Connect with us

Video Stories

ഭുജില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് കാതോര്‍ത്ത് കോണ്‍ഗ്രസ്

Published

on

കച്ചിലെ ഭുജില്‍ നിന്ന് എം. അബ്ബാസ്

ഗാന്ധിനഗറില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞ് വെള്ളകീറും മുമ്പെ ബസ് കച്ചിലെ ഭുജിലെത്തി. പുലരുംമുമ്പുള്ള ഭുജ് കാണേണ്ട കാഴ്ചയാണ്. അകലെ ഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറികള്‍. കൈവണ്ടികള്‍. വെണ്ട, പയര്‍, ബീന്‍സ്, ക്യാരറ്റ്, കാബേജ്, മുളക്… അറിയാവുന്നതും അറിയാത്തതുമായി പച്ചക്കറികളുടെ കൂമ്പാരം വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അവയില്‍നിന്ന് പേശിപ്പേശി സാധനം വാങ്ങുന്നവര്‍. മൂക്കുത്തിയും കൈ നിറയെ വളയും കാതില്‍ കമ്മലുമായി അണിഞ്ഞൊരുങ്ങി വന്ന കച്ചവടക്കാരികള്‍. നീളന്‍ ജുബ്ബയും പിരിയന്‍മീശയും തലപ്പാവും വായില്‍ മുറുക്കാനുമിട്ട മെലിഞ്ഞു കൊലുന്നനെയുള്ള ആണുങ്ങള്‍…
വെളിച്ചത്തിന്റെ പരപ്പില്‍ നഗരം തെളിഞ്ഞുവന്നു. പിന്നില്‍ രക്ഷകനെപ്പോലെ ഭുജിയ മല വിരിഞ്ഞുകിടക്കുന്നു. 2001ലെ സര്‍വവും തകര്‍ത്ത ഭൂകമ്പത്തില്‍ നിന്ന് ഈ നഗരം ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. എങ്കിലും ചിലയിടത്തെങ്കിലും കാണാം വിറങ്ങലിച്ച ആ ഓര്‍മയുടെ ബാക്കി പത്രങ്ങള്‍.

കച്ചില്‍ നടന്ന നബിദിന റാലി

നബിദിനത്തിന്റെ ആരവമായിരുന്നു രാവിലെ. പ്രധാന നിരത്തു കീഴടക്കിയ ആഘോഷത്തില്‍ നിറയെ ആബാല വൃദ്ധം ജനങ്ങള്‍. പച്ചപ്പതാകയും ബലൂണും ചമയങ്ങളും കൊണ്ടലങ്കരിച്ച വാഹനങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍. കൃഷിപ്പാടങ്ങളില്‍നിന്ന് ട്രാക്ടറുകള്‍ പോലുമെത്തിയിട്ടുണ്ട് ആഘോഷദിനത്തിനായി. മുപ്പത് ശതമാനത്തോളം മുസ്്‌ലിംകളുള്ള നഗരമാണ് ഭുജ്. അടുത്തുള്ള കടയില്‍ക്കയറി ഒരു ചായക്ക് പറഞ്ഞു. കടുംമസാലച്ചായക്ക് ഏഴു രൂപ. നേരത്തെ ടോക്കണെടുക്കണം. ചായ സോസറിലൊഴിച്ച് കുടിക്കുന്നതാണ് രീതി. രണ്ടു തവണ ഒഴിക്കാനേയുണ്ടാകൂ.
അതിനിടെ മാരുതി ആള്‍ട്ടോയില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടി കടന്നു പോയി. ക്രിക്കറ്റ് ബാറ്റാണ് ചിഹ്നം. അകമ്പടി വാഹനങ്ങള്‍ ഒന്നുമില്ല. കൈയില്‍ തോക്കുമേന്തി സദാ ജാഗ്രതയോടെ സൈന്യം. അതിര്‍ത്തി കാക്കുന്ന ബോര്‍ഡര്‍ വിങ് രണ്ടാം ബറ്റാലിയന്റെ ആസ്ഥാനം കൂടിയാണ് ഭുജ്. സുരക്ഷയൊന്നും ഒരു തരിമ്പു പോലും ബാധിക്കാതെ തെരുവിലെല്ലാം പശുക്കളുണ്ട്. നിറയെ ചാണകവും അതിന്റെ രൂക്ഷഗന്ധവും.

തെരഞ്ഞെടുപ്പിലെ മുസ്്‌ലിം വികാരം മനസ്സിലാക്കാന്‍ മേമന്‍ സേട്ട് ഹാജി അബൂബക്കര്‍ ഉസ്മാന്‍ മെമ്മോറിയല്‍ മുസാഫര്‍ ഖാനയിലെത്തി. എവിടെ നിന്നെന്ന ചോദ്യം ആദ്യമെത്തി. കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനാണെന്നു പറഞ്ഞതോടെ, ഓഫീസിലിരുന്ന നരച്ച താടിവെച്ച വൃദ്ധന്‍ നീരസം പ്രകടിപ്പിച്ചു. രാഷ്ട്രീയം ഇവിടെയില്ലെന്നും അതെല്ലാം ഈ കോമ്പൗണ്ടിനു പുറത്താണെന്നും പറഞ്ഞ് അയാള്‍ പുറത്തിറക്കി. കടക്ക് പുറത്ത് എന്ന സ്വരമുണ്ടായിരുന്നു ആ വാക്കുകള്‍ക്കുള്ളില്‍.
ബി.ജെ.പി ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ധിന്‍ഗേശ്വര്‍ ക്ഷേത്രത്തിനടുത്തു വെച്ച് 12 വര്‍ഷമായി ബി.ജെ.പിക്കായി മുടങ്ങാതെ പ്രചാരണത്തിനിറങ്ങുന്ന ജോക്കര്‍ എന്ന മധ്യവയസ്‌കനെ കണ്ടു. മുകളിലേക്ക് ചുരുട്ടിവെച്ച നരച്ച മീശ. നല്ല ആകാരം. ബി.ജെ.പി ജയിക്കുമെന്നതില്‍ ജോക്കറിന് സംശയമേതുമില്ല. കൂടുതല്‍ ചോദ്യത്തിന് നില്‍ക്കും മുമ്പെ പ്രചാരണവാഹനത്തിലെ പാട്ടു നിര്‍ത്തി അയാള്‍ റോഡുമുറിച്ചു കടന്നു പോയി. തൊട്ടപ്പുറത്ത് പാതിയോളം വറ്റി ഹമിര്‍സര്‍ തടാകത്തിനരികെയുള്ള ഇരുമ്പു ബെഞ്ചില്‍ നാടോടികള്‍. അതിലെ കുട്ടികളിലൊരാള്‍ മണ്ണ്ില്‍ കിടന്നുരുണ്ട് കരയുന്നു.

ബി.ജെ.പിയുടെ പ്രചാരണ ബോര്‍ഡ്‌

കുറച്ചു നടന്നാല്‍ കച്ചിലെ ബി.ജെ.പിയുടെ ആസ്ഥാനം. മൂന്നു നിലക്കെട്ടിടത്തിന് താഴെ വാടകയ്ക്ക് കൊടുത്ത കടമുറികള്‍. മുമ്പില്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സ്ഥാനാര്‍ത്ഥി ഡോ. നീമ ആചാര്യയുടെയും ചിത്രങ്ങള്‍ നിറഞ്ഞ ഫഌക്‌സ് ബോര്‍ഡുകള്‍. മണ്ഡലത്തില്‍ നീമയുടെ രണ്ടാമങ്കമാണിത്. ആറാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചില്‍ റാലി നടത്തിയതിന്റെ ലക്ഷണം അകത്തെ ഓഫീസിലുണ്ട്.

കയറിച്ചെല്ലുമ്പോള്‍ അകത്തെ മുറിയില്‍ തിരക്കിട്ട ചര്‍ച്ച. കേരളത്തില്‍നിന്നുള്ള പത്രക്കാരനാണെന്നറിയിച്ചപ്പോള്‍ മുകളില്‍ പ്രസിഡണ്ടുണ്ട്, സംസാരിക്കാം എന്ന കരുതല്‍ പുറത്തുവന്നു. പ്രസിഡണ്ട് അപ്പോഴേക്കും പ്രചാരണ സ്ഥലത്തേക്ക് വെച്ചുപിടിച്ചിരുന്നു. രണ്ടാം നിലയിലെ ചുമരില്‍ പ്രചാരണ ബോര്‍ഡുകളില്‍ ഒരിക്കല്‍പ്പോലും കാണാത്ത രണ്ടു ചിത്രങ്ങള്‍ ഇടംപിടിച്ചിരിക്കുന്നു; വാജ്‌പേയിയുടെയും എല്‍.കെ അദ്വാനിയുടെയും. ആരുമില്ലാത്ത തക്കം നോക്കി ആ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അതേ വേളയില്‍ ജോലിക്കാരനെത്തി സി.സി.ടി.വി കാണിച്ച് ഭീഷണിപ്പെടുത്തി.

പുറത്ത് ഭുജ് സിറ്റി ബി.ജെ.പി പ്രസിഡണ്ടിനെ കാത്ത് ഇന്നോവ കാര്‍ കിടക്കുന്നു. കാറിലെ ഗ്ലാസില്‍ പാര്‍ട്ടിക്കൊടി പിടിപ്പിക്കവെ ഡ്രൈവര്‍ രാജേന്ദ്രനോട് ചോദ്യമൊന്നു മാറ്റിപ്പിടിച്ചു. ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമോ? അതില്‍ അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ജയിക്കുമെന്നതില്‍ സംശയവുമില്ല. അവിടെ നിന്നിറങ്ങി, പിന്നില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രമുള്ള ഫഌക്‌സ് ഒട്ടിച്ച ഓട്ടോയില്‍ കയറി കോണ്‍ഗ്രസ് ഓഫീസിലേക്ക് വെച്ചുപിടിച്ചു. രാഹുലിന്റെയും സോണിയാഗാന്ധിയുടെയും ഫഌക്‌സ് പതിച്ച ധാരാളം ഓട്ടോകള്‍ നഗരത്തിലുണ്ട്. അറുപതു പിന്നിട്ട തലയില്‍ തൊപ്പിവെച്ച ഡ്രൈവര്‍ മുഹമ്മദ് മുനാഫിന് ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നതില്‍ സംശയമില്ല. മോദി ഹിന്ദുക്കള്‍ക്ക് മാത്രമേ വല്ലതും ചെയ്യുന്നുള്ളൂ. ജി.എസ്.ടിയും നോട്ട്ബന്ദിയും സാധാരണക്കാരെ വല്ലാതെ കഷ്ടപ്പെടുത്തി- യാത്രയ്ക്കിടെ അയാള്‍ ഇടതടവില്ലാതെ ബി.ജെ.പിക്കെതിരെ സംസാരിച്ചു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌

താല്‍ക്കാലികമായി അലങ്കരിച്ചുണ്ടാക്കിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നല്ല തിരക്കുണ്ട്. രണ്ട് പ്രചാരണ വാഹനങ്ങള്‍ എതിര്‍ദിശകളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം സ്ഥാനാര്‍ത്ഥി ആദം പി ചാക്കിയുടെ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനാണ് ആദം. സര്‍ക്കാര്‍ ആസ്പത്രി അദാനിക്ക് നല്‍കിയ തീരുമാനത്തിനെതിരെയടക്കം സംസ്ഥാന സര്‍ക്കാറിനെതിരെ നിരവിധ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്ത അഭിഭാഷകന്‍.

വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ചെറുപ്പക്കാരന്‍ ഹുസൈനോട് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു. ഇവിടത്തെ പത്രത്തില്‍ വരുമോ? നിങ്ങളുടെ നാട്ടില്‍ വന്നിട്ടെന്ത് കാര്യം എന്ന് അയാളുടെ മറുചോദ്യം. ചെറുഗ്ലാസില്‍ കടുംചായ മോന്തി, ഇത്തവണ ജയിക്കുമോ എന്നു ചോദിച്ചു. ‘ അബ് ബാര്‍ നഹി തോ കിസീ ബാര്‍ നഹി’ എന്ന് ഉത്തരം നല്‍കിയത് ഹുസൈനൊപ്പമുള്ള അംജദ് ഖാനായിരുന്നു. ഇത്തവണ കടുത്ത പോരാട്ടമാണ്, ജയിക്കും എന്ന് കട്ടിക്കണ്ണട കൈകൊണ്ടുയര്‍ത്തി വെച്ച് അയാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭുജ് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും ജയിക്കും എന്നായിരുന്നു തൊട്ടടുത്ത വെള്ളക്കസേരയിലിരുന്ന ചെറുപ്പക്കാരന്‍ വിനോദിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെപ്പോ വരുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാത്തതിനാല്‍ പുറത്തിറങ്ങി. തൊട്ടടുത്ത ടാക്‌സി സ്റ്റാന്‍ഡിലെ തിണ്ണയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഗനി ഭായിയോടും രോഹിതിനോടും സംസാരിച്ചു.

ബി.ജെ.പി വരുമെന്ന പ്രതീക്ഷയായിരുന്നു രോഹിതിന്റെ വാക്കുകളില്‍. വോട്ടിങ് മെഷീനിലെ ക്രമക്കേടിനെ കുറിച്ചും ജി.എസ്.ടിയെ കുറിച്ചുമാണ് ഗനി ഭായിക്ക് പറയാനുണ്ടായിരുന്നത്. ഗുജറാത്ത് പിടിക്കുക അത്രയെളുപ്പമാകില്ലെന്ന് ഗനി തറപ്പിച്ചു പറയുന്നു.
2012ല്‍ 15696 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡോ. നീമ വിധാന്‍ സഭ കണ്ട മണ്ഡലമാണിത്. മുസ്്‌ലിംകള്‍ വോട്ടുകള്‍ പരമാവധി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്്‌ലിംസ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി കോണ്‍ഗ്രസ് പോരാട്ടം കൊഴുപ്പിക്കുന്നത്. ചെറുകിട – പരമ്പരാഗത കരകൗശല നിര്‍മാതാക്കളും കര്‍ഷകരുമാണ് മുസ്്‌ലിംകളില്‍ മിക്കവരും. മുസ്്‌ലിംകള്‍ക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കാതെ നിലനിര്‍ത്താന്‍ ബി.ജെ.പി ആവതു ശ്രമിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഭുജിലെ റാലിയിലെ പ്രസംഗത്തിന്റെ സിംഹഭാഗവും മോദി പാകിസ്താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങ ളും ഭീകരവാദവും പറയാന്‍ വിനിയോഗിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending