kerala

കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

By nazmiya nazreen

January 08, 2025

മട്ടന്നൂര്‍: ഉളിയില്‍ പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉളിക്കല്‍ കാലാങ്കി സ്വദേശികളായ ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ സഹോദരി പുത്രന്‍ ലിജോ എന്നിവരാണ് മരിച്ചത്. ഈ മാസം 18ന് നടക്കാനിരുന്ന ബീന -ബെന്നി ദമ്പതികളുടെ മകന്റെ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം. ഗുരുതരപരിക്കേറ്റ ബെന്നിയെയും മകനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അപകടം നടന്നത്. ഇരിട്ടി -മട്ടന്നൂര്‍ റൂട്ടില്‍ ഉളിയില്‍ പാലത്തിന് സമീപം ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ‘ലക്ഷ്യ’ ബസ് ഉളിയില്‍ പാലത്തിനടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടെ മട്ടന്നൂര്‍ ഭാഗത്തുനിന്ന് എതിരെ വന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെ.എ. 19എം.എന്‍ 8215 എന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പെട്ടത്.

ബസ് ഡ്രൈവറുടെ ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനകത്തുകുടുങ്ങിയവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ പടിക്കച്ചാല്‍ വഴി തിരിച്ചു വിട്ടു.