Connect with us

News

ക്രൂരതയുടെ 20 ദിനങ്ങള്‍; കൊല്ലപ്പെട്ടത് 7028 ഫലസ്തീനികള്‍

ഗസ്സയിലെ നിരായുധരായ മനുഷ്യര്‍ക്കു നേരെ ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ തീ തുപ്പാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം.

Published

on

ഗസ്സ: ഗസ്സയിലെ നിരായുധരായ മനുഷ്യര്‍ക്കു നേരെ ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ തീ തുപ്പാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഏകപക്ഷീയമായ സൈനിക നടപടി, മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കിരാതമായ കൂട്ടക്കൊലയായി മാറിയിട്ടും അരുതെന്ന് പറയാന്‍ പോലും തയ്യാറാകാതെ ലോകരാജ്യങ്ങള്‍ മൗനത്തില്‍ ഒളിക്കുകയാണ്. യു.എന്‍ അടക്കമുള്ള രാജ്യാന്തര ഏജന്‍സികളും ലോകക്രമം നിശ്ചയിക്കുന്നവരെന്ന് അവകാശപ്പെടുന്ന വന്‍ ശക്തികളും നോക്കുകുത്തിയാവുകയോ വേട്ടക്കാരനൊപ്പം നിലയുറപ്പിക്കുകയോ ചെയ്യുമ്പോള്‍ മഹാദുരന്തത്തിന്റെ പടുകുഴിയിലേക്കാണ് ഒരു ജനത എടുത്തെറിയപ്പെടുന്നത്. 24 മണിക്കൂറിനിടെ മാത്രം ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 500ലധികം പേരാണ്. 20 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 7028 ഫലസ്തീനികള്‍. പരിക്കേറ്റത് 18,484 പേര്‍ക്ക്. കൊല്ലപ്പെട്ടവരില്‍ 2913 പേരും കുട്ടികളാണ്. പരിക്കേറ്റവരിലും പകുതിയോളം കുട്ടികളാണ്. മാരമായ മുറിവുകളേറ്റും അംഗഛേദം സംഭവിച്ചും ജീവിതത്തിനും മരണത്തിനും ഇടക്ക് ഒറ്റപ്പെട്ടു പോയ പരശ്ശതം മനുഷ്യരുണ്ട് ഗസ്സയുടെ തുരുത്തില്‍. ഇസ്രാഈല്‍ ക്രൂരത എല്ലാ സീമകളും ലംഘിച്ച് അരങ്ങുതകര്‍ക്കുമ്പോഴും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ന്യായീകരണം തുടരുകയാണ്.

ഓരോ ദിവസം കഴിയുന്തോറും ഗസ്സയുടെ ചിത്രം കൂടുതല്‍ കൂടുതല്‍ പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. കരയുദ്ധത്തിനെന്ന പേരില്‍ ഗസ്സയുടെ വടക്കന്‍ മുനമ്പിലുള്ള മനുഷ്യരെ മുഴുവന്‍ അഭയാര്‍ത്ഥികളായി തെക്കന്‍ മുനമ്പിലേക്ക് ആട്ടിപ്പായിച്ച ശേഷം അവിടെയും ബോംബാക്രമണം നടത്തി കൂട്ടക്കുരുതിയുടെ പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുകയാണ് സയണിസ്റ്റ് ശക്തികള്‍. തെക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. അല്‍ജസീറ ഗസ്സ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വഹേല്‍ ദഹദൗദിന്റെ കുടുംബവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഭാര്യയും രണ്ടു മക്കളും പേരക്കുട്ടിയും അടക്കമാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ അന്ത്യശാസനത്തെതുടര്‍ന്നാണ് തന്റെ കുടുംബത്തെ തെക്കന്‍ ഗസ്സയിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ശേഷം അല്‍ജസീറക്കു വേണ്ടി യുദ്ധഭൂമിയില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദഹദൗദ് വടക്കന്‍ ഗസ്സയില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റൊരു ഫലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദുആ ഷറഫും കുടുംബവും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 20 ദിവസത്തിനിടെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടു ഡസനിലധികം ഫലസ്തീനി മാധ്യമപ്രവര്‍ത്തകരാണ്. 101 ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ ഇന്നലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ബോംബിങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. 1,77,781 റസിഡന്‍ഷ്യല്‍ ബില്‍ഡിങുകള്‍ ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 219 വിദ്യാഭ്യാസ സ്ഥാപനങ്ങളും 34 ആരോഗ്യ കേന്ദ്രങ്ങളും 50 ആംബുലന്‍സുകളും 11 കുടിവെള്ള സംഭരണ കേന്ദ്രങ്ങളും ഇസ്രാഈല്‍ ബോംബിട്ടു തകര്‍ത്തു. 14 ലക്ഷം ഫല്തീനകിളാണ് 20 ദിവസത്തിനിടെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയത്. ഗസ്സയില്‍ ക്രൈസ്തവ ആരാധനാലയത്തിനു നേരെയും ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തി. പിതാവും മകനും ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ കൊല്ലപ്പെട്ടു.

ഇതിനിടെ തങ്ങളുടെ ടാങ്കുകള്‍ ഇന്നലെ ഗസ്സ അതിര്‍ത്തിയിലേക്ക് പ്രവേശിച്ച് ഹമാസിന്റെ ബങ്കറുകള്‍ തകര്‍ത്തെന്ന അവകാശ വാദവുമായി ഇസ്രാഈല്‍ രംഗത്തെത്തി. രാത്രിയായിരുന്നു ഓപ്പറേഷന്‍. രാത്രി തന്നെ പിന്‍വാങ്ങുകയായിരുന്നുവെന്നും കരയുദ്ധത്തിനുള്ള ട്രയല്‍ റണ്‍ ആണ് നടത്തിയതെന്നുമാണ് ഇസ്രാഈല്‍ അവകാശവാദം. സൈനിക നടപടിക്കിടെ ഹമാസ് പോരാളികള്‍ ഉള്‍പ്പെടെ 60 പേരെ ഗസ്സയില്‍ നിന്ന് പിടികൂടിയതായും ഇസ്രാഈല്‍ അവകാശപ്പെട്ടു.

india

ഗോവയിലെ തടാകത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ് സഞ്ചാരികള്‍

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു.

Published

on

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ നിരന്തരം ഉയരുന്നുണ്ടെങ്കിലും, പലരും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് മുന്നോട്ടാണ് പോവുന്നത്. ഇതിന് പുതിയ ഉദാഹരണമാണ് ഗോവയിലെ പോര്‍വോറിമിലെ ടോര്‍ഡ ക്രീക്കില്‍ നടന്ന സംഭവം.

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വീഡിയോയുടെ തുടക്കത്തില്‍ തടാകത്തിനരികില്‍ നിര്‍ത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ദൃശ്യങ്ങളാണ് കാണുന്നത്.

തങ്ങള്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതുപോലെ, കാറിലുള്ള പുരുഷനും സ്ത്രീയും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ക്യാമറ തടാകത്തിലേക്ക് തിരിയുമ്പോള്‍, അവിടെ ഉപേക്ഷിച്ചിരിക്കുന്ന കുട്ടികളുടെ നാപ്കിനുകളും കളിപ്പാട്ടങ്ങളും വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ഉത്തരവാദിത്തമുള്ള ടൂറിസത്തിനെതിരെ നിരവധി പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

Continue Reading

india

പുലിക്കെണിയില്‍ കുടുങ്ങിയത് കള്ളന്‍; ബഹ്‌റൈച്ചില്‍ വിചിത്ര സംഭവം

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.

Published

on

ലക്‌നൗ: പുലിയെ പിടികൂടാന്‍ വെച്ച കുടയില്‍ കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.

ഉംറി ഗ്രാമത്തിലെ ഫഖര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പുലിക്കെണിയില്‍ വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്‍ പ്രദീപ് കുമാര്‍ കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദീപ് മൊബൈല്‍ ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.

നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെയോടെ സ്ഥലത്തെത്തി വാതില്‍ തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”കൂട് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്” എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.

അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയായി കെണി സ്ഥാപിച്ചിരുന്നത്.

പുലിക്കെണികളില്‍ കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. ”വാതില്‍ ദേഹത്ത് പതിച്ചിരുന്നെങ്കില്‍ ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില്‍ അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്‍ കെണികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ഥിച്ചു.

Continue Reading

kerala

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; ഗ്രാമിന് 125 രൂപയുടെ വര്‍ധനവ്

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 125 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,900 രൂപയായി. ഇതോടെ പവന്റെ വിലയും 1,000 രൂപ ഉയര്‍ന്ന് 95,200 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗണ്യമായി വര്‍ധിച്ച് ഗ്രാമിന് 9,785 രൂപ, പവന് 78,280 രൂപ എന്ന നിലയില്‍ എത്തി.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 65 രൂപ, പവന് 520 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉയര്‍ച്ച. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി വില കുത്തനെ ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പുതിയ ഉയരങ്ങളിലേക്ക് നീങ്ങി.

ലോകവിപണിയിലും സ്വര്‍ണവില ശക്തമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളര്‍ ആയി ഉയര്‍ന്നപ്പോള്‍, 62.91 ഡോളറിന്റെ വര്‍ധനയാണ് 1.51 ശതമാനത്തിന്റെ നേട്ടമായി മാറിയത്. ഈ ആഴ്ച മാത്രം 3.6%, ഈ മാസം 5.2% എന്നിങ്ങനെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

വെള്ളിയുടെയും വില അന്താരാഷ്ട്ര വിപണിയില്‍ പുതിയ ഉയരങ്ങളിലേക്ക്. റെക്കോര്‍ഡ് നിരക്കായ 56.78 ഡോളറില്‍ വെള്ളിയുടെ വ്യാപാരം പുരോഗമിക്കുകയാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും ഫെബ്രുവരി ഡെലിവറിക്കായി 1.3% ഉയര്‍ച്ച രേഖപ്പെടുത്തി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

Trending