ന്യൂഡല്‍ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വമ്പന്‍ പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്. ഒരു മാസം 120 ജിബി ഡേറ്റയോടൊപ്പം പരിധി രഹിത കോളുകളും മെസേജുകളും അടങ്ങിയതാണ് പുതിയ ഓഫര്‍. കൂടാതെ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.
എയര്‍ടെല്ലിന്റെ 799 പ്ലാനിനെ വെല്ലുന്നതാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍. അതേസമയം ഉപഭോക്താക്കള്‍ക്കായി ബി.എസ്.എന്‍.എലിന് പിന്നാലെ വോഡഫോണും അണ്‍ ലിമിറ്റഡ് ഓഫര്‍ പ്ലാന്‍ പുറത്തിറക്കി. 1,499 രൂപ മുടക്കിയാല്‍ ഒരു വര്‍ഷത്തേക്കുള്ള അണ്‍ ലിമിറ്റഡ് ഡാറ്റാ കോള്‍ ഓഫറാണ് പ്ലാന്‍. എന്നാല്‍ 1,312 രൂപയുടെ സമാന രീതിയിലുള്ള ഓഫര്‍ ബി.എസ്.എന്‍.എലിനും ഉണ്ട്.

ട്രായിയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നതിനാല്‍ പരിധിയില്ലാത്ത കോളുകള്‍ക്കും മെസേജുകള്‍ക്കും നിബന്ധനകള്‍ ബാധകമാവും. 999 രൂപ വരുന്ന ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പാണ് ബിഎസ്എന്‍എല്‍ ഓഫറിനൊപ്പം നല്‍കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പ്രൈം മ്യൂസികും പ്രൈം വീഡിയോകളം സൗജന്യമായി ലഭിക്കും.