Connect with us

india

പാവങ്ങളെ വെറുതേ ഇറക്കിവിടാനാവില്ല: സുപ്രീം കോടതി

പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോള്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി.

Published

on

ന്യൂഡല്‍ഹി: പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോള്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹി സരോജിനി നഗറിലെ ചേരികളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ നിരീക്ഷണം. ഡല്‍ഹി സരോജിനി നഗറിലെ 200 ഓളം ചേരി നിവാസികളെ ഒഴിപ്പിക്കുന്നതും സുപ്രീം കോടതി താത്കാലികാലമായി തടഞ്ഞു. പാവപ്പെട്ടവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും നിസാരമായി ഇറക്കിവിടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ചേരികളില്‍ നിന്ന് ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം അവകാശപ്പെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് പുനരധിവാസത്തിന് നയമില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. വര്‍ഷങ്ങളായി ചേരിയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളുണ്ടെന്ന് ചേരി നിവാസികള്‍ സുപ്രീം കോടതിയെ അറിയിച്ചു. ചേരി നിവാസികളുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അതുവരെയാണ് ഒഴിപ്പിക്കല്‍ നടപടി സുപ്രീം കോടതി തടഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പിയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് മര്‍ദനം

കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ യു.പിയിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു.

Published

on

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് സംഘപരിവാര്‍ മര്‍ദനം. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

വീഡിയോയില്‍ ഒരു ദളിത് യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്യുന്നതായി കാണാം. യുവാവിനെ മര്‍ദിക്കുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ത്രീകളെയും സംഘം ആക്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ യു.പിയിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംഭാല്‍ ലോക്‌സഭാ മണ്ഡലത്തിലെ 181, 182, 183, 184 ബൂത്തിലാണ് സംഭവം നടന്നത്.

ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. കൗശാംബിയില്‍ മുന്‍ എം.പി വിനോദ് കുമാര്‍ സോങ്കര്‍ ആണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. മൂന്നാം തവണയാണ് സോങ്കര്‍ കൗശാമ്പിയില്‍ നിന്ന് ജനവിധി തേടുന്നത്. സമാജ് വാദിയുടെ പുഷ്‌പേന്ദ്ര സരോജ് ആണ് മണ്ഡലത്തിലെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി.

19 ലക്ഷത്തോളം വോട്ടുകളുള്ള കൗശാംബി മണ്ഡലത്തില്‍ ഏഴ് ലക്ഷത്തോളം ദളിത് വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ നാല് ലക്ഷത്തോളം വോട്ടുകള്‍ എസ്.പി സ്ഥാനാര്‍ത്ഥി പുഷ്പേന്ദ്ര സരോജിന്റെ പാസി വിഭാഗത്തില്‍ നിന്നുള്ളതാണ്. ബാബഗഞ്ച്, കുന്ദ, സിറത്ത്, മഞ്ജന്‍പൂര്‍, ചൈല്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കൗശാംബി ലോക്‌സഭാ മണ്ഡലം.

Continue Reading

india

‘ഇന്ത്യ’ മുന്നണി അധികാരത്തില്‍ വരട്ടെ; പ്രാര്‍ത്ഥിച്ചും ആശംസിച്ചും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു.

Published

on

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബിഷപ്പിന്റെ പ്രാര്‍ത്ഥനയും ആശംസയും. പ്രസംഗം അവസാനിപ്പിക്കവേയായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

”തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്നും നിങ്ങളോടൊപ്പം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.” ലത്തീന്‍ സഭയുടെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Continue Reading

india

ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് വാതുവെപ്പ് കേന്ദ്രങ്ങള്‍; 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പൂജ്യം സീറ്റ്

മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

Published

on

പ്രവചനത്തില്‍ ബി.ജെ.പിക്ക് വീണ്ടും ഷോക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് രാജ്യത്തെ പ്രമുഖ വാതുവെപ്പ് കേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

ഫലോദി സട്ടാബസാര്‍ ഇന്ത്യ മുന്നണിക്ക് 346 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ മുംബൈ സട്ടാബസാര്‍ ഇന്ത്യമുന്നണിക്ക് 348 സീറ്റുകളും പ്രവചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം പ്രചചിച്ചിരുന്ന കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തില്‍ തിരുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ 300ല്‍ കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എക്ക് പ്രവചിച്ചിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായ ഫലോദി സട്ടാബസാര്‍ എന്‍.ഡി.എക്ക് 329 മുതല്‍ 332 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. എന്നാല്‍ അഞ്ചാംഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് കടന്നപ്പോള്‍ ഈ പ്രവചനം തിരുത്തിയിരിക്കുകയായണ്.

ഫലോദി സട്ടാ ബസാറിലെ പുതിയ പ്രവചനം പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്. ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള യു.പിയില്‍ ഇന്ത്യ മുന്നണിക്ക് 43 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തമിഴ്നാട്ടിലെ 39 സീറ്റുകളും ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ബംഗാളില്‍ 36, മഹാരാഷ്ട്രയില്‍ 30, ബിഹാറില്‍ 29, കര്‍ണാടകയില്‍ 25 സീറ്റുകളും ഇന്ത്യ മുന്നണിക്ക് പ്രവചിക്കുന്നു. കേവലം 165 സീറ്റുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെത്തിയപ്പോള്‍ ഫലോദി സട്ട ബസാര്‍ എ.എന്‍.എക്ക് പ്രവചിക്കുന്നത്.

രാജസ്ഥാനിലെ ഫലോദി ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന വാതുവെപ്പ് മാര്‍ക്കറ്റാണ് ഫലോദി സട്ട ബസാര്‍. മുന്‍കാലങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ വാതുവെപ്പ് നടത്തിയ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. മെയ് 16ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫലോദി സട്ട ബസാറില്‍ 180 കോടി രൂപയുടെ വാതുവെപ്പ് നടന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇത് 300 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

(വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണ്. ഈ വാര്‍ത്ത ഒരിക്കലും
വാതുവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വാതുവെപ്പ് മാര്‍ക്കറ്റിലെ നിലവിലെ കണക്കുകള്‍ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ വാര്‍ത്തകൊണ്ട് ഉദ്ദേശിക്കുന്നത്)

Continue Reading

Trending