Connect with us

gulf

കുവൈത്ത് കെ.എം.സി.സി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി ഫണ്ട് കൈമാറി

Published

on

കുവൈത്ത് സിറ്റി/ മലപ്പുറം: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മില്‍ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി.പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ട്രഷറര്‍ എം.ആര്‍. നാസര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി. മെമ്പര്‍മാരുടെ നിര്‍ബന്ധിത ബാധ്യതയാണ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമെന്നു എം.ആര്‍ നാസര്‍ പറഞ്ഞു.

പ്രവാസ ജീവിതത്തിനിടയില്‍ നാഥന്റെ വിളിക്കുത്തരം നല്‍കേണ്ടി വന്നവരേറെയാണു. കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും പകരം വെക്കാനാവില്ല.പക്ഷെ സാന്ത്വനത്തോടൊപ്പം കെ എം സി സി യുടെ ഇത്തരം സമാശ്വാസ പദ്ധതികള്‍ തികച്ചും മാതൃകാപരമാ മാണെന്നുംചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.യും കുവൈത്ത് കെ.എം.സി.സി. നിരീക്ഷകനുമായ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. സംഘശക്തിയുടെ കരുത്തോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്ത് കെ.എം.സി.സി. അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഇനത്തില്‍ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നല്‍കുന്നത്. കുവൈത്ത് കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരില്‍ 5 പേരുടെ കുടുംബത്തിനുള്ളതാണ് ചടങ്ങില്‍ അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികള്‍ക്ക് കൈമാറിയത്. തൃക്കരിപ്പൂര്‍, എലത്തൂര്‍, കൊയിലാണ്ടി, മഞ്ചേരി, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള മരണപ്പെട്ട ഒരോ അംഗങ്ങളുടേയും ആശ്രിതര്‍ക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പര്‍ഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.

കുവൈത്ത് കെ.എം.സി.സി. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി തല്‍ഹത്ത് ആലുവ സ്വാഗതവും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ ബാബു, ഷിബു മീരാന്‍,ടി.പി. അഷ്റഫലി, സാജിദ് നടുവണ്ണൂര്‍, അന്‍വര്‍ സാദത്ത്,തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കൊയിലാണ്ടി, മലപ്പുറം ജില്ലാ കുവൈത്ത് കെ.എം.സി.സി. ട്രഷറര്‍ അയ്യൂബ് പുതുപ്പറമ്പ്, ആശംസകളര്‍പ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ഷാഫി മങ്കട, നൗഷാദ് വെട്ടിച്ചിറ, ഫസല്‍ കൊണ്ടോട്ടി, ഫൈസല്‍ വേങ്ങര, ആബിദ് ഹുസൈന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് കമാല്‍ മഞ്ചേരി, ഫാറൂഖ് തെക്കേക്കാട്, ഷാജി മണലൊടി, ഹസ്സന്‍ കൊണ്ടോട്ടി, ശരീഖ് നന്തി, മുഹമ്മദ് കൊടക്കാട്, സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ഏറ്റുവാങ്ങാനെത്തിയ ശാഖാ/ വാര്‍ഡ് നേതാക്കള്‍, കുടുംബാംഗങ്ങള്‍, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending