കൊടുംക്രൂരതകളുടെയും പിടിപ്പുകേടിന്റേയും കെടുകാര്യസ്ഥതയുടെയും പേരില്‍ ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ നിരവധി ഭരണാധിപന്മാരുടെ കൂട്ടത്തില്‍ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. 2018-ല്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷികളായ ഇപ്പോഴത്തെ തലമുറയും മഹാപ്രളയത്തെക്കുറിച്ച് പറഞ്ഞും കേട്ടും മാത്രം അറിയുന്ന വരുംതലമുറകളും ഈ സര്‍ക്കാരിനു മാപ്പ് നല്‍കില്ലെന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ജനത്തിന് ദുരിതം നല്‍കിയ പ്രളയം ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഒന്നുകൊണ്ടുമാത്രം ഉണ്ടായതാണെന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയമിതനായ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് നാഴികക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന പിണറായിയും ഇടതു സര്‍ക്കാരും ന്യായവാദങ്ങളുമായി വീണ്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ഒട്ടും ഭൂഷണമല്ലെന്ന് പറയാതെ നിവൃത്തിയില്ല.
കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന മഹാപ്രളയത്തില്‍ വിവിധ ഡാമുകള്‍ ഒന്നിച്ചുതുറന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചിച്ചെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. ഇതേക്കുറിച്ച് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം മനുഷ്യനിര്‍മിതമാണെന്നും സംഹാര താണ്ഡവമാടിയ മഴക്കൊപ്പം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതാണ് ദുരന്തത്തിന് കാരണമായതെന്നും ദുരന്ത കാലയളവില്‍തന്നെ പ്രതിപക്ഷവും നിഷ്പക്ഷരായ വലിയൊരു വിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വാചക കസര്‍ത്ത്‌കൊണ്ട് മുഖ്യമന്ത്രിയും കോമാളി വര്‍ത്തമാനം കൊണ്ട് വൈദ്യുതി മന്ത്രിയും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രശ്‌നമുന്നയിച്ചവരുടെ വായടപ്പിക്കുകയായിരുന്നു. ഇതിന്മുമ്പ് ഇത്തരം ദുരന്തമുണ്ടായ 1924 ലെ മഴയുടെ കണക്കും വൃഷ്ടിപ്രദേശത്തെ വെള്ളത്തിന്റെ അളവും നിരത്തിയായിരുന്നു മുഖ്യമന്ത്രി പ്രതിരോധം തീര്‍ത്തത്. അന്ന് ഇതിന്റെ പത്തിലൊന്ന് ഡാമുകളില്ലെന്ന ചൂണ്ടിക്കാട്ടലുകളൊന്നും മുഖ്യമന്ത്രി വിലക്കെടുത്തതുമില്ല. മറ്റൊരു കാലത്തും ഉണ്ടാകാത്തവിധം പ്രളയത്തെ നേരിടാന്‍ കേരളം ഒറ്റക്കെട്ടായിനിന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തല്‍ക്കാലത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. ഡാമുകള്‍ തുറന്നതിലെ അശാസ്ത്രീയതയെക്കുറിച്ച് അന്വേഷിക്കാന്‍പോലും തയ്യാറാകാതിരുന്ന ഭരണപക്ഷത്തിനേറ്റ ഏറ്റവും ശക്തിയായ തിരിച്ചടിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.
2018 ജൂണ്‍ 18 മുതല്‍ തന്നെ കേരളത്തില്‍ അതിശക്തമായ മഴ ലഭിച്ചിരുന്നു. കാലാവസ്ഥാവിദഗ്ധര്‍ ഇതേക്കുറിച്ച് പലതവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 15-17 കാലയളവില്‍ മഴ സംഹാര താണ്ഡവമാടുമെന്നും ഉറപ്പായിരുന്നു. 42 ശതമാനം അധികമഴയില്‍ പെയ്ത വെള്ളം ഉള്‍ക്കൊള്ളാനാകാതെ കേരളം വിഷമിച്ചുനില്‍ക്കുമ്പോഴാണ് 25 ഓളം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നുവിട്ടത്. ദുരന്തം മുന്നില്‍കണ്ട് ഡാമുകളിലെ ജലം നേരത്തേതന്നെ അല്‍പ്പാല്‍പ്പമായി തുറന്നുവിടുന്നതിനുപകരം ഒരുമിച്ച് ഡാമുകള്‍ തുറന്നതുമൂലം സംസ്ഥാനം വെള്ളത്തിനടിയിലാകുകയായിരുന്നു. ഡാമുകള്‍ തുറക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം അനുമതി നല്‍കാതിരുന്നതാണ് പ്രശ്‌നത്തിന് വഴിവെച്ചത്.
433 പേരാണ് മഹാപ്രളയത്തില്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത്. 14 ലക്ഷം പേരുടെ വീടുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. 26720 കോടി രൂപയുടെ നാശനഷ്ടം വരുത്തിവെച്ച പ്രളയം മൊത്തം 54 ലക്ഷം പേരെ ബാധിച്ചു. 1.74 ലക്ഷം കെട്ടിടം തകര്‍ന്നുവീണു. പ്രളയത്തിനു ശേഷവും ഇതേക്കുറിച്ച് പഠിക്കാനും ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളും അന്വേഷണങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിന്റെ മെട്രൊമാന്‍ ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുതാല്‍പര്യ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകനായ അമിക്കസ് ക്യൂറിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ അടക്കം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തിലെ 79 അണക്കെട്ടുകളില്‍ ഒന്നില്‍പോലും പ്രളയം നിയന്ത്രിക്കുന്നതിനാവശ്യമായ ഒരു സംവിധാനങ്ങളുമില്ലെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നു. വിദേശങ്ങളിലും മറ്റു പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അണക്കെട്ടുകള്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനാണ് മുഖ്യമായും ഉപയോഗിക്കുന്നതെങ്കിലും കേരളത്തിന്റെ പ്രധാന ലക്ഷ്യം വൈദ്യുതി ഉല്‍പാദനം മാത്രമാണ്.
കയ്യേറ്റവും മറ്റും മൂലം പുഴകളിലെ ജലശേഷി ഗണ്യമായി കുറഞ്ഞെന്ന കണ്ടെത്തലുകളടക്കം അമിക്കസ് ക്യൂറി മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതീവ ഗൗരവമായി പരിഗണിക്കേണ്ടതു തന്നെയാണ്. അണക്കെട്ടുകള്‍ തുറന്നുവിടുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയോ വകുപ്പ് മന്ത്രിയുടെയോ അനുമതിക്ക് കാത്തുനില്‍ക്കേണ്ടതില്ലെന്നും ഈ ചുമതല ഡാം സുരക്ഷാ അതോറിറ്റിയെയോ ദുരന്തനിവാരണ അതോറിറ്റിയെയോ ഏല്‍പിക്കണമെന്നുള്ള കണ്ടെത്തലും പ്രസക്തമാണ്. ജൂണ്‍ പകുതി മുതല്‍ കേരളത്തിലെ ഏതാണ്ടെല്ലാ ഡാമുകളും നിറഞ്ഞെങ്കിലും ആഗസ്റ്റ് 15 ന് മാത്രമാണ് ഇവ തുറന്നുവിട്ടതെന്നത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രളയത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ആസൂത്രണപ്പിഴവാണ് കേരളത്തെ കൊടുംദുരന്തത്തിലേക്ക് തള്ളിവിട്ടതെന്ന ഉറച്ച വിശ്വാസവുമായി ഹൈക്കോടതിയെ സമീപിച്ച മെട്രൊ മാന്‍ ഇ. ശ്രീധരന്‍ പറയുന്നത് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ജുഡീഷ്യല്‍ അധികാരമുള്ള ഹൈപവര്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിക്കണമെന്നാണ.് ജുഡീഷ്യല്‍ അന്വേഷണങ്ങളിലെ കാലതാമസം വെച്ചു നോക്കുമ്പോള്‍ ഹൈപവര്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അന്വേഷണമാകും ഫലപ്രദം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കം കമ്മിറ്റിയില്‍ ഉണ്ടാകുകയും വേണം. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പുറത്തുവന്ന റിപ്പോര്‍ട്ടെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് മറച്ചുവെച്ച് ഓഖി ദുരന്തത്തില്‍ തീരദേശ ജനതക്ക് വരുത്തിവെച്ച ദുരിതം ജനം മറന്നിട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ധാര്‍ഷ്ട്യത്തിനുപകരം ഉത്തരവാദിത്തത്തിന്റെ ആദ്യപാഠമെങ്കിലും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഓഖി ദുരന്തവും മഹാപ്രളയവും അടക്കം അതിജീവിക്കാന്‍ കഴിയുമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്കും മറ്റ് ഏതൊരു കണ്ടെത്തലുകള്‍ക്കുമപ്പുറം 23 ന് ജനകീയ കോടതിയിലേക്കാണ് കേരള ജനത നടന്നടുക്കുന്നത്. അവര്‍ കാത്തിരിക്കുകയാണ് ഒരു ജനതയെ, അവരുടെ സുരക്ഷയെ ഇത്രമേല്‍ അവഗണിക്കുന്ന, കെടുകാര്യസ്ഥതയുടെ പര്യായമായ ഈ ഭരണത്തിന് ചുട്ട മറുപടി നല്‍കാന്‍.