ദില്ലി: രാജ്യത്തെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ആധാരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വിജ്ഞാപനവും വ്യാജമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 1954 മുതലുള്ള എല്ലാ ആധാരങ്ങളും വരുന്ന ഓഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു പ്രചരണം. ഇല്ലെങ്കില്‍ ബിനാമി ഇടപാടാണെന്ന് കണക്കുകൂട്ടുമെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വ്യാജരേഖ നിര്‍മ്മിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.