കൊച്ചി: കൊച്ചിയില്‍ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിക്കപ്പെട്ട യുവനടി ഇന്നു മാധ്യമങ്ങളെ കാണില്ല. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ട സാഹചര്യത്തില്‍ ഇന്നു മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് പുതിയ തീരുമാനം. അതേസമയം ഇന്നു മുതല്‍ ഷൂട്ടിങ് സെറ്റിലെത്തി നടി അഭിനയത്തിലേക്ക് തിരിച്ചുവരും. ഇന്നു ഷൂട്ടിങ് ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ ലോക്കേഷനില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുണ്ടാവില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ആലുവ സബ്ജയിലില്‍ കഴിയുന്ന മൂന്നു പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് ഇന്ന് നടക്കുന്നത്. മുഖ്യ പ്രതി സുനിയുടെയും വിജേഷിന്റെയും ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇനി അവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്നു മൂന്നു മണിക്കാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക.