News
ഹമാസിന്റെ മുതിർന്ന കമാൻഡർ റായിദ് സഅ്ദ് ഇസ്രാഈൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ശനിയാഴ്ച കാറിൽ സഞ്ചരിക്കുകയായിരുന്ന സഅ്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽ റാഷിദ് റോഡിൽ ഇസ്രാഈൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡറായ റായിദ് സഅ്ദ് (52) കൊല്ലപ്പെട്ടു. ശനിയാഴ്ച കാറിൽ സഞ്ചരിക്കുകയായിരുന്ന സഅ്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
റായിദ് സഅ്ദിന്റെ മരണം സ്ഥിരീകരിച്ച ഹമാസ് നേതാവ് ഖലീൽ അൽഹയ്യ, ഇസ്രാഈൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ചു. സഅ്ദിന്റെ വധം ഉൾപ്പെടെ നിരവധി തവണ ഇസ്രാഈൽ വെടിനിർത്തൽ ലംഘിച്ചതായും, ഇതിനെ നിയന്ത്രിക്കാൻ വെടിനിർത്തൽ ചർച്ചകൾക്ക് മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസിന്റെ ഗസ്സ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായിരുന്ന സഅ്ദ് ആയുധ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഹമാസിന്റെ മിസൈൽ പദ്ധതിയുടെ പ്രധാന ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
ഗസ്സയിൽ ഇസ്രാഈൽ ആക്രമണം ശക്തമായതോടെ തുരങ്കങ്ങളിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഅ്ദ് അവിടെ നിന്ന് പുറത്തിറങ്ങിയതിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രാഈലിൽ നടത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് സഅ്ദ് എന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രാഈൽ കാറ്റ്സും പറഞ്ഞു. 2024 ജൂൺ 22ന് അൽ ശാത്വി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ സഅ്ദ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി.
News
തായ്ലൻഡ്–കംബോഡിയ സംഘർഷം രൂക്ഷം; റോക്കറ്റ് ആക്രമണത്തിൽ 63കാരൻ കൊല്ലപ്പെട്ടു, വീടുകൾ കത്തി നശിച്ചു
ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
തായ്ലൻഡിൽ കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ഞായറാഴ്ചയും സംഘർഷം തുടർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലി തായ്ലൻഡും കംബോഡിയയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണങ്ങളിൽ അതിർത്തിയുടെ ഇരു വശങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
സംഘർഷം രൂക്ഷമായതോടെ അഞ്ചുലക്ഷത്തിലധികം പേർ വീടുവിട്ടു കുടിയിറക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തി മേഖലയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
kerala
നടിയെ ആക്രമിച്ച കേസിലെ വിധി കടുത്ത നിരാശയെന്ന് ഡബ്ല്യുസിസി
എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ലെന്നും കരുതലല്ലെന്നും സംഘടന വിമർശിച്ചു.
പെൺകേരളത്തിന് ഈ വിധി നൽകുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനകമായ സന്ദേശമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. വിധി സൂക്ഷ്മമായി പഠിച്ച ശേഷം തുടർനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.
ഇതിനിടെ, വിധിയിൽ അത്ഭുതമില്ലെന്നും വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്നും അവർ പറഞ്ഞു. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും, കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അന്വേഷണം അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം സംഭവിച്ചുവെന്നത് പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അതിജീവിത ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
News
മാർക്രത്തിന്റെ ഏകപോരാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.
ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.
ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.
ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala1 day agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
-
india8 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
