‍ ലഭിക്കാത്തതിനാല്‍ അനുഭവപ്പെടുന്ന കൊടിയ പട്ടിണിക്കും ക്രമസമാധനം പാടെ തകര്‍ന്നതിലൂടെയുള്ള പീഡന പരമ്പരകള്‍ക്കും മുന്നില്‍ കണ്ണടച്ചിരുന്ന് ഗിമ്മിക്കു കാണിക്കുന്ന സര്‍ക്കാര്‍ നയത്തോട് ഗവര്‍ണര്‍ താദാത്മ്യം പ്രാപിച്ചത് തികഞ്ഞ അടിമത്തവും അനൗചിത്യവുമാണ്.
നവ കേരള നിര്‍മിതിക്കായുള്ള കര്‍മപദ്ധതികളെന്നാണ് നയപ്രഖ്യാപനത്തിന്റെ മൗലികമായ സത്ത. എന്നാല്‍ ഇതിനു വേണ്ട കാതലായ കര്‍മപരിപാടികളുടെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നില്ല. ശൂന്യമായ ഖജനാവ് മുന്നില്‍വച്ച് കോടിക്കണക്കിനു രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന വീരവാദം മലര്‍പ്പൊടിക്കാരന്റെ ദിവാ സ്വപ്നം പോലെ കെട്ടടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അധികാരമേറ്റ് നാളേയ്ക്ക് ഒമ്പതു മാസം തികയുന്ന സര്‍ക്കാറിന് ക്രിയാത്മക ഭരണം കാഴ്ചവക്കാനായില്ലെന്ന് ഇടതു മുന്നണി തത്വത്തില്‍ സമ്മതിച്ചതാണ്; ഘടകകക്ഷികള്‍ ഒന്നൊഴിയാതെ പലപ്പോഴും തുറന്നു പറഞ്ഞ യാഥാര്‍ഥ്യമാണിത്. പിണറായി സര്‍ക്കാറിന്റെ സ്വത്വം അടയാളപ്പെടുത്തുന്ന പ്രധാന പദ്ധതികള്‍ ഇക്കാലയളവില്‍ കണ്ടില്ല. നവകേരള നിര്‍മിതക്കെന്ന പേരില്‍ നവംബറില്‍ കൊട്ടിഘോഷിക്കപ്പെട്ടു പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നേരത്തെ നിലനില്‍ക്കുന്നനതിന്റെ നൂതന രൂപങ്ങള്‍ മാത്രം. ഭാവനാ സമ്പന്നരും ധിഷണാശാലികളുമായ ഭരണാധികാരികളില്ലെങ്കില്‍ ഒരു സര്‍ക്കാറിന് സക്രിയമായി മുന്നോട്ടുപോകാനാവില്ല എന്നതിന്റെ ഉത്തമോദാഹരണാണ് ഇടതുസര്‍ക്കാര്‍. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതാണ് പിണറായിയും കൂട്ടരും. എന്തുചെയ്യണമെന്നറിയാതെ വകുപ്പുകള്‍ കയ്യില്‍വച്ച്് പകച്ചുനില്‍ക്കുന്ന മന്ത്രിമാരെ ഇവ്വിധം ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. ഉന്നത ഐ.എ.സ് ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് തലം മുതല്‍ താഴേതട്ടു വരെയുള്ള സര്‍ക്കാര്‍ ജീവനക്കാരും വിവിധ പ്രശ്നങ്ങളുയര്‍ത്തി ശീതസമരത്തിലാണ്. സ്വേച്ഛാധിപത്യവും തന്‍പ്രമാണിത്തവും കൊണ്ട് ഇതെല്ലാം നിയന്ത്രിക്കാനാവുമെന്ന് വ്യാമോഹിക്കുന്ന മുഖ്യമന്ത്രി ഭരണസ്തംഭനം കണ്ടില്ലെന്നു നടിക്കുകയാണ്. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ അനക്കമില്ലാതെ കിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഭരണത്തിന്റെ യാഥാസ്ഥിതി ഇതായിരിക്കെ മോഹന വാഗ്ദാനങ്ങള്‍ക്ക്് പ്രാമുഖ്യം നല്‍കിയുള്ള നയപ്രഖ്യാപനം നടത്തും മുമ്പ് ഗവര്‍ണര്‍ രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നു.
സൗമ്യയുടെ ഘാതകന് നിയമത്തിന്റെ നൂലിഴകളിലൂടെ രക്ഷപ്പെടാനും ജിഷ വധക്കേസന്വേഷണം വഴിമുട്ടിക്കാനും അവസരമൊരുക്കിയ സര്‍ക്കാറിനു വേണ്ടിയാണ് സ്ത്രീ സുരക്ഷ പ്രധാന കടമയെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്! സംസ്ഥാനത്ത് സ്ത്രീസുരക്ഷ പാളിയെന്ന് ഭരണമുന്നണിയിലെ പ്രമുഖ കക്ഷിനേതാവ്പരിതപിച്ചത് രണ്ടു ദിവസം മുമ്പാണെന്ന് ഓര്‍ക്കണം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സത്രീകള്‍ക്കു നേരെ കൂടുതല്‍ പീഡനങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണെന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും ബലാത്സംഗത്തിന് ഇരയാകുന്നത് 978 സ്ത്രീകളാണ്. ലൈംഗിക പീഡന സംഭവങ്ങളില്‍ 3510 ആണ് ശരാശരി. 2016 മുതല്‍ ഇതുവരെ 1,644 ബലാത്സംഗ കേസുകളും 4,035 ലൈംഗിക പീഡന കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പ്രതികളായ കേസുകള്‍ പതിവാകുന്നതാണ് സമീപകാല സംഭവങ്ങളില്‍ നിന്നു മനസിലാകുന്നത്. പല കേസുകളിലും പ്രതികളെ തൊടാന്‍ പോലും പൊലീസിന് സാധിക്കുന്നില്ല. തലശ്ശേരി കുറ്റിമാക്കൂലിലെ പാര്‍ട്ടി ഓഫീസില്‍ പരാതി പറയാനെത്തിയ ദലിത് സ്ത്രീകള്‍ക്കുണ്ടായ അനുഭവത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തിയതാണ്. പരാതിയുമായി സ്റ്റേഷനുകളിലെത്തുന്നവരോട് പാര്‍ട്ടി കൊടിയുടെ നിറം നോക്കി നീതി നടപ്പാക്കുന്ന പൊലീസുകാരെ കുറിച്ച്് പരാതികളുടെ പ്രവാഹമാണ്. കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കേരളാ പൊലീസ് ആറു ദിവസമാണ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. ഇന്നലെ ഇയാളെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി കയ്യാമംവച്ചാണ് പൊലീസ് ‘ശൂരത’ തെളിയിച്ചത്. ഇതിനെല്ലാം മൂകസാക്ഷിയായി നിന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് കാത്തിരുന്ന് കാണാം.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധത്തെ വിമര്‍ശിച്ച ജസ്റ്റിസ് സാദശിവം, ഇതിന്റെ ഭവിഷ്യത്തുകളില്‍ പൊറുതിമുട്ടി ജനം പിടഞ്ഞുവീഴുമ്പോള്‍ എവിടെയായിരുന്നു? ഒറ്റ രാത്രിയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ശവക്കുഴി തോണ്ടാന്‍ ഉത്സാഹിച്ച മോദി സര്‍ക്കാറിനോടുള്ള പ്രതിഷേധമാണെങ്കില്‍ എന്തിന് ഇത്രകാലം കാത്തിരുന്നു? ‘അഴിമതിക്കെതിരായ പോരാട്ടത്തിനാണ് ഈ സര്‍ക്കാറിനെ ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വികസന അജണ്ടയുമായി എങ്ങനെ മുന്നോട്ടു പോകാമെന്ന് സര്‍ക്കാര്‍ തെളിയിച്ചു’ നയപ്രഖ്യാപനത്തിലെ വൈരുദ്ധ്യാത്മക വാദങ്ങളാണിവ. അഴിമതിയുടെ പേരില്‍ കരളറുത്തുമാറ്റേണ്ട നിസ്സഹായത അനുഭവിച്ച സര്‍ക്കാറാണിത്. പിണറായിയുടെ വലംകയ്യായിരുന്ന ഇ.പി ജയരാജന് പരമാവധി കടിച്ചുതൂങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പുറത്തുപോയത്. തൊട്ടുപിന്നാലെ രണ്ടു മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നുവരികയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് സംസ്ഥാനത്ത് ‘വികസനം’ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനം പക്ഷേ, ഇടതു സര്‍ക്കാറിന്റെ മദ്യനയത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നതില്‍ നിഗൂഢതയുണ്ട്. യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ച് സര്‍ക്കാറിന്റെ പിണിയാളായി നയപ്രഖ്യാപനം നടത്തേണ്ടിവന്ന ഗവര്‍ണറുടെ നിസഹായതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് പ്രബുദ്ധ കേരളം.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

