കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യങ്ങളും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ധര്‍മ്മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നെന്നും കുഴല്‍പ്പണ ഇടപാടില്‍ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണെന്നും സതീശന്‍ പ്രതികരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍കോള്‍ പരിശോധിച്ചതിന്റെ കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.