കൊച്ചി: ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

17ാം തീയതി വൈകിട്ട് 5.45നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവര്‍ മാളില്‍ ചെലവഴിച്ചു. രാത്രി 7.02നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്.

ഇതിനുപിന്നാലെ 7.45ഓടെ മാളില്‍നിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍നിന്ന് യാത്ര തിരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് കരുതുന്നു.

മാസ്‌ക് ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ചയാണ് യുവനടിക്ക് നഗരത്തിലെ ഷോപ്പിങ് മാളില്‍വെച്ച് ദുരനുഭവമുണ്ടായത്. ഇക്കാര്യം നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.