തെല്‍അവീവ്: പ്രമുഖ ഹോളിവുഡ് നടിയും ഓസ്‌കര്‍ ജേതാവുമായ നതാലിയ പോര്‍ട്മാന്‍ ഇസ്രാഈലിലെ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചു. ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് നെതാലിയ പോര്‍ട്മാന്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. ഇസ്രാഈലിന്റെ ജൂത നൊബേല്‍ എന്നറിയിപ്പെടുന്ന ജെനസിസ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ജൂണില്‍ നടത്താനിരുന്ന ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍നിന്ന് നടി പിന്മാറുകയായിരുന്നു.

അമേരിക്കന്‍, ഇസ്രാഈല്‍ ഇരട്ട പൗരത്വമുള്ള പോര്‍ട്മാന്റെ തീരുമാനം ഇസ്രാഈല്‍ ഭരണകൂടത്തെ അമ്പരിപ്പിച്ചു. സമീപകാലത്തെ ചില സംഭവങ്ങളുടെ വെളിച്ചത്തില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി അറിയിച്ചതായി ജെനസിസ് പ്രൈസ് അധികൃതര്‍ പറഞ്ഞു. പോര്‍ട്മാന്‍ പിന്മാറിയാതോടെ അവാര്‍ഡ് ദാന ചടങ്ങ് റദ്ദാക്കി. 10 ലക്ഷം ഡോളറിന്റെ പുരസ്‌കാരത്തിന് ഇത്തവണ പോര്‍ട്മാനെയാണ് തെരഞ്ഞെടുത്തിരുന്നത്. നടിയുടെ ഇസ്രാഈല്‍ പൗരത്വം കൂടി കണക്കിലെടുത്ത് മോറിസ് കാന്‍ എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ 10 ലക്ഷം ഡോളര്‍ കൂടി പുരസ്‌കാര തുകയിലേക്ക് സംഭാവന ചെയ്തിരുന്നു. ലോകമെ ങ്ങും ശക്തമായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ അനുകൂല ഇസ്രാഈല്‍ ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പോര്‍ട്മാന്‍ പുരസ്‌കാര ദാന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.