Connect with us

kerala

കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം

കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം.

Published

on

കേരളത്തിലെ മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖന്‍, മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രധാനി, കേരള നിയമസഭയില്‍ മുസ്ലിംലീഗിന്റെ ആദ്യ നിയമസഭ സ്പീക്കര്‍. ബ്രിട്ടീഷുകാര്‍ സീതിസാഹിബ് ബഹദൂറെന്നും കേരളജനത ഷേര്‍ എ കേരളയെന്നും വിളിച്ചിരുന്ന കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം.

20-ാം നൂറ്റാണ്ടിന്റെ മധ്യശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസില്‍ അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്ന മഹാനായിരുന്നു കോട്ടപ്പുറത്ത് മുഹമ്മദ് സീതിയെന്ന കെ.എം സീതി സാഹിബ്. തേച്ചുമിനുക്കാത്ത മുറിക്കയ്യന്‍ ഷര്‍ട്ടും അതിനിണങ്ങും ഖദര്‍മുണ്ടും നരകയറിയ തലയില്‍ ജിന്നാകേപ്പുമായി അരനൂറ്റാണ്ടുകാലം കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

കേരളത്തിന്റെ പൈതൃക നഗരിയായ തലശ്ശേരി പട്ടണവുമായി അഭേദ്യ ബന്ധമായിരുന്നു സീതി സാഹിബിന്. പ്രമാദമായ ഒരു മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ടാണ് തലശ്ശേരിയിലെ മുസ്ലിം പ്രമാണിമാരുടെ അഭ്യര്‍ഥന മാനിച്ച് എറണാകുളത്തെ പ്രഗല്‍ഭ അഭിഭാഷകനായ സീതിസാഹിബ് 1931 ല്‍ എത്തിയത്. പിന്നീട് തലശ്ശേരിയെ തന്റെ രണ്ടാം ജന്മഗൃഹമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട്ടെ വാടകവീട്ടിലായിരുന്നു താമസം.

തലശ്ശേരി മുസ്ലിം ക്ലബിന്റെ ജീവനാഡിയും ക്ലബ്ബിനെ ചര്‍ച്ചാ വേദിയാക്കി പരിവര്‍ത്തിപ്പിച്ച എ.കെ കുഞ്ഞി മായിന്‍ഹാജി, ഉപ്പി സാഹിബ്, സി.പി മമ്മുക്കേയി, ടി.എം മൂസ സാഹിബ് എന്നിവരോടൊപ്പം സീതി സാഹിബുമുണ്ടായിരുന്നു. തലശ്ശേരിയില്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജിയായിരുന്ന മീര്‍ സൈനുദ്ദീനും അന്ന് ക്ലബുമായി സഹകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. സീതി സാഹിബ് ഉള്‍പ്പെടെ പ്രധാനികളുടെ സംഗമ വേദിയായിരുന്നു തലശ്ശേരിയിലെ ആലിഹാജി പള്ളി. ഇവിടെ ഒരു ദിവസം സീതിസാഹിബും കൂടി പങ്കെടുത്ത ചര്‍ച്ചയുടെ ഫലമാണ് 1934 മാര്‍ച്ച് 26ന് ചന്ദ്രിക പ്രതിവാര പത്രമായി പ്രസിദ്ധീകരിക്കുന്നതിലെത്തിയത്.

1934ല്‍ തലശ്ശേരിയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളന അധ്യക്ഷന്‍ സീതിസാഹിബായിരുന്നു. 1935ല്‍ അറക്കല്‍ അബ്ദുറഹ്മാന്‍ രാജാവ് പ്രസിഡന്റും സത്താര്‍ സേട്ടു സെക്രട്ടറിയുമായി രൂപീകരിച്ച മലബാര്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ സഹഭാരവാഹികളായ എ.കെ കുഞ്ഞി മായിന്‍ഹാജി, കെ.എം സീതി സാഹിബ്, ബി പോക്കര്‍ സാഹിബ്, ചെയര്‍മാന്‍ മമ്മുക്കേയി, കോട്ടാല്‍ ഉപ്പിസാഹിബ് തുടങ്ങിയ പ്രഗല്‍ഭരുടെ തലശ്ശേരി കേന്ദ്രീകരിച്ചുണ്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു കൊടുങ്കാറ്റുപോലെ മുസ്ലിംലീഗ് മലബാര്‍ മുഴുവന്‍ വ്യാപിപ്പിക്കുകയുണ്ടായി.

മുസ്ലിംലീഗിനെതിരെ ഉയരുന്ന എതിര്‍പ്പുകളെ ഗുണകരമായി നേരിടാന്‍ സീതിസാഹിബ് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ അന്ന് ചന്ദ്രിക ദിനപത്രത്തില്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച സീതിസാഹിബിന്റെ പ്രസംഗങ്ങള്‍ ലഘുകുറിപ്പുകളായി മുസ്ലിംലീഗ് കമ്മിറ്റികള്‍ക്ക് അയച്ച് കൊടുക്കുകയെന്ന പ്രധാന ചുമതല വഹിച്ചിരുന്നത് പണ്ഡിതനും മുസ് ലിംലീഗ് നേതാവുമായിരുന്ന കെ.എന്‍ ഇബ്രാഹിം മൗലവി കല്ലിക്കണ്ടിയായിരുന്നു.

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ്, തലശ്ശേരി മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍, തഅലീമുല്‍ ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്‍ മാപ്പിള യുപി സ്‌കൂള്‍, തലശ്ശേരി ദാറുസലാം യതീംഖാന, വടകര ബുസ്താനുല്‍ ഉലൂം മദ്രസ, എം.വി.എം ഉള്‍പ്പെടെ സീതിസാഹിബിന്റെ കയ്യൊപ്പും പരിലാളനയും പതിഞ്ഞ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില സ്ഥാപനങ്ങള്‍ മാത്രമാണ്. 1931 മുതല്‍ 1956 വരെ രണ്ട് പതിറ്റാണ്ടിലേറെ തലശ്ശേരിയില്‍ കഴിഞ്ഞ സീതി സാഹിബിന്റെ വിട്ടുപിരിയാത്ത കൂട്ടുകാരനായിരുന്നു ഉപ്പി സാഹിബ്.

തലശ്ശേരിയിലെ വാസമുപേക്ഷിച്ച് എറണാകുളത്തേക്ക് താമസം മാറ്റാന്‍ തീരുമാനിച്ച അദ്ദേഹത്തെ 1956 ഏപ്രില്‍ അഞ്ചിന് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ യാത്രയയക്കാനെത്തിയത് വന്‍ ജനക്കൂട്ടമാണ്. പിന്നീട് 1958ലെ നഗസഭ തിരഞ്ഞെടുപ്പ് വേളയിലും 1960ലെ പൊതുതെരഞ്ഞെടുപ്പ് വേളയിലും കേരള നിയമസഭ സ്പീക്കറായപ്പോള്‍ 1996 മെയ് ആറിനും ഏഴിനും നഗരസഭ കൗണ്‍സിലിലും മറ്റ് വിവിധ കമ്മിറ്റികളും നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സീതിസാഹിബ് തലശ്ശേരിയില്‍ എത്തിയിരുന്നു.

 

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Trending