ന്യൂഡല്‍ഹി: മോദി വീണ്ടും വന്നാല്‍ ഞാന്‍ രാജ്യം വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി നടി ശബാന ആസ്മി. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും മോദി വീണ്ടും അധികാരത്തില്‍ വന്നാലും ഇന്ത്യയില്‍ തന്നെ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഞാന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ല. രാജ്യം വിട്ടുപോകാന്‍ ഉദ്ദേശവുമില്ല. ഇത് ഞാന്‍ ജനിച്ച സ്ഥലമാണ്, മരണം വരെ ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നത്. വ്യാജ വാര്‍ത്ത ബ്രിഗേഡുകളുടെ പ്രവൃത്തിയെ തളളുന്നുവെന്നും ശബാന ആസ്മി പറഞ്ഞു.

പരാജയഭീതി കൊണ്ടാണ് അവര്‍ നുണ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എല്ലാം അവരുടെ മുഖത്ത് തന്നെയാണ് വന്നുവീഴുന്നത്. കാരണം ഇവരുടെ നുണ തുറന്നുകാട്ടാന്‍ ധൈര്യമുളള നിരവധി പേര്‍ ഇവിടെയുണ്ടെന്നും ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ആസ്മി ഇന്ത്യ വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനെതിരെ പ്രതികരണവുമായി താരംതന്നെ രംഗത്തെത്തുകയായിരുന്നു.