kerala

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

By webdesk14

December 30, 2025

ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 12 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 20 പ്രതികളുള്ള കേസിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

നിരാശകരമായ വിധിയാണ് വന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ തെളിവുകൾ പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.