അബുദാബി: അബുദാബിയിലെ എല്ലാ മുസ്‌ലിം ഇതര ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കുന്നു. ആകെ ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത്തരം ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ചുള്ള അന്വേഷങ്ങള്‍ക്കൊടുവില്‍ കുട്ടികള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനമെന്ന് കമ്മ്യൂണി ഡെവലപ്‌മെന്റ് വകുപ്പിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുതവ പറഞ്ഞു. ഗുരുതര രോഗങ്ങളില്ലാത്ത, പ്രായമായവര്‍ക്കും ആരാധാനാ കര്‍മങ്ങളില്‍ പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന രേഖ എല്ലാ ആരാധനാലയങ്ങള്‍ക്കും നല്‍കയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന പ്രാര്‍ത്ഥനയ്ക്ക് മാത്രമായിരിക്കും അനുമതി. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. പരമാവധി ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണം പ്രാര്‍ത്ഥനകള്‍ക്ക് എത്തുന്നവര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. അബുദാബിയില്‍ സെന്റ് ജോസഫ് കത്തീഡ്രല്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തുടങ്ങിയ ഏതാനും ദേവാലയങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.