Connect with us

editorial

ആടിയുലയുന്ന കപ്പലും കത്രിക വീണ പി.ആറും

ചികിത്സപിഴവുകള്‍ ഒന്നിനു പിറകെ ഒന്നായി ഉയരുമ്പോഴും വകുപ്പില്‍ ആകെ നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ്.

Published

on

കേരളത്തില്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് മികച്ച തള്ളല്‍ നടത്തിയ ആരോഗ്യ മന്ത്രി ഒന്നാം പിണറായിസര്‍ക്കാറിലോ അതോ രണ്ടാം പിണറായി സര്‍ക്കാറിലോ എന്ന കാര്യത്തില്‍ മത്സരം പൊടിപൊടിക്കുമ്പോഴും സിസ്റ്റം പൂര്‍ണമായും കട്ടപ്പുറത്താണ്. തള്ളിനും അഹങ്കാരത്തിനുംഒരുവകുപ്പുണ്ടെങ്കില്‍ അത് നല്‍കേണ്ടവര്‍ക്കാണ് ആരോഗ്യ വകുപ്പ് നല്‍കിയതെന്നതാണ് പ്രധാന പ്രശ്നം. പണ്ടങ്ങാണ്ട് ചാനലില്‍ അവതാരികയായിരുന്നത് കൊണ്ട് ലോകത്തെ എല്ലാം തനിക്കറിയാമെന്നാണ് കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ ഭാവം. എന്നാല്‍ സ്വന്തം വകുപ്പില്‍ നടക്കുന്നത് ഒന്നു പോലും അറിയുന്നില്ലെന്ന് മാത്രം. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി കേരളത്തിലെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നതാണ് വീണ ജോര്‍ജ് എന്ന ആരോഗ്യ മന്ത്രിയുടെ വലിയ സംഭാവന. ഉള്ളത് പറയാലോ വകുപ്പില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയാന്‍ പറ്റില്ല. വയറ്റിലൊരു കത്രിക യോജന എന്നൊരു പദ്ധതി വിദഗ്ധമായി നടക്കുന്നുണ്ട്. ചികിത്സപിഴവുകള്‍ ഒന്നിനു പിറകെ ഒന്നായി ഉയരുമ്പോഴും വകുപ്പില്‍ ആകെ നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ്.

ഈ സര്‍ക്കാരിന്റെ കാലത്ത്,ആരോഗ്യമന്ത്രി തേടിയത് 43 റിപ്പോര്‍ട്ടുകളാണ്. 2021 ജൂണ്‍ 1 മുതല്‍ 2025 നവംബര്‍ 30 വരെ വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടിയത് 43 തവണ. ഇനി മന്ത്രി സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി പ്രതിപക്ഷം സമരം നടത്തുന്നുവെന്ന് പരിഹസിക്കുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം കൂടി അറിയണ്ടേ?. അല്ലയോ വീണ മന്ത്രീ അങ്ങ് ബിന്ദുവിനെ അറിയുമോ.! കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച അമ്മയാണ് ബിന്ദു. മന്ത്രിയുടെ ഭാഷയില്‍ സ്വകാര്യ ആശുപത്രികള്‍ക്കായുള്ള പ്രചാരണം. സുമയ്യയെ അറിയുമോ.! തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയതിന്റെ പേരില്‍ നിയമ പോരാട്ടം നടത്തുന്നയാളാണ് സുമയ്യ. ഇതും മന്ത്രി ഭാഷയില്‍ സ്വകാര്യ ആശുപത്രിക്കു വേണ്ടിയുള്ള പ്രചാരണം. വിനോദിനിയെ അറിയുമോ.! പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിനി. പ്രതിപക്ഷ നേതാവ് കൃത്രിമ കൈ നല്‍കുമെന്ന് അറിഞ്ഞ് സ്വകാര്യ ആശു പത്രിക്കു വേണ്ടിയാണോ മന്ത്രീ ഈ കുഞ്ഞിന്റെ കൈ മുറിച്ചത്. പോട്ടെ ഹര്‍ഷിനയെ അറിയുമോ.! പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക തുന്നിപ്പിടിപ്പിച്ചതിന്റെ പേരില്‍ നീതി തേടി സമരം തുടരുന്ന വീട്ടമ്മ. ഇവര്‍ സ്വകാര്യ ആശുപത്രി ലോബിക്കായാണോ നീതി തേടുന്നത്. വേണുവിനെ അറിയുമോ.. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വ്യക്തി. നിങ്ങളുടെ ഭാഷയില്‍ സ്വകാര്യ ആശുപത്രിക്കു വേണ്ടി മരിച്ചയാള്‍. നൗഷിജയെ അറിയുമോ.! പട്ടാമ്പി താലൂക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരിക്കെ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച വീട്ടമ്മ. മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ ആശുപത്രിക്ക് കഴിഞ്ഞില്ല എന്ന് ബന്ധുക്കള്‍ പറയുന്നു.

ഇവര്‍ക്ക് സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടി പ്രചാരണം നടത്താന്‍ ശേഷിയുണ്ടെങ്കില്‍ സ്വന്തം ജീവന്‍ ഓട്ടവീണ കപ്പലിലെ ആശുപത്രിക്ക് സമര്‍പ്പിക്കുമായിരുന്നോ മന്ത്രീ?. നിങ്ങളുടെ മന്ത്രിസഭയുടെ കത്രിക യോജന പ്രകാരം കത്രിക വയറില്‍ വെച്ച് തുന്നി വിട്ട ഉഷാ ജോസഫിനെ അറി യുമോ.! ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഓപ്പ റേഷനില്‍ വയറില്‍ കത്രിക കുടുങ്ങിയ വീട്ടമ്മ. മന്ത്രിയുടെ കണക്കില്‍ ഇവരൊന്നും കാണില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കിന് വയറ്റില്‍ കത്രികയുണ്ടെന്ന് കരുതി പ്രശ്നമില്ലെന്നും വേദന മൂത്രക്കല്ല് കാരണമാണെന്നും പറയുന്ന അതിവിദഗ്ധ ഡോക്ടര്‍മാരുള്ളപ്പോള്‍ പിന്നെ എന്ത് പേടിക്കാന്‍. കയ്യിന് വേദനയുമായി എത്തിയ കുഞ്ഞിന്റെ കൈമുറിച്ചു മാറ്റിയ സിസ്റ്റവുമാണ് ആരോഗ്യ മന്ത്രി ഇപ്പോഴും ഈ ഓട്ടക്കപ്പല്‍ തള്ളുന്നത്. എന്തായാലും പിണറായിക്ക് തുടര്‍ ഭരണം കിട്ടിയത് കൊണ്ട് ഒരു ഉപകാരമുണ്ട്. കഴിഞ്ഞ തവണത്തെ ആരോഗ്യ മന്ത്രിയുടെ കാലത്ത് മറന്നുവെച്ച്‌പോയ കത്രികകള്‍ ഈ ആരോഗ്യ മന്ത്രിയുടെ കാലത്ത് പുറത്തെടുത്ത് കൊടുക്കാം.

ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് മാത്രമല്ല എല്ലാ ലോകരാജ്യങ്ങളില്‍ നിന്നും ഫോണ്‍വിളികളും ഈ മെയില്‍ സന്ദേശങ്ങളും, അന്വേഷണങ്ങളുമാണ് കേരളത്തിലേക്ക്. ഇവിടെ വ്യാവസായിക അടിസ്ഥാനത്തില്‍, കുടില്‍ വ്യവസായ മാതൃകയില്‍, മനുഷ്യ ശരീരത്തില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് അന്വേഷണങ്ങളത്രയും. ഈ പുതിയ കണ്ടുപിടുത്തത്തെ പ്രശംസിക്കാന്‍, അംഗീകരിക്കാന്‍, മിനിമം നൊബെല്‍ പുരസ്‌കാരം എങ്കിലും നല്‍കി ആദരിക്കണമെന്നാണ് അമേരിക്കയില്‍ നിന്നു ട്രംപും യുകെയില്‍ നിന്നു സ്റ്റാര്‍മറും റഷ്യയില്‍ നിന്ന് പുടിനുമൊക്കെ ആവശ്യപ്പെടുന്നതെന്നും കരക്കമ്പിയുണ്ട്. കേരളത്തിന്റെ ഈ പുരോഗതിയെ അംഗീകരിക്കാതെ കേരളത്തെ താഴ്ത്തിക്കെട്ടാനായി ഇനി അവര്‍ ഈ പുരസ്‌കാരം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി എ.ഐ വഴി ഒരു സര്‍ട്ടിഫിക്കറ്റ് അടിച്ചു നമ്പര്‍ വണ്‍ ആരോഗ്യ രംഗത്തെ പ്രശംസിക്കുന്നതായിരിക്കുമെന്ന ക്യാപ്സൂള്‍ വൈകാതെ പാര്‍ട്ടി തന്നെ പുറത്തിറക്കും. പഴയ ആരോഗ്യ മന്ത്രിയെ അമേരിക്കയില്‍ നിന്നു പോലും വിളിച്ച് ചികിത്സ തേടിയിരുന്ന സ്ഥാനത്ത് പുതിയ ആരോഗ്യ മന്ത്രിയെ കാലപുരിയില്‍ നിന്നുവിളിച്ചു ചോദിക്കാനാണ് കൂടുതല്‍ സാധ്യത.

കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമത കണ്ട് ഒബാമയും ട്രംപും എന്തിനേറെ ന്യൂയോര്‍ക്കില്‍ കപ്പലണ്ടി വിറ്റിരുന്ന സായിപ്പ് വരെ അത്ഭുതപ്പെട്ടെന്ന് തള്ളിയിരുന്ന മന്ത്രിയുടെ കാലത്തും ആരോഗ്യവകുപ്പിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പി.ആര്‍ പറയുന്നത്. മലയാളിക്ക് തലക്കകത്ത് ആള്‍താമസമുണ്ടെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണി ആദ്യം തോല്‍വി ഉറപ്പാക്കേണ്ട സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ആവശ്യമില്ല. അത്രമേല്‍ അഹങ്കാരം നിറഞ്ഞ സ്വരത്തിലാണ് മന്ത്രിയുടെ പ്രതികരണങ്ങള്‍. സര്‍ക്കാര്‍ ആശുപത്രിയിലെ പിഴവ് ചൂണ്ടിക്കാട്ടിയാല്‍ സ്വകാര്യ ആശുപത്രിയിലെ പിഴവ് എന്തു കൊണ്ട് ചൂണ്ടിക്കാട്ടുന്നില്ലെന്ന മറു ചോദ്യമാണ് ഉയര്‍ത്തുന്നത്. ഈ പിഴവുകള്‍ക്കെതിരെ നടപടി എടുക്കേണ്ടത് ആരാണെന്ന് ചോദിച്ചാല്‍ ആടിയുലയുകയാണ്
സിസ്റ്റം.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

ആരോഗ്യ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്

EDITORIAL

Published

on

സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ എന്താണ് സംഭവിക്കുന്നതെന്ന ഗൗരവതരമായ ചോദ്യമാണ് ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഉയര്‍ത്തുന്നത്. ഒറ്റപ്പെട്ടതെന്ന് സര്‍ക്കാറും വകുപ്പ് മന്ത്രിയും ആണയിട്ടുകൊണ്ടിരിക്കുന്ന ചികിത്സാ പിഴവുകള്‍ നിത്യസംഭവങ്ങളായി മാറുമ്പോള്‍ മറുഭാഗത്ത് അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന സാധാരണക്കാരില്‍ സാധാര ണക്കാരായ മനുഷ്യര്‍ ചികിത്സാ നിഷേധത്താലും ചികിത്സാ പിഴവിനാലും പൊറുതിമുട്ടിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വകുപ്പ് മന്ത്രിയുടെ അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം ഈ ഘട്ടത്തിലും ഒരു മുടക്കവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലാകാലങ്ങളായുള്ള ഭരണകൂടങ്ങളുടെ സൂക്ഷ്മതയോടെയുള്ള ഇടപെടലിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യയില്‍തന്നെ ഏറ്റവും മികവുറ്റതായി മാറിയിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ തത്വദീക്ഷയില്ലാത്ത സമീപനത്തിലൂടെ ഈ രംഗമാകെ താറുമാറായിക്കിടക്കുമ്പോഴും അവകാശവാദങ്ങളില്‍ അഭിമരമിക്കുന്ന വകുപ്പുമന്ത്രി നാടിനാകെ നാണക്കേടാണ് സമ്മാനിച്ചുകൊണ്ടരിക്കുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവമാണ് ചികിത്സാപിഴവിന്റെ ഉദാഹരണങ്ങളില്‍ ഏറ്റവും പുതിയത്. വയറ്റില്‍ കത്രികയുമായി, അസഹനീയമായ വേദനയുമായി ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ഉഷ ജോസഫ് തള്ളിനീക്കിയത് അഞ്ച് വര്‍ഷക്കാലമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. എക്‌സറെ ഉള്‍പ്പെടെയുള്ള പരിശോധനക്ക് ശേഷമാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. അസഹനീയമായ വേദനയുമായി പുളഞ്ഞുകൊണ്ട് നിരവധി തവണ ആശുപത്രിയെ സമീപിച്ചിട്ടും മരുന്നുനല്‍കി തിരിച്ചയച്ച ഡോക്ടര്‍മാരുടെ സമീപനത്തില്‍ തന്നെയുണ്ട് ചികിത്സയിലെ ആലസ്യത്തിന്റെ എല്ലാ പ്രതിഫലനവും. വയറ്റില്‍ കത്രികയുണ്ടെന്ന് തെളിഞ്ഞതിന് ശേഷം ചികിത്സക്കെത്താന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ആ ആശുപത്രിയിലേക്ക് ഇനി ചികിത്സക്കില്ലെന്ന് പറ ഞ്ഞ് സ്വകാര്യ ആശപത്രിയില്‍ അഭയം പ്രാപിച്ച പ്രസ്തുത സ്ത്രീയും വിളിച്ചുപറയുന്നത് നമ്മുടെ ചികിത്സാ രംഗത്തിന് സംഭവിച്ച അപചയത്തെക്കുറിച്ച് തന്നെയാണ്. സമാനമായ ചികിത്സാപിഴവിനിരയായ കോഴിക്കോട്ടുകാരിയായ ഹര്‍ഷിനയുടെ നീതിക്കുവേണ്ടിയുള്ള അലച്ചലിന് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലയളവിന്റെയത്രതന്നെ പ്രായമുണ്ട്. ഉഷ ജോസഫിനുണ്ടായ ധാരുണമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈയിടെമാത്രമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുണ്ടായ നിരവധി ചികിത്സാ പിഴവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം 14 വയസുകാരന്റെ കൈ വളഞ്ഞുപോയ സംഭവമുണ്ടായത് കോന്നി മെഡിക്കല്‍ കോളജിലാണ്.
കഴിഞ്ഞ നവംബറിലാണ് തന്‍സീറിന്റെ കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോഴാണ് കൈ വളഞ്ഞുപോയ വിവരം വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ചികിത്സയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന കുടുംബം, കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് വിണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം നടക്കുന്ന അന്വേഷണങ്ങളാകട്ടേ വെറും പ്രഹസനങ്ങളായിത്തീരുകയാണ്. കുറ്റക്കാര്‍ക്കെതിരെയുള്ള മാതൃകാപരമായ ശിക്ഷ വാക്കുകളിലൊതുങ്ങുന്നത് പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള കാരണമായിത്തീരുകയുമാണ്. ശമ്പള പരിഷ്‌കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി അനുവദിക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം ആറാം ദിവസത്തിലേക്ക് കടന്നതും ഇവിടെ ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. സമരംവഴി മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഒ.പി വിഭാഗം പൂര്‍ണമായും സ്തംഭിച്ചതും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചതും സാധാരണക്കാരായ രോഗികളെ ദുരിതക്കഴത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുന്നതിനു പകരം സമരം ശക്തമായി നേരിടാനാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച ആരോഗ്യവകുപ്പ്, സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പതിവുധിക്കാരവും ധാര്‍ഷ്ട്യവും സര്‍ക്കാര്‍ ഇ ക്കാര്യത്തിലും തുടരുന്നതുവഴി ആത്യന്തികമായി പാവപ്പെട്ട രോഗികളാണ് എല്ലാ കെടുതികളും അനുഭവിക്കേണ്ടി വരുന്നത്.

 

Continue Reading

editorial

കാട്ടിലെ തടി, തേവരുടെ ആന

പാര്‍ട്ടി പരിടപാടിയോ സര്‍ക്കാര്‍ പദ്ധതിയോ എന്ന് തിരിച്ചറിയാന്‍ സൂക്ഷ്മദര്‍ശിനി വെച്ചുനോക്കേണ്ട വിധത്തിലാണ് സര്‍ക്കാറിന്റെ പലപരിപാടികളും നടക്കുന്നത്.

Published

on

By

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്ന മനോഭാവത്തില്‍ സംസ്ഥാന ഖജനാവിനെ ഊറ്റിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും സംയുക്തനീക്കത്തിനുള്ള കനത്ത അടിയാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. നവകേരള സര്‍വേയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പ്രചരണശ്രമത്തിനു തടയിട്ടതുമാത്രമല്ല, അതുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഈ കൂറുകച്ചവടത്തെ പൊളിച്ചുകൈയ്യില്‍കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് സര്‍വസാധാരണമായിത്തീര്‍ന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.

പാര്‍ട്ടി പരിടപാടിയോ സര്‍ക്കാര്‍ പദ്ധതിയോ എന്ന് തിരിച്ചറിയാന്‍ സൂക്ഷ്മദര്‍ശിനി വെച്ചുനോക്കേണ്ട വിധത്തിലാണ് സര്‍ക്കാറിന്റെ പലപരിപാടികളും നടക്കുന്നത്. പാര്‍ട്ടി രൂപരേഖ തയ്യാറിക്കിയതിന്‌ശേഷം മന്ത്രിസഭയില്‍ വെച്ച് പാസാക്കിയെടുക്കുന്ന തരത്തിലാണ് പല പരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന് കണക്കിനു നല്‍കിയിരിക്കുന്നത്. കോടതിയുടെ പരാമര്‍ശങ്ങള്‍ അതീവ ഗൗരവതരവും, കത്തുന്ന പുരയില്‍നിന്ന് കഴുക്കോലെങ്കിലും ഊരിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സി.പി.എമ്മിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടുന്നതുമാണ്. സര്‍ക്കാറിന്റെ ഈ കുളംകലക്കി മീന്‍പിടിക്കല്‍ രീതിയോടുള്ള കടുത്ത വിയോജിപ്പും കോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രകടമാണ്.

സര്‍വേയെക്കുറിച്ച് സി.പി.എമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന കാര്യമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടിക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന കോടതിയുടെ ചോദ്യത്തിന് വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിച്ചതുമില്ല. സ്‌പെഷ്യല്‍ പി.ആര്‍ കാമ്പയിനിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായും കോടതി വിലയിരുത്തുകയുണ്ടായി. കൂടാതെ സര്‍വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബര്‍ എട്ടിനാണ് നവകേരള സര്‍വേ നടത്താനുള്ള തീരുമാനം മന്ത്രിസഭ എടുക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് ഒരു കത്തയച്ചു. ഈ കത്ത് ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാനാകില്ലെന്നും കോടതി വിലയിരുത്തി. സര്‍വേ നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് കത്തയക്കുകയായിരുന്നു. സര്‍വേക്ക് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സി.പി.എം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാര്‍ട്ടി നടത്തിയതില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഏതുവിധേനയും തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായയി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചരണവും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ലക്ഷ്യംവെച്ച് സി.പി.എം ഇത്തരത്തിലൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. പാര്‍ട്ടി പരിപാടിയാണെങ്കിലും ചിലവ് മുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാക്കലും പരിപാടിക്ക് ഔദ്യോഗിക പരിവേശം നല്‍കി ജനങ്ങളെ കബളിപ്പിക്കലുമായിരുന്നു ഇതിലൂടെ ലക്ഷ്യംവെച്ചത്. സര്‍വേക്ക് വേണ്ടി പ്രവര്‍ത്തകരെ ഒരു പോര്‍ട്ടല്‍ വഴി കണ്ടെത്തുകയും ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു. നവകേരള സൃഷ്ടിയാണ് ഫോക്കസ് എന്ന് പറയുമ്പൊഴും മുഖ്യമന്ത്രിയുടെ ആമുഖ കത്തും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറയുന്ന ബ്രോഷറുമായാണ് വോളന്റിയര്‍മാര്‍ സര്‍വേയ്ക്ക് എത്തിയത്. അവയെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. പുതിയ വികസന പദ്ധതികള്‍സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ?.

കഴിഞ്ഞ 10 വര്‍ഷത്തെ വികസനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?. ക്ഷേമപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിപുലീകരിക്കാം?. ഇവയായിരുന്നു സാംപിള്‍ ചോദ്യങ്ങള്‍. സര്‍വേയ്ക്കായി നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരെ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസിനെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നാണായിരുന്നു അധ്യാപകരുടെ വാദം. എന്നാല്‍ വികസനത്തെ കുറിച്ച് സര്‍ക്കാരിനായി വിവര ശേഖരണം നടത്തുകമാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്. കോളജ് വിദ്യാര്‍ത്ഥികളെ സര്‍വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. 2026 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പക്ഷേ ജനങ്ങള്‍ മുഖംതിരിച്ചതോടെ ഉദ്ദേശിച്ചതിന്റെ നാലിലൊന്നുപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍കൂടി ഉണ്ടായതോടെ പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ വഷളാവുകയും ചെയ്തിരിക്കുകയാണ്.

Continue Reading

editorial

ശബരിമലയില്‍ ഉത്തരംമുട്ടുമ്പോള്‍

EDITORIAL

Published

on

ശബരിമലയിലെ ആചാരങ്ങളെ തള്ളിപ്പറയുകയും അയ്യന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ ദേവസ്വം സ്വത്തുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയും ചെയ്ത പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തന്‍മാരെ മാത്രമല്ല, വിശ്വാസി സമൂഹത്തെ ഒന്നടങ്കം വെല്ലുവിളിച്ചും പരിഹസിച്ചും മുന്നോട്ടു പോവുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഷയങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സന്നിധാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് എല്ലാ സംരക്ഷണം ഒരുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള സര്‍ക്കാറിലെയും സി.പി.എമ്മിലെയും പ്രമുഖരിലേക്ക് നീങ്ങുകയുമാണെങ്കില്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ ദേവസ്വംഫണ്ട് അടിച്ചുമാറ്റിയതിന്റെ കണക്കുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാകട്ടേ പരമോന്നത നീതിപീഠത്തിനുമുന്നില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ചുകൊണ്ട് വിശ്വാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോള അയ്യപ്പസംഗമത്തില്‍ വന്‍തോതിലുള്ള അഴിമതിക്കും ധൂര്‍ത്തിനും പുറമെ അനധികൃതമായി പണംചെലവഴിച്ചെന്നുമുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ തലേദിവസം പമ്പയില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി താമസിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 1,11,365 രൂപയാണ് കട്ടിലിനും ബെഡിനും ചെലവായത്. ഇടനാഴിയില്‍ 15,930 രൂപയുടെ ചുവന്ന പരവതാനിയും വിരിച്ചു. അതിഥികള്‍ക്ക് മുറിയൊരുക്കാന്‍ കുമരകത്തും മൂന്നാറിലും കോട്ടയത്തുമായി ചിലവിട്ടത് 37 ലക്ഷം രൂപയായിരുന്നു. അങ്ങിനെയങ്ങിനെ ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയാത്ത അഴിമതിയുടെയും ധൂര്‍ത്തിന്റെയും മഹാമേളയാക്കി സംഗമത്തെ മാറ്റുകയും കള്ളക്കണക്കുകള്‍ ജനങ്ങളുടെ മുന്നില്‍ എത്തുകയും ചെയ്തപ്പോള്‍ എല്ലാം ദേവസ്വം ബോര്‍ഡിന്റെ തലയിലിട്ട് കൈകകഴുകാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ ന്യായീകരണവുമായി വന്ന ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ വിചിത്രവും സാമാന്യബുദ്ധിക്ക് നിരക്കാത്ത തരത്തിലുള്ളതുമായിരുന്നു. ഓഡിറ്റര്‍ക്ക് പിഴച്ചതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നുമായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. അയ്യപ്പ സംഗമത്തിന്റെ റിപ്പോര്‍ട്ട് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ അക്കമിട്ട് നിരത്തിയതോടെയാണ് ബോര്‍ഡും വകുപ്പും സര്‍ക്കാറുമെല്ലാം ഒരുപോലെ വെള്ളംകുടിച്ചത്. അതിനിടെ അയ്യപ്പ സംഗമത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും നടന്നത് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കള്ളക്കളികള്‍ മറനീക്കി പുറത്തുവരികയായിരുന്നു. 2025 ജൂലൈ 31ന് ആണ് അഖിലലോക അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മന്ത്രി വാസവന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ആദ്യ യോഗം ചേര്‍ന്നതെന്നും ഈ യോഗത്തിലാണ് സംഗമത്തിന് ഔപചാരികമായി രൂപം നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.

ഈ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് ശബരിമല യുവതി പ്രവേശനത്തില്‍ മാര്‍ച്ച് 14 ന് മുന്‍പ് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി മുമ്പ് നല്‍കിയിട്ടുള്ള സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. യുവതീ പ്രവേശനം ആകാമെന്നും ഇത് തുല്യനീതിയെന്നുമാണ് നേരത്തേ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലുള്ളത്. 2006 ലാണ് ശബരിമലയില്‍ യുവതിപ്രവേശം വിലക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജിയെത്തിയത്. എന്നാല്‍ 2007 ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്ത്രീപ്രവേശത്തിന് അനുകുല നിലപാടുമായി സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയിരുന്നത്. 2016 ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനുമുന്‍പാകെ കേസെത്തിയത്. അപ്പോഴേക്കും കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും യുവതി പ്രവേശം വേണ്ടെന്ന നിലപാടെടുക്കുകയും ചെയ്തു. കേസ് 2018 ല്‍ ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോഴേക്കും സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി പിണറായി സര്‍ക്കാറെത്തുകയും യുവതിപ്രവേശത്തെ ശക്തമായി അനുകൂലിക്കുകയുംചെയ്യുകയായിരുന്നു. ഈ സന്നിഗ്ധഘട്ട ത്തില്‍പോലും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാര്‍ ഇപ്പോഴും ആചാര ലംഘനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്. തീര്‍ത്തും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യത്തില്‍ നടത്തിയിട്ടുള്ള അയ്യപ്പ സംഗമത്തിന്റെ വിജയത്തിന് വേണ്ടി സാമുദായിക സംഘടനകള്‍ക്ക് നല്‍കിയ വാക്കുമാത്രമാണ് അവര്‍ തിരിച്ചടിയായി കാണു ന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഏതായാലും ശബരിമലയോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനം ഒന്നൊന്നായി തുറന്നുകാണിക്കപ്പെടുകയാണ്.

 

Continue Reading

Trending