Connect with us

Video Stories

മോദിയുടെ അച്ഛാദിന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതായ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത്ഷായുടെ മകന്‍ ഉടമസ്ഥനായ വ്യവസായ സ്ഥാപനത്തിന്റെ വിറ്റുവരവും ലാഭവും വന്‍തോതില്‍ വര്‍ധിച്ചതായി അന്വേഷണാത്മക വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളനുസരിച്ച് പതിനാറായിരം ഇരട്ടിയാണ് അമിത്ഷായുടെ മകന്റെ കമ്പനിക്ക് ലാഭം വര്‍ധിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അതിനുമുമ്പുള്ള കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനം പൊടുന്നനെ കുത്തനെയുള്ള കയറ്റത്തിലേക്ക് കുതിച്ചിരിക്കുന്നതെന്നാണ് വയര്‍ ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുംനാളുകളില്‍ കോളിളക്കം സൃഷ്ടിക്കുന്നതായിരിക്കും ഇതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒറ്റവര്‍ഷം കൊണ്ടാണ് അമിത്ഷായുടെ പുത്രന്‍ ജയ് ഷായുടെ കമ്പനി അമ്പതിനായിരത്തില്‍ നിന്ന് എണ്‍പതു കോടി രൂപയിലേക്ക് വിറ്റുവരവ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും, അതായത് മോദി ഭരണകൂടം അധികാരത്തില്‍ വരുന്നതിന് മുമ്പ് യഥാക്രമം സര്‍ക്കാര്‍ രേഖകളില്‍ 6230, 1724 രൂപയുടെ നഷ്ടമാണ് കാണിച്ചിരുന്നതെങ്കില്‍ 2014-15ല്‍ 18728 രൂപയുടെ ലാഭവും 2015-16ല്‍ 80.5 കോടിയുടെ ലാഭവുമാണ് ഉണ്ടാക്കിയതെന്നാണ് രേഖകള്‍ തന്നെ പുറത്തുവിടുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനെ രേഖകളില്‍ കാണിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉദ്യോഗസ്ഥനും രാജ്യസഭാ എം.പിയുമായ പരിമള്‍ നാഥ്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപ വായ്പയെടുത്തുവെന്ന് കാണിച്ചിരിക്കുന്ന അതേ സമയത്തുതന്നെ ഇത്രയധികം ലാഭം കമ്പനിക്കുണ്ടായത് തീര്‍ച്ചയായും സര്‍ക്കാരിലെയും അതിന് ചുക്കാന്‍ പിടിക്കുന്നവരിലെയും കമ്പനിയുടെ ആളുകള്‍ക്കുള്ള അവിഹിത ബന്ധമാണ് വ്യക്തമാക്കിയിരിക്കുന്നത്. 2004ലാണ് ജയ്ഷായും കുടുംബ സുഹൃത്ത് ജിതേന്ദ്രഷായും ഡയറക്ടര്‍മാരായി കമ്പനി തുടങ്ങിയത്. 2016 ഒക്ടോബറില്‍ കമ്പനി പൊടുന്നനെ നിര്‍ത്തിവെച്ചതായാണ് രേഖകളില്‍ കാണുന്നത്. 1.4 കോടി നഷ്ടമുണ്ടായെന്നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പൂട്ടലിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും പരസ്യമായോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനത്തിന്റെ ചോദ്യങ്ങളോടോ പ്രതികരിക്കാന്‍ അജയ് ഷായോ അമിത്ഷായോ തയ്യാറായിട്ടില്ല.
അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി ചുമതലയേല്‍ക്കുകയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതിനുശേഷമുള്ള കാലത്തെ ഈ വരുമാന വ്യതിയാനം തീര്‍ച്ചയായും സംശയിക്കപ്പെടുക തന്നെ ചെയ്യും. സ്വദേശി മുദ്രാവാക്യവും അഴിമതി വിരുദ്ധതയും പറയുന്ന ബി.ജെ.പിയും സംഘ്പരിവാറും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ആണെന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്. കേന്ദ്രഭരണത്തിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കൊട്ടിഘോഷിച്ചത് സര്‍ക്കാരിനെ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്ന ഗീര്‍വാണം മുഴക്കലായിരുന്നു. എന്നാലിതാ സര്‍ക്കാരില്‍ നേരിട്ടല്ലെങ്കിലും സര്‍ക്കാരിലെ ചിലരുടെ ഒത്താശയോടെയാണ് ഇത്രയും വലിയ കുംഭകോണം നടന്നിരിക്കുന്നതെന്ന് വേണം തിരിച്ചറിയാന്‍.
രാജ്യത്താകമാനം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് റെയ്ഡുകള്‍ നടത്തി പീഡിപ്പിക്കുകയും ജനങ്ങളുടെ മുന്നില്‍ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണകൂടത്തിനും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ ചെറുവിരലനക്കാന്‍ അഴിമതി വിരുദ്ധര്‍ക്ക് ധൈര്യമുണ്ടോ എന്നാണ് ജനം ചേദിക്കുന്നത് . സി.ബി.ഐ അന്വേഷണം നടത്തുമോ എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് മോദി ചെയ്യേണ്ടത്. ആര്‍.ജെ.ഡി നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസെടുത്തതിനെതുടര്‍ന്ന് അദ്ദേഹത്തെ ഈ പ്രായത്തിലും സി.ബി.ഐ കാര്യാലയങ്ങളിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും തുടരുന്നതിനിടെയാണ് അമിത്ഷാ പുത്രന്റെ ഈ കുംഭകോണം. ഒരു വായ്പയെടുത്തതിന്റെ പേരില്‍ രാജ്യത്തെ വന്‍കിട മാധ്യമ സ്ഥാപനമായ ന്യൂഡല്‍ഹി ടി.വിയുടെ സ്ഥാപകനും മികച്ച മാധ്യമ പ്രവര്‍ത്തകനുമായ പ്രണോയ് റോയിയെ റെയ്ഡ് ചെയ്ത് ഭീഷണിപ്പെടുത്തിയ സര്‍ക്കാരാണിതെന്നുകൂടി ഓര്‍ക്കണം. ജയ്ഷാ വാങ്ങിയ കോടികളുടെ വായ്പ നല്‍കിയ സ്ഥാപനം ഇന്ന് രേഖകളില്‍ പോലും പ്രവര്‍ത്തിക്കുന്നില്ല.
രാജ്യവും ജനങ്ങളും കൊടിയ പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്കാകെ നേട്ടമുണ്ടായെന്നാണ് തുടര്‍ച്ചയായി പ്രധാനമന്ത്രി വീമ്പിളക്കിവരുന്നത്. രാഹുല്‍ഗാന്ധി പരിഹസിച്ചതുപോലെ ഇപ്പോഴെങ്കിലും നോട്ടു റദ്ദാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്താനായല്ലോ. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സാമ്പത്തിക മാധ്യമമായ ഫോബ്‌സ് മാസിക ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സഹിതം വിവരം പുറത്തുവിട്ടത്. മോദിയുടെ ഗുജറാത്തിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഹിന്ദുജയും അസിം പ്രേജിയും അദാനിയുമൊക്കെയാണ് ആദ്യ പത്ത് അതിസമ്പന്നരില്‍ മുമ്പരെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവരുടെയൊക്കെ ലാഭവും ആസ്തിയും വന്‍തോതില്‍ വര്‍ധിക്കാനിടയായതിലും അവരുടെ അടുത്തയാളായ നരേന്ദ്രമോദിക്കും അമിത്ഷാക്കുമുള്ള പരോക്ഷ പങ്ക് എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായുന്നതാവില്ല. കേന്ദ്ര ഭരണകക്ഷിയുടെ കേരളത്തിലെ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ കൈപ്പറ്റി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചതും പിടികൂടപ്പെട്ടപ്പോള്‍ തടിയൂരിയതും നാം കണ്ടതാണ്. ഗുജറാത്തില്‍ തന്നെ ടെലികോം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ പങ്ക് ആരോപണവിധേയമായിട്ടുള്ളതാണ്. വസ്തുതകള്‍ സൂര്യപ്രഭ പോലെ പുറത്തിരിക്കവെ നൂറുകോടി നഷ്ടപരിഹാരമെന്ന ഭീഷണിയെ വെറും രാഷ്ട്രീയ പോരാട്ടമായേ കാണാന്‍ കഴിയൂ. മോദിയും ബി.ജെ.പിയും ജനങ്ങള്‍ക്ക് നല്‍കിയ അച്ഛാദിന്‍ അഥവാ നല്ലദിനങ്ങള്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയയുടെ മരുമകന്റെ ബിസിനസുമായി ബന്ധപ്പെട്ട് കോളിളക്കമുയര്‍ത്തിയ ബി.ജെ.പിക്ക് ഇപ്പോള്‍ മുണ്ടുമുറുക്കിയുടുത്തിരിക്കുന്ന ജനങ്ങളോട് എന്താണ് പറയാനുള്ളതെന്നറിഞ്ഞാല്‍ കൊള്ളാം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending