Connect with us

kerala

അഞ്ചാം പനി വ്യാപകം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കണം

രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Published

on

മലപ്പുറം ജില്ലയില്‍ അഞ്ചാം പനി രോഗ ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വിളിച്ചു ചേര്‍ത്ത മത സംഘടനാ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യല്‍ മീഡിയ, വോയ്സ് ക്ലിപ്പിങുകള്‍ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പു വരുത്തും. രോഗ വ്യാപനം തടയുന്നതിനായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളുടെ എം.ആര്‍ വാക്സിനേഷന്‍ നിരക്ക് 80.84 ശതമാനമാണ്. ഇത് 95 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കണമെന്നും കളക്ടര്‍ മതനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രൂപത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

രണ്ടു ഡോസ് എം.ആര്‍ വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനിയെ പൂര്‍ണ്ണമായും പ്രതിരോധിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രേണുക പറഞ്ഞു. രോഗം ബാധിച്ചവരില്‍ 90 ശതമാനം പേരും ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്തവരാണ്. ബാക്കി 9 ശതമാനം പേര്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്. ഇരു ഡോസും സ്വീകരിച്ച ഒരു ശതമാനം പേര്‍ അസുഖബാധിതരായെങ്കിലും ഇവര്‍ക്ക് പെട്ടെന്ന് തന്നെ ഭേദപ്പെടുകയും ചെയ്തതായി ഡി.എം.ഒ പറഞ്ഞു.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മത സംഘടനാ പ്രതിനിധികളായ സലീം എടക്കര (എസ്.വൈ.എസ്), പി.കെഎ ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്മാന്‍ എം വലിയങ്ങാടി (ജമാഅത്തെ ഇസ്ലാമി), ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.എല്‍ ബിജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേര്‍ എം.ആര്‍ വാക്സിന്‍ എടുക്കാത്തവരാണ്. ഇതില്‍ 69089 പേര്‍ ഒന്നാം ഡോസ് എം.ആര്‍ വാക്സിനും 93660 പേര്‍ രണ്ടാം ഡോസ് വാക്സിനുമാണ് എടുക്കാനുള്ളത്. രോഗവ്യാപനത്തിന്റെയും കുത്തിവെപ്പ് എടുക്കാനുള്ളവരുടെയും തോതനുസരിച്ച് ഹെല്‍ത്ത് ബ്ലോക്കുകളെ മൂന്നു കാറ്റഗറികളാക്കി തിരിച്ച് വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും പതിനായിരം പേര്‍ക്ക് കുത്തിവെപ്പ് നല്‍കി രണ്ടാഴ്ചക്കകം ജില്ലയിലെ വാക്സിനേഷന്‍ നിരക്ക് 80.84 നല്‍ നിന്ന് 95 ശതമാനത്തിലെത്തിക്കും. വേങ്ങര (79%) , പൂക്കോട്ടൂര്‍ (78%) , വെട്ടം (77%), വളവന്നൂര്‍ (72%), കുറ്റിപ്പുറം (72%) എന്നിവയാണ് ജില്ലയില്‍ അഞ്ചാം പനിക്കെതിരെ ഉള്ള കുത്തിവെപ്പില്‍ 80 ശതമാനത്തില്‍ താഴെ നില്ക്കുന്ന ഹെല്‍ത്ത് ബ്ലോക്കുകള്‍.

 

 

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

kerala

‘കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനില്‍’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി.ടി ബല്‍റാം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഇങ്ങനെ മനപൂര്‍വ്വം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

 

Continue Reading

Trending