Connect with us

Sports

നിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം

ഇന്നും സഞ്ജുവിന് സാധ്യതയില്ല

Published

on

അഹമ്മദാബാദ്: സ്പിന്‍ ഭയം ഇന്ത്യക്കുണ്ടെന്നത് സത്യം. ആ സത്യം അംഗീകരിക്കാതെ ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയയാത്ര തുടരുമെന്നാണ് നായകന്‍ സുര്യകുമാര്‍ യാദവ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഐദന്‍ മാര്‍ക്‌റാം ഇന്ത്യന്‍ സ്പിന്നിനെ ബഹുമാനിച്ച് തന്നെ സംസാരിച്ചു. മികച്ച സ്പിന്നര്‍മാരുടെ സംഘമാണ് ഇന്ത്യ. അതിനാല്‍ തന്നെ സ്പിന്‍ തന്നെയാവും മല്‍സരത്തിന്റെ ഗതി നിയന്ത്രിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ഇന്നാണ് സൂപ്പര്‍ എട്ടിലെ വമ്പന്മാരുടെ മുഖാമുഖം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അവിടെ വലിയ സ്‌ക്കോര്‍ എളുപ്പമല്ല. ബൗണ്ടറികള്‍ വലുതാണ്. സിക്സര്‍ വേട്ട എളുപ്പമല്ല. ഇന്ത്യ അവസാന ഗ്രൂപ്പ് മല്‍സരം കളിച്ചത് ഇവിടെയാണ്.

നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌ക്കോര്‍ സ്വന്തമാക്കുമെന്നാണ് കരുതപ്പെട്ടത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ 300 പ്ലസ് റണ്‍സ് ഈ ലോകകപ്പില്‍ നേടുമെന്ന് ചിലരെല്ലാം പറഞ്ഞത് അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ്. പക്ഷേ നാല് മല്‍സരങ്ങളില്‍ കളിച്ചപ്പോഴും 200 റണ്‍സിന് അരികിലെത്താനാണ് ഇന്ത്യക്കായത്. അഭിഷേക് ഇത് വരെ ലോകകപ്പില്‍ ഒരു റണ്‍ പോലും നേടിയിട്ടില്ല. കളിച്ച മൂന്ന് മല്‍സരങ്ങളിലും പൂജ്യം. ലോകകപ്പിന് മുമ്പ് നടന്ന ന്യുസിലന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയ അഭിഷേക് ഇടക്ക് അനാരോഗ്യവാനായിരുന്നു.

അതിനെ തുടര്‍ന്ന് ഓപ്പണര്‍ സ്ഥാനം കിട്ടിയ സഞ്ജു സാംസണ്‍ മൂന്ന് സിക്സറുകള്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടിയിരുന്നു. പിന്നെ സഞ്ജുവിന് അവസരം കിട്ടിയില്ല. ഇന്നും സഞ്ജുവിന് സാധ്യതയില്ല. അഭിഷേകിന് ഓഫ് സ്പിന്നാണ് പ്രശ്നം. രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തായത് ഓഫ് സ്പിന്നിലാണ്. അഭിഷേകിനെ വേഗത്തില്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുമെന്നുറപ്പ്. ഇന്നലെ ആഫ്രിക്കന്‍ സംഘത്തിലെ പ്രധാന ഓഫ് സ്പിന്നറായ അവരുടെ കപ്പിത്താന്‍ മാര്‍ക്റാം ബൗളിംഗിലായിരുന്നു കൂടുതല്‍ സമയം പരിശീലനം നടത്തിയത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഇഷാന്‍ കിഷന്‍ ഗംഭീരമായി കളിക്കുന്ന ഓപ്പണറാണ്. അവസാന മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലും അതിവേഗ ഓപ്പണര്‍മാരുണ്ട്. ഇന്ത്യന്‍ പിച്ചുകളെ നന്നായി അറിയുന്നവരാണ് ഇന്നിംഗ്സിന് തുടക്കമിടുന്ന നായകന്‍ മാര്‍ക്റാമും ക്വിന്റണ്‍ ഡികോക്കും. രണ്ട് പേരും പേസിനെയും സ്പിന്നിനെയും നന്നായി നേരിടുന്നവര്‍. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് ശക്തമാണ്. തിലക് വര്‍മ, സുര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, റിങ്കു സിംഗ് എന്നിവരെല്ലാം വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ കഴിവുളളവര്‍.

 

india

ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്‍റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ

മൂന്നാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി

Published

on

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിരക്ക് 159 റൺസേ കണ്ടെത്താനായുള്ളൂ. അർധ സെഞ്ചന്‍റി നേടിയ ആഷ്ലി ഗാർഡ്നറാണ് (57) അവരുടെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന (55 പന്തിൽ 82) ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തു പകർന്നപ്പോൾ ബൗളർമാരിൽ ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും തിളങ്ങി. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 176, ആസ്ട്രേലിയ -20 ഓവറിൽ ഒമ്പതിന് 159.

കകടുത്ത പോരാട്ടം നടന്ന ടി20 പരമ്പരയിൽ ആസ്‌ട്രേലിയൻ കരുത്തിനെ മറികടന്നുകൊണ്ട് ഇന്ത്യ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. യുവ സ്പിന്നർ ശ്രേയങ്ക പാട്ടീലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ആസ്‌ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ശ്രേയങ്ക, ഓസീസ് ബാറ്റിങ് നിരയെ സമ്മർദത്തിലാക്കി. നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ ശ്രേയങ്ക പ്രധാന പങ്കുവഹിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വെറ്ററൻ ഓപണർ സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി, ആസ്‌ട്രേലിയൻ ബൗളർമാരെ തരംകിട്ടിയപ്പോഴെല്ലാം ബൗണ്ടറി കടത്തി. ടീമിന് ആവശ്യമായ വേഗതയിൽ റൺസ് കണ്ടെത്തിയ സ്മൃതിയുടെ അർധ സെഞ്ച്വറി ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കുന്നതിൽ നിർണായകമായി. ഇന്ത്യൻ നിരയിൽ ജെമീമ റോഡ്രിഗസും (59) അർധ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ സ്മൃതിയും ജെമീമയും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.

ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.

Continue Reading

News

റമദാന്‍ തുടക്കം അഭയാര്‍ത്ഥികള്‍ക്കൊപ്പം; റോഹിങ്ക്യന്‍ ക്യാമ്പില്‍ ചെലവഴിച്ച് മെസ്യൂദ് ഓസില്‍

സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

Published

on

ധാക്ക: വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചെലവഴിച്ച് പ്രമുഖ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മകന്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഓസില്‍ കോക്സ് ബസാറിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. തുര്‍ക്കിഷ് കോപ്പറേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഏജന്‍സി പ്രസിഡന്റ് അബ്ദുള്ള എറന്‍, ബംഗ്ലാദേശിലെ തുര്‍ക്കി അംബാസഡര്‍ റാമിസ് സെന്‍ എന്നിവരും ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഏതാനും മാധ്യമപ്രവര്‍ത്തകരും ഇവരോടൊപ്പമുണ്ടായിരുന്നു. ഉഖിയയിലെ ബാലുഖാലി, കുട്ടുപാലോങ് ക്യാമ്പുകളാണ് സംഘം സന്ദര്‍ശിച്ചത്.

രാവിലെ പ്രത്യേക വിമാനത്തില്‍ കോക്സ് ബസാറിലെത്തിയ സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ക്യാമ്പിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് റോഹിങ്ക്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഓസിലും പങ്കുചേര്‍ന്നു. ലോകപ്രശസ്ത താരത്തെ നേരില്‍ കാണാനും അദ്ദേഹത്തോടൊപ്പം പന്തുതട്ടാനും കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. മത്സരത്തിന് ശേഷം വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി.

വൈകുന്നേരം ക്യാമ്പിലെ ഒരു റോഹിങ്ക്യന്‍ കുടുംബത്തോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നതിനു ശേഷമാണ് സംഘം മടങ്ങിയത്. സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

‘ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഞാന്‍ റമദാനിലെ ആദ്യ ദിനം ചെലവഴിച്ചത്. ടിക്ക, ദിയാനത്ത് വഖഫി എന്നിവയുടെ സഹകരണത്തോടെ അവിടെ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റല്‍, സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടു. എങ്കിലും, റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി നമുക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം, വലിയൊരു മാറ്റം കൊണ്ടുവരാം’- ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഓസില്‍ വ്യക്തമാക്കി.

 

Continue Reading

Sports

പ്രതിസന്ധിയിലായി ബ്ലാസ്റ്റേഴ്സ്; വാടക ഉയര്‍ത്തി ജി.സി.ഡി.എ

മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജിസിഡിഎ മുമ്പ് നല്‍കിയ ഉറപ്പ് ലംഘിച്ചത്.

Published

on

By

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് നാളെ കൊച്ചിയില്‍ നടക്കാനിരിക്കേ ഗ്രൗണ്ടിന്റെ വാടക കൂട്ടിച്ചോദിച്ച് സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എ. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി വാടക രണ്ട് ലക്ഷം മാത്രമാക്കി കുറച്ചെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു ടേണ്‍. ഓരോ മത്സരത്തിനും വാടക ഇനത്തില്‍ 4.25 ലക്ഷം രൂപ നല്‍കണമെന്നാണ് പുതിയ അറിയിപ്പ്. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായി. മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജിസിഡിഎ മുമ്പ് നല്‍കിയ ഉറപ്പ് ലംഘിച്ചത്.

പുതിയ അറിയിപ്പിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജിസിഡിഎയുമായി ചര്‍ച്ച തുടങ്ങി. ഇന്ന് രാവിലെയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന. മറ്റു വഴികളില്ലാത്തതിനാല്‍ ജിസിഡിഎ നിശ്ചയിക്കുന്ന ഫീസ് നല്‍കി ബ്ലാസ്റ്റേഴ്സിന് ഗ്രൗണ്ട് ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തേ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. എ ന്നാല്‍ ഗ്രൗണ്ട് കിട്ടാന്‍ വൈകിയതും, ജിസിഡിഎ വാടക നിരക്ക് കുറയ്ക്കാമെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനം മാറ്റി.

കഴിഞ്ഞ സീസണില്‍ എട്ടര ലക്ഷ രൂപയോളം ഒരോ മത്സരത്തിനും ക്ലബ്ബ് ജിസിഡിഎക്ക് വാടക ഇനത്തില്‍ നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് രണ്ട് ലക്ഷമാക്കി കുറയ്ക്കുമെന്നായിരുന്നു ജിസിഡിഎ ചെയര്‍മാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നല്‍കിയ ഉറപ്പ്. ഇതാണ് ആദ്യമത്സരത്തിന് ഒരു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ലംഘിക്കപ്പെട്ടത്. നാളെ വൈകിട്ട് 7ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഫെബ്രുവരി 28ന് ഇന്റര്‍കാശി, മാര്‍ച്ച് 7ന് ചെന്നൈയിന്‍ എഫ്‌സി, 21ന് പഞ്ചാബ് എഫ്സി, ഏപ്രില്‍ 15ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, 18ന് ജംഷഡ്പൂര്‍ എഫ്സി, 23ന് ഒഡീഷ എഫ്സി മെയ് 10ന് മുഹമ്മദന്‍ എസ്സി, 17ന് എഫ്‌സി ഗോവ എന്നിങ്ങനെയാണ് കൊച്ചിയിലെ മറ്റു മത്സരങ്ങള്‍.

 

Continue Reading

Trending