Connect with us

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending