Film

കേരള സ്റ്റോറി 2: ടീസര്‍ പിന്‍വലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിര്‍മ്മാതാക്കള്‍

By webdesk17

February 24, 2026

കൊച്ചി: വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി 2’-ന്റെ ടീസര്‍ പിന്‍വലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിര്‍മ്മാതാക്കള്‍. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ടീസര്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടീസര്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയത്.

കേരളത്തെയും ജനങ്ങളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ സിനിമ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അതേസമയം വ്യക്തത വരുത്തുന്നതിനായി കോടതി നാളെ വൈകിട്ട് സിനിമ കണ്ട ശേഷം പ്രദര്‍ശനാനുമതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളം മതേതരത്വത്തിന്റെ നാടാണെന്നും സൗഹാര്‍ദ്ദപരമായാണ് എല്ലാവരും ഇവിടെ ജീവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് അസ്വസ്ഥതയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ ഇടപെടാറില്ലെങ്കിലും ‘കേരള സ്റ്റോറി’ എന്ന പേര് നല്‍കിയത് സംബന്ധിച്ച ആശങ്കകള്‍ അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിര്‍മ്മാതാക്കളുടെ വാദം പരിശോധിക്കും. ഉള്ളടക്കം വസ്തുതാവിരുദ്ധമെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗവും ഇന്ത്യ ഉടന്‍ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്ന പരാമര്‍ശവും ടീസറില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.