കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്ക് വേണ്ടി കണ്ണൂരിലും തെരച്ചില്‍. അറുപതോളം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം മുഹമ്മദ് റിഫ(24)യെ തേടിയാണ് അന്വേഷണ സംഘം കണ്ണൂരിലെത്തിയത്. റിഫ കൂത്തുപറമ്പ് നീര്‍വേലി സ്വദേശിയാണ്. ഇയാളെ തേടി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവും കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘവുമാണ് വെള്ളിയാഴ്ച മുതല്‍ കൂത്തുപറമ്പ്, മാലൂര്‍ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തികൊണ്ടിരിക്കുന്നത്.

എന്നാല്‍ ആറ് മാസം മുമ്പ് ഇയാള്‍ ശിവപുരം വെമ്പടിത്തട്ടിലേക്ക് മാറിയതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ശിവപുരത്ത് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരുമായി ബന്ധമില്ലാതെയാണ് പ്രദേശത്ത് താമസിച്ചു വന്നിരുന്നത്. എറണാകുളത്ത് എല്‍.എല്‍.ബി വിദ്യാര്‍ഥിയാണെന്ന വിവരം മാത്രമേ നാട്ടുകാര്‍ക്ക് അറിയൂ. കണ്ണൂരിലെ എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.