india
‘വിജയ്ക്ക് മേല്‍ സമ്മര്‍ദമുണ്ടായി, ബിജെപിയുമായി സഖ്യമുണ്ടാക്കില്ല’: നിലപാട് വ്യക്തമാക്കി ടിവികെ
രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു
ചെന്നൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്ന് തമിഴക വെട്രി കഴകം. ബിജെപിയില്‍ നിന്ന് വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു.
വിജയ്യുടെ സിനിമകള്‍ തടഞ്ഞും സിബിഐ അന്വേഷണങ്ങള്‍ ഉപയോഗിച്ചും ബിജെപി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. ബിജെപിയെ തങ്ങളുടെ പ്രധാന ‘പ്രത്യയശാസ്ത്ര ശത്രു’വായാണ് വിജയ് കാണുന്നത്. വര്‍ഗീയ ശക്തികളുമായി ഒരു തരത്തിലും ഒത്തുപോകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര് മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ സിബിഐ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്നാണ് അരുണ്‍ രാജ് വ്യക്തമാക്കുന്നത്. ജനുവരി 12നാണ് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായത്.
india
യുഎസുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റ കോളനി’യാക്കും: കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ഇളവുകള്‍ അങ്ങോട്ട് നല്കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റാ കോളനി’യാക്കി മാറ്റുമെന്ന് മുന്നറിയിപ്പ് നല്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇളവുകള്‍ അങ്ങോട്ട് നല്കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് (X) രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ഇന്ത്യയുടെ വലിയ ആസ്തിയായ ഡാറ്റ തുച്ഛമായ വിലയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറുകയാണ്. ഇത് ഇന്ത്യയെ ഡിജിറ്റല്‍ പരമാധികാരമില്ലാത്ത ഒരു കോളനിയാക്കി മാറ്റും. അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിച്ചു. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ദോഷകരമാണ്. ഇന്ത്യ ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അധികാരം അമേരിക്കയ്ക്ക് നല്‍കിയതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്ക് ഗുണകരമായ ഉറപ്പുകളൊന്നുമില്ലാതെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സമ്മതിച്ചതിനെ രാഹുല്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ മേല്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഏതോ വലിയ സമ്മര്‍ദ്ദമാണ് ഈ ‘നിരുപാധികമായ കീഴടങ്ങലിന്’ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
നമ്മുടെ ടെക്സ്റ്റൈല്‍ വ്യവസായവും കാര്‍ഷിക മേഖലയും ഡാറ്റയും ഉള്‍പ്പെടെ സര്‍വ്വതും എന്തിനുവേണ്ടിയാണ് വിട്ടുകൊടുത്തതെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
india
‘ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്തി, അദ്ദേഹം മികച്ച പാര്ലമെന്റേറിയന്’: ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. തരൂര്‍ മികച്ച പാര്‍ലമെന്റേറിയനാണെന്നും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആസ്പദമാക്കി ശശി തരൂര്‍ രചിച്ച ‘ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് സിന്ദൂറിന് ശേഷം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ തരൂരിന് സാധിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ആത്മീയതയ്ക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ച് അറിവ് കുറവാണെന്നും, അത് പരിഹരിക്കാനാണ് ഈ പുസ്തകം ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്നും തരൂര്‍ വ്യക്തമാക്കി.
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുവിന്റെ കാഴ്ചപ്പാട് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
india
മുസ്ലിം സംവരണം റദ്ദാക്കിയത് ബിജെപിയുടെ ‘റമദാന് സമ്മാനം’, വെറുപ്പാണ് അവരുടെ രാഷ്ട്രീയം: എം.കെ. സ്റ്റാലിന്
രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു.
ചെന്നൈ: മഹാരാഷ്ട്രയില്‍ മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
2014-ല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ പിന്നാക്ക മുസ്ലിംകള്ക്കായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം സംവരണം ഇല്ലാതാക്കിയ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത് മുസ്ലിംകള്ക്കുള്ള ബിജെപിയുടെ ‘റമദാന് സമ്മാനമാണോ’ എന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നും വെറുപ്പും മതഭ്രാന്തുമാണ് അവരുടെ കൈമുതലന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
എന്‍ഡിഎ സഖ്യം ഒരിക്കലും തമിഴ്നാട്ടില്‍ അധികാരത്തില്‍ വരരുത് എന്ന് താന്‍ പറയുന്നത് ഇത്തരം നടപടികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന് സ്റ്റാലിന് വ്യക്തമാക്കി. അവര്‍ അധികാരത്തിലെത്തിയാല്‍ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്റ്റാലിന് ആഹ്വാനം ചെയ്തു.
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News23 hours agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News24 hours agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News24 hours agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world23 hours agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News21 hours agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
