editorial
ഇതെന്തൊരു നാണക്കേട്
ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും അതിന്റെപേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുമെല്ലാം നാണക്കേടിന്റെ അങ്ങേയറ്റം എന്നേ വിശേഷിപ്പിക്കാനാവൂ.
ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും അതിന്റെപേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുമെല്ലാം നാണക്കേടിന്റെ അങ്ങേയറ്റം എന്നേ വിശേഷിപ്പിക്കാനാവൂ. ഒറ്റനോട്ടത്തില്‍ തന്നെ ആസൂത്രിതമെന്നുബോധ്യമാകുന്ന ഈ ഹീനതന്ത്രത്തില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ മുതല്‍ മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ വരെ നിര്‍ലജ്ജം പങ്കാളികളാകുമ്പോള്‍ ഈ ഭരണകൂടത്തെയും അതിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയെയും ഓര്‍ത്ത് കേരള ജനത അപമാനഭാരത്താല്‍ തലതാഴ്ത്തിപ്പോവുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിഷയം ഏറ്റെടുത്തതും മുഖ്യമന്ത്രി പിണറായി വിജയന് താമസംവിനാ അതില്‍ ഇടപെട്ടതുമെല്ലാം എന്തുമാത്രം അല്പ്പത്തരത്തോടെയായിരുന്നുവെന്നത് ആ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യമാകുന്നതേയുള്ളൂ. ഏതായാലും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കെ വകുപ്പ് മന്ത്രിയും സര്‍ക്കാറും സി.പി.എമ്മും ചെര്‍ന്ന് കാട്ടിക്കൂട്ടിയ പൊറാട്ടുനാടകങ്ങള്‍ തകര്‍ന്നു തരിപ്പണമായതിലൂടെ വെളുക്കാന്‍ തേച്ചത് പാണ്ടായതിന്റെ ജാള്യതയിലാണ് ഈ കൂട്ടര് ഇപ്പോഴുള്ളത്.
ആരോഗ്യ രംഗത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായി തകര്‍ച്ചയാണ് വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം.
ഒന്നിനുപിറകെ ഒന്നായി കേരളത്തിലാകമാനം സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചികിത്സാപിഴവുകള്‍ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്തെ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തത ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സ്വതസിദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി അതിനെയെല്ലാം പുഛിച്ചുതള്ളുന്ന വകുപ്പുമന്ത്രിയുടെയും ഇതിന് കുടപിടിക്കുന്ന സര്‍ക്കാറിന്റെയും സമീപനങ്ങളാണ് ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നത്. അതിധാരുണാമായ ചികിത്സാ പിഴവുകള്‍ ആവര്ത്തിപ്പക്കപ്പെടുകയും മനുഷ്യജീവനുകള്‍ പന്താടപ്പെടുകയും ചെയ്യുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയും ലാഘവത്തോടെ കാണുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ സമീപനത്തോട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ തന്നെ അടങ്ങാത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍വെച്ച് ശസ്ത്രക്ക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ അതിനെതിരെ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തിയത് ആരോഗ്യ വകുപ്പിനോടുള്ള കേരളത്തിലെ സമാന്യ ജനങ്ങള്‍ക്കുള്ള മനോനിലയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ആരോഗ്യവകുപ്പിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കുനേരെ നടന്നിട്ടുള്ള പ്രതിഷേധങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ വീണതുവിദ്യയാക്കാനുള്ള വീണാ ജോര്‍ജ്ജിന്റെ ശ്രമങ്ങളാണ് പിന്നീട് കാണാനായത്.
തന്റെ പരിപാടികള്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ മറ്റിടങ്ങളിലെല്ലാം നടന്നതുപോലെയുള്ള സ്വാഭാവിക പ്രതിഷേധം മാത്രമാണ് കെ.എസ്.യു പ്രവര്‍ത്തകരും നടത്തിയിട്ടുള്ളത്. പ്രസ്തുത പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെയാണ് നട്ടാല്‍കുരുക്കാത്ത നുണയുമായി മന്ത്രിയും കൂട്ടരും രംഗത്തെത്തുന്നത്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നടുവില്‍ നില്ക്കുന്ന മന്ത്രിയുടെ ദേഹത്തുപോയിട്ട് അതിനു സമീപത്തുപോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നിരിക്കെയാണ് കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേല്ക്കലും ആശുപത്രിയില്‍ അഡ്മിറ്റാവലും ഐ.സിയുവില്‍ പ്രവേശിക്കലുമെല്ലാം ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന മറ്റൊരുകാര്യം സുരക്ഷാ ജീവനക്കാരുരെയും പൊലീസിനെയും മറികടന്ന് കെ.എസ്.യുക്കാര്‍ക്കു നേരെ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മന്ത്രിയുടെ വഴിവിട്ട നീക്കങ്ങളാണ്. തന്റെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്ക്കാന് മന്ത്രി അതിയായി ആഗ്രഹിച്ചിരുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആസൂത്രണം അല്പമൊന്നു പാളിയെങ്കിലും മുന്‍കൂട്ടി തീരുമാനിച്ചതുപോലെ ആശുപത്രിവാസവും പ്രതിഷേധങ്ങളും ആക്രമണങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുകയും ചെയ്തു. വിഷയങ്ങള്‍ വഴിതിരിച്ചുവിടാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമുള്ള ശ്രമങ്ങളുമാണ് ഈ കോലാഹലങ്ങള്ക്കുപിന്നിലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതോടെ ഈ നാടകവും സി.പി.എമ്മിന് മറ്റൊരു ഭൂമറാങ്ങായി മാറിയിരിക്കുകയാണ്.
editorial
പതിനഞ്ചാം നിയമസഭ സമാപിക്കുമ്പോള്‍
പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്.
16 സമ്മേളനങ്ങളിലായി 204 ദിവസം ചേര്‍ന്ന പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് ചൊവ്വാഴ്ച്ച പരിസമാപ്തിയായിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അവസാന ദിവസവും പ്രതിപക്ഷത്തിന് സഭ ബഹിഷ്കരിക്കേണ്ടിവരികയായിരുന്നു. അമ്പലക്കൊള്ളക്കാര്‍ക്ക് കേരളം മാപ്പുനല്‍കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്ലക്കാര്‍ഡ് അവസാന ദിവസവും സഭയില്‍ ഉയര്‍ന്നുതന്നെ നില്ക്കുന്നുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലാവുകയും പ്രതിപക്ഷം ശക്തമായി ആഞ്ഞടിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു നിയമസഭയുടെ അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും.
പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദോശ ചുടുന്ന ലാഘവത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിന് അവസാന സഭാ സമ്മേളനത്തിന്റെ അവസാന ദിവസവും ഒരുമുടക്കവമുണ്ടായില്ല. കേവലം ഒരു മണിക്കൂറിനിടെ ഏഴുബില്ലുകളാണ് സഭയില്‍ ചുട്ടെടുത്തത്. ഒന്ന് ധനകാര്യബില്ലും മറ്റൊന്ന് ധനവിനയോഗ ബില്ലുമായിരുന്നെങ്കില്‍ അഞ്ചെണ്ണം നിയമനിര്‍മാണമായിരുന്നു. ദോശ ചുട്ടെടുക്കുന്നതുപോലെ ബില്ലുകള്‍ പാസാക്കിയെടുക്കരുതെന്ന് മുതിര്‍ന്ന അംഗങ്ങള്‍തന്നെ നിര്‍ദ്ദേശം വെച്ചുവെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനുമിടെ ഒരു ചര്‍ച്ചയുമില്ലാതെയാണ് നിഷ്കരുണം ബില്ലുകള്‍ പാസാക്കിയെടുത്തത്. ഏറെ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കപ്പെടേണ്ട കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലുള്‍പ്പെടെയാണ് ഇത്തരുണത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകടത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുതകുംവിധം ആധികാരിക രേഖയായി അംഗീകരിക്കേണ്ടതാണ് നേറ്റിവിറ്റികാര്‍ഡ്. ജൈവ വൈവിധ്യ ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക് ക്ഷേമനിധി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ തുടങ്ങിയ കുലങ്കുശമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ട ബില്ലുകളാണ് പ്രതിഷേധത്തിന്റെയും ബഹളത്തിന്റെയും മറവില്‍ പാസാക്കപ്പെട്ടിരിക്കുന്നത്. നിയമനിര്‍മാണത്തിന് 270 മണിക്കൂറും ധനകാര്യത്തിന് 279 മണിക്കൂറും ചിലവിട്ടെന്ന് സ്പീക്കര്‍ അവകാശപ്പെടുന്ന ഒരു സഭാകാലാവധിയിലാണ് ഇത്തരത്തില്‍ ബില്ലുകള്‍ പാസാക്കപ്പെട്ടത്.
മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ പ്രചണ്ഡമായ പ്രചരണം നടത്തുന്നുവെന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാറാണ് കേന്ദ്രഭരണകൂടത്തിന്റെ അതേ രീതികള്‍ പിന്തുടര്ന്നുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷമുന്നയിക്കുന്ന കാര്യമാത്രപ്രസക്തമായ വിഷയങ്ങളെ അവഗണിക്കുകയും അതുവഴി രൂപപ്പെടുന്ന പ്രതിഷേധങ്ങള്‍ക്കും ബഹിഷ്കരണങ്ങള്‍ക്കുമിടെ തന്ത്രപ്രധാനമായ ബില്ലുകളില്‍ തീരുമാനമെടുക്കുന്ന സമീപനമാണ് മോദി സര്‍ക്കാറിന്റേത്. തങ്ങളുടെ ഹിഡണ്‍ അജണ്‍കള്‍ ഒളിച്ചുകടത്തലാണ് ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കാറുള്ളത്. കുത്തകകള്‍ക്കും വിദേശ ശക്തികള്‍ക്കും രാജ്യത്തിന്റെ സമ്പത്ത് തീറെയുതിക്കൊടുക്കാനും ഇന്ത്യയുടെ ആത്മാഭിമാനത്തെ തന്നെ പണയപ്പെടുത്താനുമെല്ലാം ഇങ്ങനെയുള്ള വളഞ്ഞവഴികളാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. മോദി സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ അതേപടി പകര്‍ത്തുകയാണ് ഇക്കാര്യത്തിലും പിണറായി സര്‍ക്കാര്‍ ഈ സഭാകാലയളവില്‍ ചെയ്തുകൂട്ടിയത്.
ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തെയല്ല, കേരളത്തിലെ ജനങ്ങളെ ഒന്നടങ്കമാണ് ഭരണകൂടം ഇരുട്ടില്‍ നിര്‍ത്തിയത്. നിയമനിര്‍മാണംകൊണ്ട് മാത്രമല്ല, അതില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിന്മേല്‍കൂടിയാണ് കേരള നിയമസഭ ഇന്ത്യയിലെ ശ്രദ്ധേയമായ നിയമ നിര്‍മാണ സഭയായിത്തീര്‍ന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ കാട്ടിക്കൂട്ടിയ കോപ്രാട്ടിത്തരങ്ങളുടെ പേരിലാണ് നമ്മുടെ നിയമനിര്‍മാണ സഭക്ക് കളങ്കംചാര്‍ത്തിയതെങ്കില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് സഭയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ നിര്‍മാണത്തിലൂടെയാണ് ആ കടുംകൈ തുടര്‍ന്നുപോന്നത്.
പെരുമ്പറ മുഴക്കിയുള്ള പി.ആര് പ്രവര്‍ത്തനങ്ങളിലൂടെയും നരേന്ദ്രമോദിയെ അച്ചട്ട പിന്തുടരുകയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി ബോളിവുഡ് പ്രമുഖനായ അക്ഷയ്കുമാറുമായുള്ള ഇന്റര്‍വ്യൂവിലൂടെയാണ് മോദി കളംനിറയാന്‍ ശ്രമിച്ചതെങ്കില്‍ നടന് മോഹന്‍ലാലുമായി ഇന്റര്‍വ്യൂവിലേര്‍പ്പെട്ട് ശ്രദ്ധകവരാനാണ് പിണറായി വിജയന്റെ തീരുമാനം. സിനിമകളെ വെല്ലുന്ന ട്രീസറുകള്‍ പുറത്തിറക്കി ഹൃദയങ്ങള്‍ കീഴടക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിയെങ്കില്‍ സര്‍ക്കാര്‍ ചിലവിലുള്ള പി.ആര് ധൂര്‍ത്തിനെക്കുറിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത്.
editorial
അനാസ്ഥയില്‍ പൊലിയുന്ന ജീവനുകള്‍
അധികാരികളുടെ അനാസ്ഥയുടെ ഇരകളാണ് ഈ നാലുജീവനുകളുമെന്നത് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാണ്.
നൂറ്റാണ്ടുകളുടെ വ്യാപാരപ്പെരുമയുള്ള ഇടമാണ് കോഴിക്കോട് വലിയങ്ങാടി. നേരവും കാലവുമില്ലാതെ സത്യസന്ധമായ വ്യാപാരത്തിന്റെ വലിയവര്‍ത്തമാനങ്ങള്‍ മുഴങ്ങാറുള്ള വലിയങ്ങാടി പക്ഷേ തിങ്കളാഴ്ച്ച ഉച്ചമുതല്‍ കനത്ത നിശബ്തദയിലാണ്. ആ നിമിഷംവരെ അവരോടൊപ്പമുണ്ടായിരുന്ന, അവരുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍വെച്ച പിടഞ്ഞുമരിക്കുന്നതിന് മൂകസാക്ഷികളാകേണ്ടിവന്നതാണ് ഈ നിശബ്ദതക്ക് കാരണം. അധികാരികളുടെ അനാസ്ഥയുടെ ഇരകളാണ് ഈ നാലുജീവനുകളുമെന്നത് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാണ്.
വലിയങ്ങാടിയിലെ തൊഴിലാളികള്‍ അധ്വാനത്തിന്റെ പ്രതീകങ്ങളാണ്. കുടുംബം പുലര്‍ത്തുന്നതിനുവേണ്ടിയുള്ള കാലമോ കാലാവസ്ഥയോ നോക്കാതെയുള്ള അവരുടെ അത്യദ്ധ്വാനം പ്രസിദ്ധമാണ്. തൊഴിലിടങ്ങളിലെ സജീവതക്കൊപ്പം മഹാ നഗരത്തിന്റെ കാവല്‍ക്കാരായി നിലകൊള്ളുന്നവരാണവര്‍. നഗരത്തിന്റെ വേഗതക്കും ജീവിതത്തിന്റെ തിരക്കിനുമിടയിലുണ്ടാകുന്ന എല്ലാ പ്രയാസങ്ങളിലും പ്രതിസന്ധികളിലും അതിലകപ്പെട്ടവരെ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്‍നിരയിലുണ്ടാകുന്നവരാണ് വലിയങ്ങാടിയിലെ തൊഴിലാളികള്‍. അതുകൊണ്ട്തന്നെ ഈ ദുഖം ഒരു നഗരത്തെ മാത്രമല്ല, നാടിനെയൊന്നടങ്കം ഈറനണിയിക്കുകയാണ്.
വലിയങ്ങാടിയിലെ അപകടത്തെക്കുറിച്ച് വിലയിരുത്തുമ്പോള്‍ അധികൃതരുടെ അനാസ്ഥയുടെ ആഴം ഒറ്റനോട്ടത്തില്‍ തന്നെ കൃത്യമായി ബോധ്യപ്പെടും. കാലാവധി കഴിഞ്ഞ, മൂന്നുവര്‍ഷം മുമ്പ് ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച അതേകെട്ടിടത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിര്‍ബാധം അനുമിതി നല്‍കുകയും അവരില്‍ നിന്ന് വാടക ഈടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് എന്നതില്‍ തന്നെ അനാസ്ഥയുടെ എല്ലാ വശങ്ങളുമുണ്ട്. പ്രസ്തുത കെട്ടിടത്തിലെ കടകളില്‍ നിന്ന് ഈ അഞ്ചാം തിയ്യതിയും കോര്പറേഷന് വാടക കൈപ്പറ്റി എന്നുമാത്രമല്ല, ആഴ്ച്ചകള്‍ക്കുമുമ്പാണ് കെട്ടിടത്തില്‍ ഒരു കട തുറക്കാന്‍ അനുമതി നല്‍കിയത്. കാലപ്പഴക്കമാണ് കെട്ടിടത്തിന്റെ അപകടകാരണമെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. 1977 ല്‍ നിര്‍മിച്ച കെട്ടിടത്തിന് പഴക്കം അന്പതുവര്ഷം പിന്നിട്ടിരിക്കുകയാണ്.
ബീച്ച് ഫയര്‍സ്റ്റേഷനുവേണ്ടി അധികൃതര്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ കെട്ടിടമാണ് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയുമെല്ലാം സുരക്ഷിതത്വത്തിന്റെ മുകളില്‍ വലിയ ചോദ്യചിഹ്നമായി ഇത്രയുംകാലം പ്രവര്‍ത്തിച്ചിരുന്നത്. റമസാനിലെ പ്രത്യേക സാഹചര്യമായതിനാലും ഭാഗ്യംകൊണ്ടുംമാത്രമാണ് സദാസമയവും ജനനിബിഢമായ ഈ സ്ഥലത്ത് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയെങ്കിലും കുറഞ്ഞത്. സാധാരണഗതിയില്‍ തൊഴിലാളികളും കച്ചവടക്കാരുമായി 200 പോരെങ്കിലും സദാസമയവും കൂടിനില്‍ക്കാറുള്ള കെട്ടിടത്തിലും പരിസരത്തും അപകടം സംഭവിക്കുന്ന സമയത്ത് ഏഴുപേര്‍ മാത്രമേ ഉണ്ടായിരുന്നൂള്ളൂ. ഇതില്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങുകയും ഒരാള്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. രണ്ടുപേര്‍ ശബ്ദംകേട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുമെല്ലാം മകുടോദാഹരണമായാണ് കോഴിക്കോട് കേര്പറേഷന് ഭരണസമിതി അറിയപ്പെടുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും മുന്നില്‍ നിയമങ്ങളും ചട്ടങ്ങളുമെല്ലാം ഇവിടുത്തെ ഇടതു ഭരണസമിതിക്ക് വെറും നോക്കുകുത്തിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ എട്ടുനിലയില്‍ പൊട്ടിയതും തീര്‍ത്തും ഏകപക്ഷീയമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തിയിട്ടും തിരഞ്ഞെടുപ്പില്‍ ചക്രശ്വാസം വലിച്ചതും ജനങ്ങളുടെ പ്രതികാരമായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനോ തിരുത്താനോ തയാറാകാത്ത ഭരണസമിതി പഴയപല്ലവി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
അതിന്റെ പ്രതിഫലനമാണ് വലിയങ്ങാടിയില്‍ ദൃശ്യമായത്. തകര്‍ന്നുവീണ കെട്ടിടത്തിന് സമാനമായി കോഴിക്കോട് നഗരപരിധിയില്‍ ഉപയോഗയോഗ്യമല്ലെന്ന് അധികൃതര്‍തന്നെ സാക്ഷ്യപ്പെടുത്തിയ നിരവധികെട്ടിടങ്ങള്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭരണസമിതിയുടെയും പാര്‍ട്ടി നേതാക്കളുടെയും പലവിധത്തിലുള്ള ഇടപെടലുകളാണ് നിയമത്തിന്റെ കൈകള്‍ ഇവക്കെതിരെയൊന്നും നീളാതിരിക്കുന്നത്. മറ്റൊരപകടത്തിന് സാക്ഷിയാകുമ്പോള്‍ മുതലക്കണ്ണീരുമായി വീണ്ടുമെത്തുകയും നിയമത്തെക്കുറിച്ചും നടപടികളെക്കുറിച്ചും വലിയ വായില്‍ സംസാരിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഈ നഗരത്തിനൊരു ബാദ്ധ്യതയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവിലയെങ്കിലും കല്പ്പിക്കുന്നുണ്ടെങ്കില് ഇനിയെങ്കിലും ഈ ബിനാമിപ്പണികള്‍ അവസാനിപ്പിച്ച് നിയമംനടപ്പിലാക്കാനുള്ള ആര്‍ജ്ജവംഭരണകൂടം പ്രകടിപ്പിക്കേണ്ടതുണ്ട്.
editorial
ഇത് കള്ളന്മാരുടെ സര്‍ക്കാര്‍ തന്നെ
അധികാര ദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ സംസ്ഥാന സര്‍ക്കാറിന്റെ ഞെട്ടിപ്പിക്കുന്ന കള്ളക്കളികളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അധികാര ദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ സംസ്ഥാന സര്‍ക്കാറിന്റെ ഞെട്ടിപ്പിക്കുന്ന കള്ളക്കളികളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരുകൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോള്‍ നീതിപീഠമുള്‍പ്പെടെ അതിനെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുകയും സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. നവകേരള സര്‍വെയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ ചിലവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഗൂഢനീക്കം കോടതി കൈയ്യോടെ പിടികൂടുകയും നിര്‍ത്തിവെപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജിവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സാധാരണക്കാരുടെയും ഔദ്യോഗിക ഡാറ്റകള്‍ മോഷണംനടത്തി വീണ്ടും വെട്ടില്‍വീണിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ 77.42 ലക്ഷം ഔദ്യോഗിക ഡാറ്റകള്‍ ദുരുപയോഗം ചെയ്തുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരുടെയും 5.42 ലക്ഷം ജീവനക്കാരുടെയും 10 ലക്ഷം സ്ത്രീ സുരക്ഷാ പെന്‍ഷന്‍കാരുടെയും പേരും ഫോണ്‍നമ്പറും ഉപയോഗിച്ചാണ് ഗുണഭോക്താക്കള്‍ക്ക് വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ഇത്തരം വ്യക്തികത വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ ഈ നീക്കമുണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് സര്‍ക്കാരിനെതിരെ പരാതിയുമായി ജീവനക്കാരുടെ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതിനെതിരെ എ.ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി ലഭ്യമായിട്ടുണ്ട്. ഡി.എ കുടിശിക അനുവദിച്ചതിന് പിന്നാലെ ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് സന്ദേശം എത്തിയതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളും മറ്റ് രഹസ്യവിവരങ്ങളും രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണ്.
സുരക്ഷിതമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭ്യമായി എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരുടെ സ്വകാര്യതയിലേക്ക് ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നത്. ജീവനക്കാര്‍ക്കുള്ള മെസേജുകളില്‍ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം. ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3% ഡിഎയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ‘സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ?. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ്’ വാക്ക്മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നതിങ്ങനെയാണ്.
അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നത് സൗജന്യ കിറ്റ് മാതൃകയിലെ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്തിപരമായി നല്‍കിയിരിക്കുന്ന സന്ദേശം അല്പ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്നാണ് ജീവനക്കാരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയുടെ നഗ്നമായ ലംഘനം കൂടിയാണ് ഈ നടപടി. സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജീവനക്കാരെ സ്വാധീനിക്കാന്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന നല്‍കിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രി പദവിയുടെ നഗ്നമായ ദുരുപയോഗമാണ്. സര്‍ക്കാറിന്റെ ഈ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുമെന്ന് മാത്രമല്ല, നവകേരള സര്‍വേ മാതൃകയില്‍ സര്‍ക്കാറിന്റെ കള്ളക്കളികള്‍ തുറന്നുകാട്ടപ്പെടുന്നതുമായിരിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണംമാത്രമല്ല, അവരുടെ വ്യക്തിവിവരങ്ങളും കൊള്ളയടിക്കുന്ന അവസ്ഥാവിശേഷം ഇത് സര്‍ക്കാറല്ല, കൊള്ളക്കാരാണെന്ന ആരോപണത്തിന് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.
-
News20 hours agoതുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നഷ്ടം 5 ലക്ഷം രൂപവരെ
-
Video Stories19 hours agoമലബാര്‍ സ്പെഷ്യല്‍ ഉന്നക്കായ
-
News19 hours agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
-
kerala19 hours agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala18 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala18 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala17 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article16 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
