കമലിന്റെ ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസിനെ എടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ടൊവിനോ പറഞ്ഞു. പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്. കമല്‍ സാര്‍ ആമിയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ ആദ്യം വിളിച്ചത് പൃഥിരാജിനെയാണ്. എന്തായാലും അത് ചെയ്യണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിജസ്ഥിതി അറിയാത്തവരാണ് പൃഥിയെ മാറ്റി ടൊവിനോയെ എടുത്തു എന്നൊക്കെ വാര്‍ത്ത പരത്തിയതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന യുവനടന്‍മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ എന്ന ചിത്രമാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കമലിന്റെ ആമിയെന്ന ചിത്രം തുടക്കംമുതലേ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ്. നായികയായി മഞ്ജുവാര്യര്‍ അഭിനയിക്കുന്നതിനെതിരെ സംഘ്പരിവാര്‍ ആക്രമണവും അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.