കൊച്ചി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്ന് നടന്‍ മമ്മുട്ടി. മോദിയില്‍ നിന്ന് ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നുവെന്ന് മമ്മുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ മോഹന്‍ലാലിനേയും മോദി സ്വച്ഛ് ഭാരതിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്ന് ലാലും അറിയിച്ചിരുന്നു. ശുചിത്വം വ്യക്തിതലത്തില്‍ നിന്നുണ്ടാവേണ്ടതാണെന്നാണ് വിശ്വാസമെന്ന് മമ്മുട്ടി പറഞ്ഞു. വ്യക്തിശുചിത്വത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ആ വ്യക്തി ചുറ്റിലുമുള്ളവര്‍ക്കും ശുചിത്വത്തിന്റെ സന്ദേശം കൈമാറുന്നു. സ്വന്തം വീട് വൃത്തിയാക്കിക്കൊണ്ടാവണം രാജ്യത്തിനോടുള്ള പ്രതിബദ്ധത കാണിക്കേണ്ടത്. ബോധവല്‍ക്കരണങ്ങള്‍ക്ക് പുറമെ രാജ്യം വൃത്തിയായിരിക്കാന്‍ ചില നിയമങ്ങളും അനിവാര്യമാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയെ പിന്തുടരുന്ന ശ്രമങ്ങളെ പിന്തുണക്കുകയാണെന്നും മമ്മുട്ടി വ്യക്തമാക്കി.