X
    Categories: CultureFilm

താങ്കള്‍ ഒരു സിനിമ സംവിധാനം ചെയ്താല്‍ ആരായിരിക്കും നായകന്‍; പാര്‍വതിയുടെ മറുപടി ഇങ്ങനെ

കോഴിക്കോട്: മലയാള സിനിമയില്‍ വ്യക്തമായ നിലപാടുകളുള്ള നടിയാണ് പാര്‍വതി. ഇതിന്റെ പേരില്‍ ശക്തമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും അവര്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ തന്റെ നിലപാടുകളില്‍ നിന്ന് ഒരടിപോലും പിന്നോട്ട് പോവാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒടുവില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചതോടെ പാര്‍വതി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഒരു സ്വകാര്യ എഫ്എം ചാനലിന് പാര്‍വതി മുമ്പ് നല്‍കിയ അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ പാര്‍വതി തുറന്നുപറയുന്നതാണ് അഭിമുഖം വീണ്ടും ചര്‍ച്ചയാവാന്‍ കാരണം. സൂപ്പര്‍താരങ്ങള്‍ എന്ന പ്രയോഗത്തോട് യോജിപ്പില്ലെന്നും മനുഷ്യരുടെ സിനിമ എന്ന പരിഗണനയിലാണ് സിനിമകള്‍ കാണാന്‍ പോവേണ്ടതെന്നും പാര്‍വതി പറയുന്നു.

പാര്‍വതി ഒരു സിനിമ സംവിധാനം ചെയ്താല്‍ ആരായിരിക്കും നായകന്‍ എന്ന ചോദ്യത്തിന് പാര്‍വതി പറയുന്ന പേര് ആസിഫലിയുടേതാണ്. റിമ കല്ലിങ്കലിനെ പോലുള്ള വനിതകള്‍ സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും പാര്‍വതി പറഞ്ഞു. മലയാളത്തിലെ മികച്ച നടനായി പാര്‍വതി പറയുന്ന പേര് ഫഹദ് ഫാസിലിന്റെതാണ്.

താന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആരാണ് നായകനെന്ന് നോക്കാറില്ലെന്നും പാര്‍വതി പറയുന്നുണ്ട്. അത് സംവിധായകന്റെ അവകാശമാണ്. കഥ നല്ലതാണെങ്കില്‍ ആര്‍ക്കൊപ്പവും അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും പാര്‍വതി വ്യക്തമാക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: