News
സംസ്ഥാനത്ത് ശക്തമായ വേനൽമഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനല്‍ചൂടിന് ഇടയില്‍ ആശ്വാസമായി വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇടിമിന്നലിനിടെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക, വന്മരങ്ങളുടെ ചുവട്ടില്‍ അഭയം തേടാതിരിക്കുക, വൈദ്യുതി ഉപകരണങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
india
‘വിജയ്ക്ക് മേല്‍ സമ്മര്‍ദമുണ്ടായി, ബിജെപിയുമായി സഖ്യമുണ്ടാക്കില്ല’: നിലപാട് വ്യക്തമാക്കി ടിവികെ
രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു
ചെന്നൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്ന് തമിഴക വെട്രി കഴകം. ബിജെപിയില്‍ നിന്ന് വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു.
വിജയ്യുടെ സിനിമകള്‍ തടഞ്ഞും സിബിഐ അന്വേഷണങ്ങള്‍ ഉപയോഗിച്ചും ബിജെപി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. ബിജെപിയെ തങ്ങളുടെ പ്രധാന ‘പ്രത്യയശാസ്ത്ര ശത്രു’വായാണ് വിജയ് കാണുന്നത്. വര്‍ഗീയ ശക്തികളുമായി ഒരു തരത്തിലും ഒത്തുപോകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര് മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ സിബിഐ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്നാണ് അരുണ്‍ രാജ് വ്യക്തമാക്കുന്നത്. ജനുവരി 12നാണ് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായത്.
kerala
പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോള്‍
ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതായി ആരോപണം. ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
തലശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് ഈ നീക്കം. ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പ് മേധാവിയും ചേര്‍ന്ന് പരോള്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി മൂന്നിന് പരോളിലിറങ്ങിയ പത്മരാജന് ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.
ജയില്‍ ചട്ടത്തിലെ 307-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പരോളുകള്‍ നല്കാന് അനുവാദമില്ല. മരണാനന്തര ചടങ്ങുകള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ നല്‍കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, സര്‍ക്കാര്‍ തലത്തില്‍ 5 ദിവസവും മാത്രമേ അധികമായി നല്‍കാനാവൂ.
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഐപിസി 376 AB പ്രകാരം മരണം വരെ തടവിനും, പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവിനുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്ക്കും എന്‍. വാസുവിനും ഇഡി നോട്ടീസ്
മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ തന്ത്രി കണ്ഠരര് രാജീവരര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചു. മാര്‍ച്ച് ആദ്യ വാരം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ സാക്ഷിയായ നടന് ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ എന്നിവരില്‍ നിന്നും ഇഡി നേരത്തെ മൊഴിയെടുത്തിരുന്നു. മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്ത്രിക്കും വാസുവിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ 41 ദിവസം റിമാന്‍ഡിലായിരുന്ന തന്ത്രിക്ക് അടുത്തിടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി പ്രതിപ്പട്ടികയിലുള്ളത്.
അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തനിക്ക് ബന്ധമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് തന്ത്രിയുടെ വാദം. എന്നാല്‍, തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപങ്ങള്‍ ദുരൂഹമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് സ്വര്‍ണക്കൊള്ളയിലേക്ക് വഴിവെച്ചതെന്ന് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരുന്നു.
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News23 hours agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News24 hours agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News24 hours agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world23 hours agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News21 hours agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
