Connect with us

kerala

ധര്‍മടം മുന്‍ എംഎല്‍എ കെ.കെ നാരായണന്‍ അന്തരിച്ചു

മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് കാമ്പില്‍ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍: ധര്‍മടം മുന്‍ എംഎല്‍എ ആയിരുന്ന കെ.കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് കാമ്പില്‍ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ 2011-16 കാലത്ത് എംഎല്‍എയായിരുന്നു കെ.കെ നാരായണന്‍. കെ കെ നാരായണന്‍ നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 2005-2010 കാലത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നാരായണന്‍ എകെജി ആശുപത്രി പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

kerala

സ്വര്‍ണക്കൊള്ളയില്‍ കൂടുങ്ങാന്‍ വമ്പന്‍ സ്രാവുകളുണ്ട്, കടകംപള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല; രമേശ് ചെന്നിത്തല

ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Published

on

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ പ്രതികളായി വമ്പന്‍ സ്രാവുകളുണ്ടെന്ന് രമേശ് ചെന്നിത്തല. ആ വമ്പന്‍ സ്രാവുകളെ ചോദ്യം ചെയ്യാതെ വസ്തുതകള്‍ പുറത്തുവരില്ല. ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേസിലെ അന്വേഷണം ഒരുഘട്ടം കഴിഞ്ഞു മുന്നോട്ടുപോകുന്നില്ല. അതായത് പ്രധാനപ്പെട്ട ആളുകളുടെ അടുത്തേക്ക് അന്വേഷണം എത്തുന്നില്ലന്നര്‍ഥം. കടകംപിള്ളി സുരേന്ദ്രന്‍ ദേവസ്വത്തിന്റെ ചുമതല വഹിച്ചപ്പോഴാണ് ഈ സംഭവം നടക്കുന്നത്. മന്ത്രിയറിയാതെ ഇത്രയും പ്രധാനപ്പെട്ടകാര്യങ്ങള്‍ ശബരിമലയില്‍ നടന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രണ്ടുദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തിലൊരു സ്വര്‍ണക്കൊള്ള അവിടെ നടത്താന്‍ കഴിയുമോ? അപ്പോള്‍ ഇതിനൊക്കെ രാഷ്ട്രീയമായ സംരക്ഷണമുണ്ടായിരുന്നു എന്നര്‍ഥം. മൂന്ന് സി.പി.എം നേതാക്കളാണ് സ്വര്‍ണക്കൊള്ളയുടെ പേരില്‍ ജയിലില്‍ കിടക്കുന്നത്. ഇതൊന്നും അന്നത്തെ മന്ത്രിയറിയാതെയാണ് നടന്നതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സ്വര്‍ണക്കൊള്ളയുടെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരണം. ഇതിനായുള്ള ശക്തമായ പോരാട്ടവുമായി ഞങ്ങള്‍ മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്നാണ് ഞങ്ങള്‍ ആദ്യം മുതലേ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതില്‍ പരാതിയില്ല. കോടതിക്ക് ഇടപെടാന്‍ കഴിയും എന്നതുകൊണ്ടാണ് എസ്.ഐ.ടിയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ സ്വര്‍ണക്കൊള്ള രാജ്യാന്തര മാനങ്ങളുള്ള ഒരു കേസാണ്.

അതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അതിനര്‍ഥം എസ്.ഐ.ടിയില്‍ വിശ്വാസിമില്ല എന്നല്ല. കടകംപിള്ളിയെയും രണ്ടുദേവസ്വം മുന്‍ അധ്യക്ഷന്‍മാരെയും ചോദ്യം ചെയ്തത് കൊണ്ടൊന്നും ഇത് അവസാനിക്കില്ല. ഇതിന്റെ കണ്ണികള്‍ വിദേശത്താണ്. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഇതുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ വലയില്‍ കുടുങ്ങുക തന്നെ ചെയ്യും.

അറസ്റ്റിലായ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നത് വലിയ തലക്കെട്ട് വരുമെന്ന് വിചാരിച്ചാണ് എന്ന് സംസ്ഥാന സെക്രട്ടരി എം.വി ഗോവിന്ദന്‍ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നി. ജനങ്ങളെ പേടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. എന്നിട്ടാണോ പത്രക്കാരുടെ തലക്കെട്ടിനെ പേടിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തില്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാറിനെ ഉപദേശിക്കേണ്ട എന്നും രമേശ് ചെന്നിത്തല ഓര്‍മപ്പെടുത്തി. കര്‍ണാടകയിലെ മുഖ്യമന്ത്രിക്കറിയാം എന്തുചെയ്യണമെന്ന്. അവിടെ ബുള്‍ഡോസര്‍രാജൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കുമെന്ന് അവിടുത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം ശ്രമിക്കേണ്ട. അത് നടക്കാനും പോകുന്നില്ല. കേരളത്തിലെ ന്യുനപക്ഷങ്ങളെ ഇതുപോലെ പീഡിപ്പിച്ചൊരു സര്‍ക്കാറുണ്ടായിട്ടില്ല.

അവരുടെ എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തിവച്ച സര്‍ക്കാറാണിത്. ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒറ്റെക്കെട്ടായി സി.പി.എമ്മിനെതിരെ വോട്ടു ചെയ്തപ്പോള്‍ അവരെ പിടിക്കാന്‍ എന്താ മാര്‍ഗമെന്നന്വേഷിക്കുകയാണ്. മാറിമാറി വര്‍ഗീയത പരീക്ഷിക്കുകയാണ്. ഇതൊക്കെ തിരിച്ചറിയാനുള്ള വിവരം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായിട്ടും അത് സമ്മതിക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. ജനങ്ങളുടെ വിധിയെഴുത്തിനെ സി.പി.എം അംഗീകരിക്കുന്നില്ല. അതു കൊണ്ടുതന്നെ അവരെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ‘ആരും നിഷ്‌കളങ്കരല്ല’; ചോദ്യംചെയ്യല്‍ നീട്ടിയത് സിപിഎമ്മിനെ രക്ഷിക്കാന്‍ വി.ഡി. സതീശന്‍

തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊച്ചി/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരും നിഷ്‌കളങ്കരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും ശബരിമല സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

റിമാന്‍ഡിലുള്ളവര്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്നും, അതുകൊണ്ടാണ് അന്വേഷണ നടപടികളില്‍ വൈകല്യവും ആശയക്കുഴപ്പവും ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്തതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചോദിച്ചു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍  വിമര്‍ശിച്ചു. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്തതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചോദിച്ചു.

സ്വര്‍ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗത്ത് നിന്ന് പലതും മറച്ചുപിടിക്കുന്ന നീക്കങ്ങളുണ്ടാകുന്നുവെന്നും അന്വേഷണ നടപടി കൂടുതല്‍ സുതാര്യമാകണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എമ്മിലെ എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സി.പി.എമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കൊള്ളയായതിനാല്‍ എസ്.ഐ.ടി അന്വേഷണത്തിന് പരിമിതികളുണ്ടെന്നും അതുകൊണ്ടാണ് ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണമെന്നും ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇരുവരെയും ഒരേ ദിവസമാണ് ചോദ്യം ചെയ്തത്. കടകംപള്ളി സുരേന്ദ്രനെ മൂന്നര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തതായാണ് വിവരം.

Continue Reading

Trending