ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍. നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ദിലീപ് സാമാന്യബുദ്ധിയുള്ള വ്യക്തിയാണ്. പൊലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ല. അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി താരസംഘടന ‘അമ്മ’ മാറുകയാണെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനക്ക് പ്രസക്തിയൊന്നുമില്ല. താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ അത് വാങ്ങികൊടുക്കാനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തില്‍ നേരത്തെ ശ്രീനിവാസന്‍ ദിലീപിനെ പിന്തുണച്ചിരുന്നു. സത്യം അറിയുന്നതിനു മുമ്പ് ആരുടെയും മേല്‍ കുറ്റം കെട്ടിവെക്കുന്നത് ശരിയല്ലെന്നും അന്ന് ശ്രീനിവാസന്‍ പ്രതികരിച്ചത്.