Connect with us

Health

ഇന്ത്യയില്‍ ആദ്യമായിഏറ്റവും വലുപ്പമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നീക്കം ചെയ്തു

42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്

Published

on

30 സെന്റിമീറ്റര്‍ നീളവും 4.1 കി. ഗ്രാം ഭാരവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ ഗര്‍ഭാശയമുഴ നീക്കംചെയ്യല്‍ ശസ്ത്രക്രിയയാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഗര്‍ഭാശയമുഴ സ്ഥിതി ചെയ്തിരുന്നത്, ഹിസ്റ്ററക്ടമിയിലൂടെ അടിയന്തരമായി ഇത് നീക്കം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന് തന്നെ ആപത്തായി മാറുമായിരുന്നു’ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. നാസര്‍ ടി (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ് – ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) പറഞ്ഞു.

പൊതുവെ 20 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് കാണപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ മഹാഭൂരിപക്ഷവും അപകടകരമല്ലാത്തവയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താത്തവയുമാണ്. മരുന്ന് ഉപയോഗിച്ചോ, ലാപ്പറോസ്‌കോപ്പി ചെയ്‌തോ, എംബൊളൈസേഷന്‍ വഴിയോ, തുറന്നുള്ള ശസ്ത്രക്രിയയിലൂടെയോ ഒക്കെ ഇത്തരം ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യുന്നത് പതിവാണ്. എന്നാല്‍ 4.1 കി.ഗ്രാം ഭാരവും, പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയുമാണ് ഈ കേസിനെ വ്യത്യസ്തമാക്കിയത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് വയനാട് സ്വദേശിനി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് വലിയ ഗര്‍ഭാശയ മുഴ ശ്രദ്ധയില്‍ പെട്ടത്. 30 സെന്റിമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ടായിരുന്ന മുഴയുടെ 12 സെന്റീമീറ്റര്‍ ഭാഗം യോനിയില്‍ നിന്ന് പുറത്തേക്ക് തളളി നില്‍ക്കുന്ന അവസ്ഥയായിരുന്നു.

ഗര്‍ഭാശയത്തിന്റെ മുകളില്‍ നിന്നും വളരുന്ന മുഴ എന്നതും ശസ്ത്രക്രിയയെ സങ്കീര്‍ണ്ണമാക്കിമാറ്റി. 15 വര്‍ഷം മുന്‍പ് അണ്ഡാശയ കാന്‍സര്‍ ബാധിച്ച് ചികിത്സ നടത്തുകയും അസുഖത്തെ അതിജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവര്‍. ഇതിന് പുറമെ ഉദരത്തില്‍ മറ്റൊരു ട്യൂമര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നില്ല. ശസ്ത്രക്രിയകഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആസ്റ്റര്‍ മിംസിലെ സ്ത്രീരോഗ വിഭാഗം സീനിയർ കൺസൾറ്റൻറ്മാരായ ഡോ. നാസര്‍ ടി, ഡോ. റഷീദ ബീഗം, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി. പി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അയിഷാ വര്‍ദ്ധ, സ്റ്റാഫ് നഴ്‌സ് അതിശയ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു

 

Health

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

Published

on

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്‍ പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്‍ക്കിന്‍സണ്‍സ്. എന്നാല്‍ ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു.

എന്താണ് പാര്‍ക്കിന്‍സണ്‍സ്

ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികള്‍ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. നൈഗ്രോ സ്ട്രയേറ്റല്‍ പാത്ത്വേ എന മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്‍ ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്‍ക്കിന്‍സണ്‍സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്‍ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്‍വ്വമായി കുഞ്ഞുങ്ങളിലും (ജുവൈനല്‍ പാര്‍ക്കിന്‍സണ്‍സ്) കാണപ്പെടാറുണ്ട്.

വിറയല്‍ തന്നെയാണ് പാര്‍ക്കിന്‍സണ്‍സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ ഉറക്കം നഷ്ടപ്പെടുക, വിഷാദരോഗത്തിനടിമപ്പെടുക, അമിതമായ ഉത്കണ്ഠ കാണപ്പെടുക, ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, പേശികളുടെ അയവ് നഷ്ടപ്പെടുകയും തന്മൂലം ശരീരഭാഗങ്ങള്‍ ദൃഢമായി മാറുകയും ചെയ്യുക, ചലനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്.

ചികിത്സ

ഡോപ്പമിന്റെ അഭാവമാണ് രോഗകാരണമെന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്‍ എത്തിക്കുക എന്നതാണ്. ഡോപ്പമിന്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്‍ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. മസ്തിഷ്‌കത്തെ ഉത്തേജിപ്പാനുള്ള ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന രീതി കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡി ബി എസിലൂടെ

ചെയ്യുന്നത്.
ഏറ്റവും പ്രധാനം ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും ക്ഷമയും സ്‌നേഹത്തോടെയുള്ള മനോഭാവവുമാണ്. ദൈനംദിന ജീവിതത്തെ പാടെ ദുരിതത്തിലാക്കുന്ന രോഗാവസ്ഥ എന്ന നിലയില്‍ രോഗിയുടെ മനോനിലയില്‍ വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിരാശ, മാനസിക സംഘര്‍ഷം തുടങ്ങിയവ രോഗി അഭിമുഖീകരിക്കേണ്ടി വരും. സ്വാഭാവികമായും ബന്ധുക്കളുടെ സ്‌നേഹത്തോടെയും അനുകമ്പയോടെയുമുള്ള പരിചരണം രോഗിയുടെ തുടര്‍ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും എന്ന് ഓര്‍മ്മിക്കുക.

തയാറാക്കിയത്
Dr. Jim Mathew
കൺസൽട്ടൻ്റ് ന്യൂറോ സർജൻ
ആസ്‌റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്

Continue Reading

Health

ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാര്‍ഗം. അതിനാല്‍ വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

വേനല്‍ക്കാലമായതിനാല്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെയും ചിക്കന്‍ പോക്സ്, മലേറിയ, മറ്റ് പകര്‍ച്ച പനികള്‍ എന്നിവയ്ക്കെതിരേയും ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. സ്വയംചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

Continue Reading

Health

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

Published

on

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വേനല്‍ക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യരോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

വേനല്‍കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

2. ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക

3. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.

4. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

5. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

6. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.

7. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.

8. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

9. ആരാധനാലയങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.

10. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

11. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

12. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.

13. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്/ ഗ്ലാസ്സ് എന്നിവ
ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.

14. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കുക.

15. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.

16. അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കുക.

Continue Reading

Trending