kerala

കണ്ണൂര്‍ വാണിമേലില്‍ കാട്ടാനക്കൂട്ടമിറങ്ങി; കൃഷി നശിപ്പിച്ചതായി പരാതി

By webdesk18

December 30, 2025

കണ്ണൂര്‍: കണ്ണൂര്‍ വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതായി പരാതി. എഴുക്കുന്നേല്‍ ബാബു , ജയിംസ് , വാഴയില്‍ അമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കണ്ണവം വനത്തിനുസമീപമുള്ള ജനവാസ മേഖലയിലാണ് തിങ്കളാഴ്ച ആനക്കൂട്ടമിറങ്ങിയത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ ആറോളം ആനകള്‍ ഒരാഴ്ച്ചയായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് അധികൃതരും സംഘവും തിങ്കളാഴ്ച രാത്രി സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനകളെ തിരിച്ച് വനത്തിലേക്ക് കയറ്റിയത്. ചൊവ്വാഴ്ച രാവിലെയും കാട്ടാനകളുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. വനമേഖലയില്‍ ഫെന്‍സിങ് ലൈനുകള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വനം വകുപ്പ് ഇതുവരെയും പരിഹാരം കണ്ടിട്ടില്ലയെന്ന് കര്‍ഷകര്‍ പറയുന്നു.