സിഡ്‌നി: 129 പന്തില്‍ 133 റണ്‍സുമായി രോഹിത് ശര്‍മ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തകര്‍ത്തടിച്ചെങ്കിലും ധോണി ഒഴികെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ കടമ മറന്നു പവലിയനിലെത്താന്‍ വ്യഗ്രത കാണിച്ചപ്പോള്‍ ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 34 റണ്‍സിന്റെ തോല്‍വി.
വിജയത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 1000 വിജയങ്ങളെന്ന റെക്കോര്‍ഡ് ഓസീസ് സ്വന്തമാക്കി. 1877 മുതല്‍ ഇതുവരെ 1851 മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍ 593 മത്സരങ്ങള്‍ മാത്രമാണ് പരാജയപെട്ടത്. 209 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ 36 മത്സരങ്ങള്‍ പാതിയില്‍ ഉപേക്ഷിച്ചു. 774 ജയം നേടിയ ഇംഗ്ലണ്ട,് 711 വിജയം നേടിയ ഇന്ത്യ, 702 മത്സരങ്ങളില്‍ ജയം നേടിയ പാകിസ്ഥാന്‍ എന്നീ ടീമുകളാണ് ഓസ്‌ട്രേലിയക്ക് പുറകില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഓസീസ് ബൗളിങിനു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ ഇന്ത്യന്‍ ബാസ്റ്റ്മാന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി വീണതാണ് വിനയായത്.
ആദ്യം ബാറ്റു ചെയ്ത ഓസീസ് മുന്നോട്ടു വെച്ച 289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. ടെസ്റ്റില്‍ വിജയിച്ചതിന്റെ ആത്മവിശ്വസത്തിലായിരുന്നു കോലിയും കൂട്ടരും ഓസിസിനെ നേരിടാനിറങ്ങിയത്. 110 പന്തില്‍ നിന്നും തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയ രോഹിതും അര്‍ധ സെഞ്ച്വറി നേടിയ ധോണിയും ക്രീസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മാത്രമാണ് ഇന്ത്യ മത്സരത്തില്‍ ഉണ്ടായിരുന്നത്. വന്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) മടക്കി. പിന്നാലെ മൂന്നു റണ്‍സെടുത്ത നായകന്‍ വിരാട് കോലിയെ റിച്ചാഡ്‌സണും തിരിച്ചയച്ചു.
അതേ ഓവറില്‍ തന്നെ റിച്ചാഡ്‌സണ്‍ റായിഡുവിനെയും മടക്കി. തുടര്‍ച്ചയായ വിക്കറ്റില്‍ പതറിയ ഇന്ത്യയെ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ധോണിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 51 റണ്‍സെടുത്ത ധോണി നാലാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ധോണി, രോഹിത് എന്നിവര്‍ക്കു പുറമെ ദിനേശ് കാര്‍ത്തിക് (12), ഭുവനേശ്വര്‍ കുമാര്‍ (29*) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. രവീന്ദ്ര ജഡേജ (08), കുല്‍ദീപ് യാദവ് (03), മുഹമ്മദ് ഷമി (01) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
കങ്കാരുക്കള്‍ക്കു വേണ്ടി റിച്ചാര്‍ഡ്‌സണ്‍ നാലും, ബെഹറന്‍ഡോഫ്, സ്‌റ്റോയ്‌നിസ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുഹമ്മദ് ഷമിയും, ബുവനേശ്വര്‍ കുമാറും ചേര്‍ന്ന് ആ ശ്രമം വിഫലമാക്കി. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (73), സ്‌റ്റോയ്‌നിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്.
61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്‌റ്റോയിനിസ് സ്‌കോര്‍ 288ല്‍ എത്തിച്ചു. ഗ്ലെന്‍മാക്‌സ്‌വെല്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. അലക്‌സ് കാരി (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരം തോറ്റെങ്കിലും ഇന്ത്യന്‍ നിരയില്‍ 100 വിക്കറ്റ് എന്ന നാഴികക്കല്ല് ഭുവനേശ്വര്‍ കുമാറും, 10,000 റണ്‍സെന്ന റെക്കോര്‍ഡ് ധോണിയും മത്സരത്തില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 100 വിക്കറ്റ് തികക്കുന്ന 19-ാമത്തെ ഇന്ത്യന്‍ താരമാണ് ഭുവി. 333-ാമത്തെ ഏകദിനത്തിലാണ്10,000 റണ്‍സെന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ധോണി.