Sports

അലസിയ ചര്‍ച്ച

By Akhila

February 25, 2026

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്, ജി.സി.ഡി.എയുമായി നടത്തിയ ചര്‍ച്ച അലസി. നേരത്തേ അറിയിച്ചതിന് വിരുദ്ധമായി അവസാന നിമിഷം ജി.സി.ഡി.എ നടപടി അംഗീകരിക്കാനാവില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ് മാനേ ജ്‌മെന്റ്. ടീം അധികൃതര്‍ ഇന്നലെ ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ളയുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തിയത്. വാടക കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടാവാമെന്നും, ഇപ്പോള്‍ കളി നടക്കട്ടേ എന്ന നിലപാടാണ് ചെയര്‍മാന്‍ സ്വീകരിച്ചത്.

എന്നാല്‍ വാടക കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാവണമെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്. സീസണ്‍ അവസാനിച്ചതിന് ശേഷം പുതുക്കിയ വാടക നിരക്ക് ഒന്നിച്ച് ഈടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവണമെന്ന നിലപാടില്‍ ബ്ലാസ്റ്റേഴ്സ് ഉറച്ചുനില്‍ക്കുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും. ബ്ലാസ്റ്റേഴ്‌സ് ക്വാഷന്‍ ഡെപ്പോസിറ്റായി നല്‍കിയ ഒരു കോടി രൂപയില്‍ നിന്ന് സ്റ്റേഡിയത്തിനുണ്ടായ നഷ്ടം കണക്കാക്കി 28 ലക്ഷം രൂപ കുറച്ചിരുന്നു. ഈ 28 ലക്ഷം രൂപയും പുതുക്കിയ വാടകനിരക്കായ 4.25 ലക്ഷം വീതം ശേഷിക്കുന്ന എട്ട് മത്സരങ്ങളുടെ ആകെ തുകയായ 36.16 ലക്ഷം രൂപയും ഒന്നിച്ചടയ്ക്കണമെന്ന നിലപാടാണ് ജി.സി.ഡി.എയുടേത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ക്ലബ്ബിന് വാടക വര്‍ധനവ് താങ്ങാനാവില്ലെന്ന് ടീം അധികൃതര്‍ ഇന്നലെയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.

മാത്രമല്ല വിളിച്ചുവരുത്തി തങ്ങളെ അപമാനിച്ചെന്ന തോന്നലും ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഹോം ഗ്രൗണ്ടായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറാന്‍ തീരുമാനിച്ച ബ്ലാസ്റ്റേഴ്സ്, ഇവിടെ സ്റ്റേഡിയം ലഭ്യമാവാത്തതിനാല്‍ മഞ്ചേരി സ്റ്റേഡിയത്തെ പരിഗണിക്കുമ്പോഴാണ് വാടക ഇളവെന്ന വാഗ്ദാനം നല്‍കി ജി.സി.ഡി.എ കൊച്ചിയില്‍ തുടരാന്‍ അഭ്യര്‍ഥിക്കുന്നത്. ഇത് വിശ്വാസത്തിലെടുത്ത് കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ച ക്ലബ്ബിനോട് ആദ്യ മത്സരത്തിന് മുമ്പാണ് കൂടുതല്‍ വാടക ആവശ്യപ്പെടുന്നത്. നേരത്തെ ജി.സി.ഡി.എ ചെയര്‍മാന്‍ തന്നെ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി കുറച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ചെയര്‍മാന്റെ തീരുമാനം ജി.സി.ഡി.എ എക്‌സിക്യുട്ടീവ് വെട്ടിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച്ച മത്സരക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് ഉടമ നിഖില്‍ ബി. നിമ്മഗഡ്ഡയെയും സംഘത്തെയും ഇറക്കിവിടുകയും, സ്റ്റേഡിയത്തില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മീഡിയ റൂം പൂട്ടിയിട്ട് തടസപ്പെടുത്തുകയും ചെയ്തിരുന്നു.