Connect with us

More

റോഹിന്‍ഗ്യകളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തല്‍ സത്യവാങ്മൂലം 18ന്

Published

on

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച സമ്പൂര്‍ണ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തിങ്കളാഴ്ച തന്നെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത്.
അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എന്തു നിലപാടാണ് കേന്ദ്രം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. നേരത്തെ കേന്ദ്രത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് വില്ലന്റെ പ്രതിച്ഛായ നല്‍കാനാണ് ശ്രമമെന്ന് ഇതോട് ഇന്ത്യ പ്രതികരിച്ചിരുന്നു.
റോഹിന്‍ഗ്യകളിലെ ചിലര്‍ക്ക് പാക് ആസ്ഥാനമായ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനമെടുത്തിരുന്നത്. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അതു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്തെത്തിയ റോഹിന്‍ഗ്യകള്‍ക്ക് ഇവിടെ താമസിക്കാന്‍ നിയമപരമായി അവകാശമില്ല. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത്. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ തീവ്രവാദ സംഘടനകള്‍ ഇവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപൂര്‍ണ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
നാടുകടത്തുന്നതിനെതിരെ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്ത മുഹമ്മദ് സലീമുള്ള, മുഹമ്മദ് ഷാകിര്‍ എന്നീ രണ്ടു അഭയാര്‍ത്ഥികളാണ് പരമോന്നത കോടതിയെ സമീപിച്ചിരുന്നത്. തങ്ങളുടെ സമുദായത്തിനെതിരെയുള്ള വിവേചനം, അക്രമം, രക്തച്ചൊരിച്ചില്‍ തുടങ്ങിയവ മൂലമാണ് മ്യാന്മര്‍ വിട്ടതെന്ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി പറയുന്നു.
‘തങ്ങള്‍ക്ക് തീവ്രവാദവുമായി ബന്ധമൊന്നുമില്ല. ജമ്മുവില്‍ താമസിക്കാന്‍ ആരംഭിച്ചതു മുതല്‍ അത്തരമൊരു ആരോപണം തങ്ങള്‍ക്കെതിരെയില്ല. ഒരാള്‍ പോലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി പ്രാദേശിക പൊലീസിന് ഓരോ കുടുംബത്തിന്റെയും വിശദവിവരങ്ങളറിയാം. പൊലീസുമായി എല്ലാ റോഹിന്‍ഗ്യകളും സഹകരിക്കുന്നുണ്ട്’ – ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നത് അന്യായവും വിവേചനപരവുമാണെന്നും ഹര്‍ജി കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഡ്വക്കറ്റ കോളിന്‍ ഗോണ്‍സാവല്‍സ് എന്നിവരാണ് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരാകുന്നത്.
ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി-എന്‍.സി.ആര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിനായിരത്തോളം റോഹിന്‍ഗ്യകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പതിനാലായിരത്തിലേറെ പേര്‍ക്ക് യു.എന്നിന്റെ അഭയാര്‍ത്ഥി രേഖയുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ചക്മ, ഹജോങ് വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രതീരുമാനത്തിന്റെ സാഹചര്യത്തിലാണ് റോഹിന്‍ഗ്യകളുടെ നാടുകടത്തല്‍ പ്രസക്തമാകുന്നത്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending